കാളപെറ്റെന്നു കേട്ടാല്‍ കയര്‍ എടുക്കുന്ന കേരളത്തില്‍, ആനയെ കണ്ട അന്ധന്മാര്‍എല്ലാവരും,’അഞ്ജനമെന്നതു ഞാനറിയുംനല്ല മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന മുദ്രാവാക്യം മുഴക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ കുത്തകകളെ സഹായിക്കുമെന്ന് കുപ്രചരണം നടത്തുകയാണ്. നാളിതുവരെ ഭാരതത്തില്‍ കുത്തകകള്‍ കയ്യടക്കിയിരുന്ന കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നവയാണ് കേന്ദ്രം പാസാക്കിയ പുതിയ കാര്‍ഷിക ബില്ലുകള്‍ എന്ന് കാണാം. കര്‍ഷകരില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്ന ഗ്രാമത്തിലെ ഏജന്റുമാരും അതിനു മുകളില്‍ നഗരത്തിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന ഇടത്തരം ഏജന്റുമാരും, നഗരത്തിലെ ചെറുകിട സ്റ്റോക്കിസ്റ്റുകളും അവരുടെ മുകളില്‍ വന്‍കിട കുത്തകകളും അരങ്ങുവാണിരുന്ന 70 ആണ്ടുകള്‍ക്കു ശേഷം, ഭാരതത്തിലെ കര്‍ഷകര്‍ ഇന്ന് സ്വാതന്ത്ര്യം നേടിയിരിക്കുകയാണ്.
മോദി ഗവണ്‍മെന്റിന്റെ ഏതൊരു പരിഷ്‌കരണങ്ങളും ആദ്യം എതിര്‍ക്കപ്പെട്ട അതേ ശൈലിയില്‍ തന്നെയാണ് ഇത്തവണയും വാദകോലാഹലങ്ങള്‍ ഉയരുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദന സ്ഥലത്തുതന്നെ വിറ്റഴിക്കേണ്ട ഗതികേടില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ കര്‍ഷകര്‍ മോചനം പ്രാപിച്ചിരിക്കുന്നു. ഉയര്‍ന്ന വില ലഭിക്കുന്ന ഭാരതത്തിലെ ഏതൊരു മാര്‍ക്കറ്റിലേക്കും തന്റെ ഉല്‍പ്പന്നം ഇന്ന് കര്‍ഷകര്‍ക്ക് വില്‍ക്കുവാന്‍ അധികാരം ലഭിച്ചിരിക്കുകയാണ്. ഇതു കൂടാതെ എജന്റുകള്‍ വഴി കര്‍ഷകര്‍ക്ക് സ്വന്തമായി സംഭരണശാലകളും കോള്‍ഡ് സ്റ്റോറേജുകളും നിര്‍മിച്ച് മാസങ്ങളോളം തങ്ങളുടെ ഉത്പന്നങ്ങള്‍ സൂക്ഷിച്ചു വയ്‌ക്കാനും വില ഉയരുമ്പോള്‍ വില്‍ക്കാനും സാധിക്കും. താങ്ങുവില സമ്പ്രദായം എടുത്തുകളയും എന്നൊക്കെയാണ് മറ്റൊരു കള്ളപ്രചരണം.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തൊഴിലുറപ്പുപദ്ധതി നിര്‍ത്തലാക്കുമെന്ന പ്രചാരണം പോലെ മാത്രമാണ് ഇത്. തൊഴിലുറപ്പ് പദ്ധതിയുടെ കൂലി ഇരട്ടിയാക്കിയത് പോലെയും, നേരിട്ട് തൊഴിലാളികള്‍ക്ക് കൂലി അവരുടെ അക്കൗണ്ടില്‍ ലഭിച്ചത് പോലെയും കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമാണ് വരാന്‍ പോകുന്നത്.
അടുത്ത കള്ളപ്രചാരണം ഭൂമിയെല്ലാം കുത്തകകള്‍ സ്വന്തമാക്കും എന്നാണ്. കിസാന്‍ സമ്മാന്‍ നിധി വാങ്ങിയാല്‍ ഭൂമിയെല്ലാം കേന്ദ്ര ഗവണ്‍മെന്റ് സ്വന്തമാക്കും എന്ന കുപ്രചാരണം പോലെ മാത്രമാണ് ഇത്. കുത്തകകള്‍ കടന്നുവന്ന് ആദ്യംവലിയ വില നല്‍കി കാര്‍ഷിക വിളകള്‍ ശേഖരിക്കും .പിന്നീട് ഗ്രാമച്ചന്തകള്‍ അസ്തമിക്കും. അപ്പോള്‍ കുത്തകകള്‍ വിളകള്‍ക്ക് വില കുറയ്‌ക്കും. കര്‍ഷകര്‍ പട്ടിണികിടന്നു മരിക്കും. എന്നൊക്കെയുള്ള നുണകളാണ് ഇന്ന് പ്രചരിപ്പിക്കുന്നത്. കാര്‍ഷികോല്പന്ന കമ്പോള സമിതി (എപിഎംപി) ഇല്ലാതെയാകും എന്നാണ് മറ്റൊരു കുപ്രചാരണം. കേരളം ഉള്‍പ്പെടെ ഏറെ സംസ്ഥാനങ്ങളും നടപ്പിലാക്കാത്ത പദ്ധതിയാണ് എപിഎംപി. പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളിലും മാത്രം നടക്കുന്ന ഇന്നത്തെ സമരം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണ്. സിഎഎ വന്നാല്‍ ന്യൂനപക്ഷങ്ങള്‍ രാജ്യം വിട്ടുപോകണമെന്ന് കള്ളപ്രചാരണം പോലെ തന്നെയാണ് ഇത്. പഞ്ചാബിലും ഹരിയാനയിലും ബ്ലേഡ് പലിശക്കാര്‍ കര്‍ഷകര്‍ക്ക് കടം കൊടുത്ത ശേഷം കുറഞ്ഞവിലയ്‌ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിച്ചിരുന്നു. ഇവരെ രജിസ്‌ട്രേഡ് ഏജന്റുമാര്‍ എന്നാണ് വിളിക്കുന്നത്. 28,000 രജിസ്‌ട്രേഡ് ഏജന്റുമാര്‍ എന്ന ബ്ലേഡ് മാഫിയകളാണ് ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ക്ക് വിള ഇറക്കാന്‍ പണം കടം കൊടുക്കുന്നത്. അവരുടെ ബ്ലേഡ് കമ്പനികള്‍ പൂട്ടി പോകാതിരിക്കാനുള്ള അടവുനയം മാത്രമാണ് ഇന്നുകാണുന്ന കര്‍ഷകപ്രക്ഷോഭം. പഞ്ചാബിലെ അകാലിദളും ഹരിയാനയിലെ ജെജെപിയും ഇത്തരം ബ്ലേഡ് കമ്പനിക്കാരെ ആശ്രയിച്ചു നില്‍ക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ രാഷ്‌ട്രീയ നിലപാടുകളെ ബിജെപി സര്‍ക്കാര്‍ കാര്യമാക്കുന്നില്ല. മറ്റൊരു ആരോപണം വരുംകാലത്ത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കും എന്നാണ്. തുടര്‍ന്ന് സ്വകാര്യ കമ്പനികള്‍ക്ക് പണം കൊടുത്തു കര്‍ഷകര്‍ കൃഷി സംരക്ഷിക്കേണ്ടി വരുമെന്നും അവരെ ഭയപ്പെടുത്തുകയാണ്.
പരമ്പരാഗത സമ്പ്രദായം നിര്‍ത്തലാക്കപ്പെട്ടു എന്നുള്ളത് സത്യമാണ്. പരമ്പരാഗത സമ്പ്രദായം കര്‍ഷകരെ ചൂഷണം ചെയ്യുന്ന ബ്ലേഡ് മാഫിയകളുടെയും കുത്തകകളുടെയും കൊള്ളയാണ്. അത്തരം കര്‍ഷക ദ്രോഹികള്‍ ആയ കൊള്ളക്കാരുടെ കാലഘട്ടം അവസാനിക്കുകയാണ്.
എഫ്‌സിഐയുടെ ഭക്ഷ്യസംഭരണം നിര്‍ത്താന്‍ പോകുന്നു എന്നുള്ളതാണ് വേറൊരു ആരോപണം. ഇത് മറ്റൊരു പെരും നുണയാണ്. എഫ്‌സിഐയുടെ ഭക്ഷ്യ സംഭരണത്തിന് ഇടനിലക്കാരായി നില്‍ക്കുന്ന ഏജന്റു മാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആറു ശതമാനം കമ്മീഷന്‍ ഇനി മുതല്‍ കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കും. ഈ സത്യം മൂടി വയ്‌ക്കുന്ന ഇടനിലക്കാരും ഏജന്റുമാരും ആണ ്കര്‍ഷകരെ പറഞ്ഞു ഭയപ്പെടുത്തി പ്രക്ഷോഭത്തിന് ഇറക്കുന്നത്.
എപിഎംസികളുടെ ചന്തകള്‍ക്ക് യൂസേഴ്‌സ് ഫീ പിരിക്കാനുള്ള ഇരകളായിരുന്നു ഇത്രയും നാളും കര്‍ഷകര്‍. എന്നാല്‍ ഇന്ന് അവര്‍ക്ക് സ്വന്തമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യം മുഴുവന്‍ വില്‍ക്കാന്‍ കഴിയുമെന്നു വന്നപ്പോള്‍ കുത്തകകള്‍ക്ക് ആണ് നഷ്ടമുണ്ടായത്. ആ കുത്തകകളും അവരുടെ ഇടനിലക്കാരും ആണ് ഇന്ന് ഈ പ്രക്ഷോഭത്തിന് വഴിമരുന്നിടുന്നത്. ഇത്തരം കള്ളപ്രചാരണങ്ങള്‍ ആളിക്കത്തിച്ചു കൊണ്ടാണ് പ്രതിപക്ഷ കക്ഷികള്‍ ബിജെപി ഗവണ്‍മെന്റിനെതിരെ കേരളത്തില്‍ മാത്രമുള്ള അഖിലേന്ത്യാ ബന്ദിന് കോപ്പ് കൂട്ടുന്നത്.
അഡ്വ. എസ്. ജയസൂര്യന്‍
(സംസ്ഥാന പ്രസിഡണ്ട്, കര്‍ഷകമോര്‍ച്ച)
പ്രതികരിക്കാൻ ഇവിടെ എഴുതുക: