ന്യൂദല്‍ഹി : രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക ബില്‍ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടിലൂടെയാണ് ബില്ലുകള്‍ പാസാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ കുപ്രചരണങ്ങളെ വകവെയ്ക്കാതെയാണ് കാര്‍ഷികവിള വിപണന വാണിജ്യ ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കിയത്.
കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകള്‍. കാര്‍ഷിക വിളകള്‍ വില്‍ക്കാനുള്ള ചന്തകള്‍ക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകള്‍ വില്ക്കാന് സ്വാതന്ത്ര്യം നല്‍കുന്നതാണ് കാര്‍ഷിക ബില്‍. വിളകള്‍ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് രണ്ടാമത്തെ ബില്‍.
ഉത്പ്പാദനം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കര്‍ഷകരെ സഹായിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബില്‍. കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയാണ് രാജ്യസഭ പാസാക്കിയത്.
അതേസമയം കാര്‍ഷിക ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളും രാജ്യസഭയില്‍ അരങ്ങേറി. രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിന് സമീപത്തെത്തിയ പ്രതിഷേധക്കാര്‍ ബില്ലിന്റെ കോപ്പികള്‍ കീറിയെറിയുകയും രാജ്യസഭാ ഉപാധ്യക്ഷന്റെ മുമ്പിലുണ്ടായിരുന്ന മൈക്ക് നശിപ്പിക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാനാണ് കാര്‍ഷിക ബില്‍ കീറിയെറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: