സാര്‍വജനീനമായ വേദാന്താശയങ്ങളോട് ഇന്ന് പാശ്ചാത്യലോകമാകെ വലിയ താല്പര്യമാണ് കാണിക്കുന്നത്. ആധുനികശാസ്ത്രത്തിനും യുക്തിക്കും നിരക്കുന്ന വേദാന്തത്തിലെ അന്യൂനമായ തത്ത്വശാസ്ത്രമാണ് ഇതിനു കാരണം. പാശ്ചാത്യര്‍ വേദാന്തത്തോടും ഹഠയോഗയോടും കാണിക്കുന്ന ഈ താല്പര്യംകൊണ്ടുതന്നെ ഇന്ത്യയില്‍നിന്നുള്ള വേദാന്തപണ്ഡിതരും ഹഠയോഗികളും പാശ്ചാത്യരാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയും അവരില്‍ പലര്‍ക്കും വലിയ സ്വീകാര്യതയുണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ശരിയായ മതത്തോട് (മതമെന്നാല്‍ സാക്ഷാത്കാരമാണെന്ന വിവേകാനന്ദവചനം ഓര്‍ക്കുക) അഭ്യസ്തവിദ്യരെന്നു മേനിനടിക്കുന്ന ഭാരതീയര്‍ കാട്ടുന്ന ഉപേക്ഷാമനോഭാവവും, പാശ്ചാത്യര്തന്നെ കൈവിടാന്‍ നോക്കുന്ന അവരുടെ സംസ്കാരത്തിലെ ദുഷ്പ്രവണതകള്‍ ഭാരതീയര്‍ സ്വന്തമാക്കാന്‍ നോക്കുന്നതും പാശ്ചാത്യരെക്കൂടി അമ്പരപ്പിക്കുകയാണ്.
ലണ്ടന്‍ സര്‍വകലാശാലയിലെ സുപ്രസിദ്ധചരിത്രകാരനായ പ്രൊഫ. എ.എല്‍. ബാഷാം, 1964-ല്‍ ഇന്ത്യയില്‍ വന്നപ്പോള്‍ പത്രപ്രവര്‍ത്തകരോടു പറഞ്ഞു: ”പാശ്ചാത്യരുടെ സിനിമ, സാഹിത്യം, നൃത്തം, സംഗീതം എന്നിവ ഭാരതീയയുവാക്കളെ ആകര്‍ഷിച്ചിരിക്കുന്നു. യൂറോപ്പിലെ യുവാക്കള്‍ക്ക് ഈ സ്വാതന്ത്ര്യം യഥാര്‍ത്ഥസന്തോഷം നല്‍കിയിട്ടില്ല. പക്ഷെ ഇത്തരം സ്വാതന്ത്ര്യത്തില്‍നിന്നു സന്തോഷം ലഭിക്കുമെന്ന് ഇന്ത്യയിലെ യുവാക്കള്‍ ആശിക്കുന്നു. ഒന്നോ രണ്ടോ തലമുറകള്‍ കഴിയുമ്പോള്‍ അവര്‍ ഈ സ്വാതന്ത്ര്യം പിടിച്ചെടുത്തേക്കാം. സ്ത്രീപുരുഷന്മാര് തമ്മില്‍ ഇടപഴകുന്നതിലുള്ള നിയന്ത്രണം, പരമ്പരാഗതമായ വിവാഹസമ്പ്രദായം എന്നിവ ഇന്ത്യയിലെ കുടുംബങ്ങളെ സുദൃഢമാക്കിയിരിക്കുന്നു.
മറിച്ച് പാശ്ചാത്യരാജ്യത്തെ സ്വാതന്ത്ര്യം, മുഴുത്ത ഭോഗാസക്തിയായി തരംതാണിരിക്കുന്നു. കുടുംബങ്ങള്‍ ശിഥിലമാകുന്നു. ”പാശ്ചാത്യരുടെ അനുഭവംകൊണ്ടുതന്നെ യഥാര്‍ത്ഥത്തില്‍ തനി പാരതന്ത്ര്യമാണെന്നു വ്യക്തമായിരിക്കുന്ന ഈ ‘പാശ്ചാത്യസ്വാതന്ത്ര്യം’ ഇന്ത്യയിലെ യുവാക്കള്‍ കുറെയേറെ പിടിച്ചെടുത്തിരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇന്നു കാണാനുണ്ട്.
അതിനാല്‍ ഹിന്ദുമതത്തിലെ മഹാചാര്യന്മാരുടെ വാക്കുകളില്‍ വിശ്വാസമര്‍പ്പിക്കേണ്ട കാലം സമാഗതമായിരിക്കുന്നു. അല്പംപോലും സ്വാര്‍ത്ഥം മനസ്സിലില്ലാതെ, മനുഷ്യനു ശാന്തിയും ആനന്ദവുമേകാനായി ജീവിച്ചുപോയ ഈ മഹാത്മാക്കളുടെ വാക്കുകളുടെ വിശ്വാസ്യത സംശയിക്കുന്നവര്‍ ‘സംശയാത്മാ വിനശ്യതി’ (സംശയിക്കുന്നവന് നശിക്കുന്നു) എന്ന ശ്രീകൃഷ്ണഭഗവാന്റെ താക്കീത് ഓര്‍മ്മിക്കേണ്ടതാണ്. ”മനുഷ്യന് ഈശ്വരവിശ്വാസമില്ല. അതുകൊണ്ടാണ് അവന് ഏറെ കഷ്ടപ്പെടുന്നത്” എന്ന ശ്രീരാമകൃഷ്ണവാണി നമുക്കിവിടെ ഓര്‍ക്കാം. ”മഹാത്മാക്കളുടെ വാക്കുകളില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെ നീ എന്തു ചെയ്യും? ഋഷികളും മറ്റു പവിത്രവ്യക്തികളും നടന്ന വഴിയല്ലാതെ വേറെ വഴിയുണ്ടോ?” എന്ന് ശ്രീ ശാരദാദേവി ഒരു ശിഷ്യനോടു ചോദിക്കുന്നുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: