തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ആണ് റെഡ് അലേര്‍ട്ട്. വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യോള്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമാകും. ഇന്നും നാളെയും അതിതീവ്ര മഴക്കും സാധ്യതയുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 2376.68 ആയി. അണക്കെട്ടിന്റെ ആകെ സംഭരണശേഷിയുടെ 80.57 ശതമാനമാണിത്. മുല്ലപ്പെരിയാറില്‍ 125.75 അടിയായി ജലനിരപ്പ് ഉയര്‍ന്നു.
മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരില്‍ മലയോര മേഖലകളില്‍ രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെ ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടു. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള ജില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.
നീരൊഴുക്ക് കൂടിയതിനാല്‍ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. മണ്ണാര്‍ക്കാട് ഉള്‍പ്പെടെ മലയോര മേഖലകളില്‍ ഉള്ളവരെ അകലെയുള്ള ബന്ധു വീടുകളിലേക്ക് മാറാന്‍ ഇന്നലെത്തന്നെ നിര്‍ദേശം നല്‍കിയിരുന്നു. അട്ടപ്പാടിയിലെ ഭവാനി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാട്ടില്‍ അകപ്പെട്ട് പോയ തണ്ടര്‍ ബോള്‍ട്ട് സംഘം ഇന്ന് തിരിച്ചെത്തും.
എറണാകുളം അങ്കമാലി നഗരസഭയിലെ മങ്ങാട്ടുകര പ്രദേശത്ത് അതിശക്തമായ കാറ്റില്‍ വ്യാപക കൃഷിനാശം ഉണ്ടായി. വൈകിട്ടോടെ ഉണ്ടായ അതിശക്തമായ കാറ്റില്‍ രണ്ടു വീടുകളിലേക്ക് വന്മരങ്ങള് കടപുഴകി വീണു. കൂടാതെ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരം വീണ് കമ്പികള്‍ പൊട്ടിയതിനാല്‍ ഇലട്രിക് പോസ്റ്റുകള്‍ റോഡിന് കുറുകെ ഒടിഞ്ഞു വീണ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: