ന്യൂദല്‍ഹി: സ്വാതന്ത്ര്യലബ്ദിക്ക് ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം ലക്ഷ്യമിട്ട് കാര്‍ഷിക ബില്ലുകള്‍ പാസാക്കി പാര്‍ലമെന്റ്. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ഇന്നലെ ബില്ലുകള്‍ പാസായി.
വിലസ്ഥിരതയും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച (ശാക്തീകരണവും സംരക്ഷണവും) കരാര്‍ ബില്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, വ്യാപാരം, വാണിജ്യം(പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍, അവശ്യവസ്തുക്കളുടെ ഭേദഗതി ബില്‍ എന്നിവയാണ് ഇരുസഭകളും പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ ബില്ലുകള്‍ നിയമമാവും.
കാര്‍ഷിക മേഖലയുടെ ശാപമായ ഇടനിലക്കാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലുകള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ ഇന്നലെ നടത്തിയത്. ബില്‍ നീട്ടിവയ്ക്കണണെന്ന പ്രതിപക്ഷ ആവശ്യം തള്ളി ബില്‍ പാസാക്കുന്നതിലേക്ക് കടന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെ ആക്രമിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രെയിന്റെ നേതൃത്വത്തിലുള്ള സംഘം തയാറായി. പേപ്പറുകള്‍ കീറി ഉപാധ്യക്ഷന്റെ മുഖത്തേക്ക് വലിച്ചെറിയുകയും ടേബിളിലെ മൈക്കുകള്‍ നശിപ്പിക്കുകയും ചെയ്തു. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളും ലംഘിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ എംപിമാരുടെ സമരാഭാസം.
ബില്ലുകളിന്മേല് നടന്ന ചര്‍ച്ചയ്ക്ക് ശേഷം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ മറുപടി പറഞ്ഞതിന് പിന്നാലെ ബില്‍ പാസാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് സഭാധ്യക്ഷന് കടന്നപ്പോഴായിരുന്നു പ്രതിപക്ഷ ബഹളം. ആദ്യം സഭ ഒരുമണി കഴിഞ്ഞ് സമ്മേളിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു ബഹളം. എന്നാല്‍ പിന്നീട് ബില്ല് ശബ്ദവോട്ടോടെ പാസാക്കിയപ്പോള്‍ അതിന്റെ പേരിലായി പ്രതിഷേധം. ഇതിനിടെ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളാണ് അതേപടി കേന്ദ്രസര്‍ക്കാര്‍ ബില്ലായി കൊണ്ടുവന്നതെന്ന വിവരം പുറത്തുവന്നത് അനാവശ്യ പ്രതിഷേധവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നാണക്കേടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: