ഇടുക്കി: വന്യജീവിയായ നാട്ടാനയെ വളര്ത്തുമൃഗമാക്കിയ ഉത്തരവ് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ഇത്തരത്തിലുള്ള ഉത്തരവ് നിലവില്‍ കോടതികളില്‍ നടക്കുന്ന കേസിന് തിരിച്ചടിയാകുമെന്ന് കാട്ടി ജന്മഭൂമി എപ്രില്‍ 19ന് വാര്‍ത്ത നല്‍കിയിരുന്നു.
പിന്നാലെ സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡംഗം എം.എന്‍. ജയചന്ദ്രന് പരാതിയുമായി ഗവര്‍ണറെ സമീപിക്കുകയായിരുന്നു. ഇതിലാണ് നിലവില്‍ നടപടി വന്നിരിക്കുന്നത്.
ഉത്തരവില്‍ പറയുന്നതിങ്ങനെ: കൊറോണയുടെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍മൂലം വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പ്രതിസന്ധി നേരിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. ആനകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് അഞ്ച് കോടി രൂപ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്ക് അന്ന് അനുവദിച്ചത്.
എന്നാല്‍ ഉത്തരവില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം വസ്തുതാപരമായ ചില തെറ്റുകള്‍ ഉള്ളതായി കാണുന്നുവെന്നും ഷെഡ്യൂല്‍ ഒന്നില്‍ വരുന്ന ഇന്ത്യന്‍ ആന ഒരു വന്യജീവിയാണെന്നും മേല്‍പരാമര്‍ശിച്ചിരിക്കുന്ന ഉത്തരവിലെ ആനകളെ വളര്‍ത്തുമൃഗം എന്ന് പറയുന്നത് കേസുകളെ സ്വാധീനിക്കാനും അട്ടിമറിക്കാനും സാധിക്കുമെന്നും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഭേദഗതി നടത്തിയത്. ‘ആനകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്ത് മൃഗങ്ങള്‍ക്ക്’ എന്ന പരമാര്‍ശം നീക്കി ‘സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകള്‍ ഉള്‍പ്പെടെയുള്ള വളര്ത്ത മൃഗങ്ങള്‍ക്ക്’ എന്നാക്കിയാണ് ഉത്തരവ് ഭേദഗതി ചെയ്തത്.
ഗവര്‍ണറുടെ ഉത്തരവിന് പ്രകാരം അഡീ. സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. അതേസമയം വന്യജീവികളെ കൈവശം വെയ്ക്കുമ്പോള്‍ ഇവയെ കൃത്യമായി പരിപാലിക്കാന്‍ ഉടമകള്‍ക്ക് ശേഷിയുണ്ടാകണമെന്നാണ് ചട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: