നീലേശ്വരം: മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ കൂടുതല്‍ വിദഗ്ധ ചികിത്സാ വിഭാഗം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ശിശുരോഗ വിഭാഗവും, സ്ത്രീരോഗ വിഭാഗവും ജനറല്‍ മെഡിസിനും മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. അതില്‍ ഒരു പ്രസവം പോലും ഇവിടെ നടന്നിട്ടില്ലെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്.
ഒരു ഡോക്ടറെ മാത്രമാണ് സ്ത്രീരോഗ വിഭാഗത്തില്‍ നിയമിച്ചിട്ടുള്ളത്. ചുരുങ്ങിയത് മൂന്ന് സ്ത്രീരോഗ വിദഗ്ധരെങ്കിലും ഇല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട പ്രസവചികിത്സ പ്രായോഗികമല്ലെന്നിരിക്കെയാണ് പേരിനൊരു നിയമനം നടത്തിയുള്ള അധികൃതരുടെ പ്രഹസനം. നീലേശ്വരം നഗരസഭയിലും കിനാനൂര്‍ കരിന്തളം, കോടോംബേളൂര്‍ തുടങ്ങി ആറു പഞ്ചായത്തിലുമായിട്ടുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയോടാണ് സര്‍ക്കാറിന്റെ ഈ അവഗണന.
നിലവില്‍ നിയമിക്കപ്പെട്ട ഡോക്ടറാകട്ടെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ജനറല്‍ മെഡിസിനില്‍ നിയമിച്ച ഡോക്ടര്‍ ഡി.എം.ഒ. ഓഫീസ് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു. ഡോ. വി.സുരേശിന്റെ നേതൃത്വത്തില്‍ ശിശുരോഗ വിഭാഗം മാത്രമാണ് വിദഗ്ധ വിഭാഗത്തില്‍ ആശുപത്രിയില്‍ ചൂണ്ടിക്കാട്ടാനുള്ളത്. നേത്രരോഗം, അസ്ഥിരോഗം, ത്വഗ്രോഗം, ഇ.എന്‍.ടി. എന്നിങ്ങനെ വിദഗ്ധ ചികിത്സയും എക്സറേയ്ക്കും സര്‍ജറിക്കുമായുള്ള സൗകര്യവും ആശുപത്രിയില്‍ വേണമെന്നുള്ള ആവശ്യം ശക്തമാണ്.
ഡയാലിസിസ് കേന്ദ്രം അനുവദിച്ചിട്ട് കാലമേറെയായെങ്കിലും ഇതുവരെയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. നേരത്തെ മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിച്ച വൃക്കരോഗികള്‍ക്ക് കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഡയാലിസിസ് ചെയ്യേണ്ടതിന് അടിയന്തര സൗകര്യമൊരുക്കണമെന്നിരിക്കെയാണ് ഈ മെല്ലെപ്പോക്ക്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡാണ് 2.17 കോടി രൂപ ചെലവിട്ട് ആശുപത്രിക്ക് കെട്ടിടം പണിയാനായി അനുവദിച്ചത്.
രണ്ടുനിലകളിലായുള്ള കെട്ടിടത്തില്‍ ആറ് വാര്‍ഡുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ കൂടാതെ പാലിയേറ്റീവ് കെയറിനായുള്ള മുറി തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. ഇതിന്റെ വയറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വൈദ്യുതി കൂടി സജ്ജീകരിക്കല്‍ പ്രവൃത്തി മാത്രമേ ബാക്കിയുള്ളുവെങ്കില്‍ കൂടിയും കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണിവിടെ. നിലവില്‍ 42 കിടക്കകള്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. പുതുതായി തുടങ്ങിയ ഡി അഡിക്ഷന് സെന്ററില്‍ ഒന്‍പത് കിടക്കകള്‍ മാത്രമേയുള്ളൂ. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് കാലങ്ങളായെങ്കിലും അതില്‍ വേണ്ട അടിസ്ഥാന ചികിത്സാവിഭാഗം പോലുമില്ലെന്നതാണ് ഇവിടത്തെ സ്ഥിതി. കെട്ടിടം തുറന്നു കൊടുത്താല്‍ വിദഗ്ധ ചികിത്സയ്ക്കുള്‍പ്പെടെയുള്ള സ്ഥലം ഉണ്ടെന്നിരിക്കെയാണ് സര്‍ക്കാര്‍ ആശുപത്രിയുണ്ടായിട്ടും മലയോരത്തടക്കമുള്ള സാധാരണക്കാര്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ടി വരുന്നത്. കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ നിയമിച്ചെങ്കില്‍ മാത്രമേ ഉപകാരപ്രദമാകുവെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: