തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച 17,000 കിലോ ഈന്തപ്പഴം സംബന്ധിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങിയതോടെ ഇക്കാര്യത്തില്‍ ദുരൂഹതകളും സംശയങ്ങളും ഏറുകയാണ്. 2017 മേയ് 26ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് സ്വപ്ന സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ഈന്തപ്പഴം വിതരണം ഉദ്ഘാടനം ചെയ്തത്. സാമൂഹിക നീതിവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ 15 കുട്ടികള്‍ക്ക് മുഖ്യമന്ത്രി ഈന്തപ്പഴ പാക്കറ്റുകള്‍ നല്‍കിയായിരുന്നു ഉദ്ഘാടനം.
ഈന്തപ്പഴം അയച്ചത് കോണ്‍സുലേറ്റ് നേരിട്ട്
ഈന്തപ്പഴം ജില്ലകളിലേക്ക് അയച്ചത് കോണ്‍സുലേറ്റ് നേരിട്ടാണ്. കോണ്‍സുലേറ്റില്‍ എത്തിച്ച ഈന്തപ്പഴം ‘എവിടി’ പാഴ്സല്‍ സര്‍വീസ് വഴി ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്ക് അയക്കുകയായിരുന്നു. എന്നാല്‍ ഇത് ഏതൊക്കെ ജില്ലാ ഓഫീസര്‍മാര്‍ നേരിട്ട് കൈപറ്റി എന്നുള്ള വിവരം ലഭിച്ചിട്ടില്ല.
ഈന്തപ്പഴം കോണ്‍സുലേറ്റ് നേരിട്ട് ഉദ്യോഗസ്ഥര്‍ക്ക് അയച്ചതും ചട്ടലംഘനമാണ്. മൂന്നര വര്‍ഷത്തിനുള്ളില്‍ 17,000 കിലേഗ്രാം ഈന്തപ്പഴമാണ് യുഎഇ കോണ്‍സുലേറ്റിലേക്ക് എത്തിയത്. ഇതിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസ് കരുതുന്നത്. തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നികുതി ഇളവ് നല്കി കോണ്‍സുലേറ്റിലേക്ക് വരുന്ന സാധനങ്ങള്‍ പുറത്ത് നല്കാന് പാടില്ല. മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എത്തുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതി ഇളന് നല്‍കാനും പാടില്ല. ഇവിടെ എല്ലാ പ്രോട്ടോകോളുകളും ലംഘിക്കപ്പെട്ടിട്ടുണ്ട്.
സാമൂഹ്യ നീതി വകുപ്പ് മാത്രമല്ല
ഈന്തപ്പഴം വിതരണം ചെയ്തത് സാമൂഹിക നീതി വകുപ്പിന് കീഴലുള്ള സ്ഥാപനങ്ങളിലേക്ക് മാത്രമല്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ബഡ് സ്കൂളുകളിലടക്കമുള്ള സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ സ്പെഷല്‍ സ്കൂളുകളിലോ ബഡ്സ് സ്കൂളുകളിലോ ഔദ്യോഗികമായോ അനൗദ്യോഗികമായോ ഈന്തപ്പഴം വിതരണം ചെയ്തിട്ടില്ലെന്നാണ് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന്റെ (ഡിജിഐ) ഓഫിസില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതിന്റെ കണക്കുകള്‍ കൂടി ലഭിച്ചാല്‍ മാത്രമേ വിതരണം ചെയ്ത ഈന്തപ്പഴവും ഇറക്ക് മതി ചെയ്തവയുടെയും ഭാരം കണക്കാക്കാനാകൂ. കോണ്‍സുലേറ്റിലേക്ക് നേരിട്ട് എത്തിച്ച ശേഷംം വിതരണം ചെയ്തതിനാല്‍ സ്വര്‍ണം അടക്കമുള്ള വസ്തുക്കള്‍ ഉണ്ടെങ്കില്‍ അത് മാറ്റിയിരിക്കും എന്ന നിഗമനത്തിലാണ് കസ്റ്റംസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: