മാലി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2019 ജൂലൈ മാലിദ്വീപ് സന്ദര്‍ശന വേളയിലാണ്ഇരു രാജ്യങ്ങളും തമ്മിലുള്ള കടല്‍ ഗതാഗത ചരക്ക് സേവനങ്ങള്‍ സ്ഥാപിക്കുവാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നത്. ഭാരത സര്‍ക്കാര്‍, ഷിപ്പിംഗ് മന്ത്രാലയം, മാലദ്വീപ് ഗതാഗത, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എന്നിവയും സംയുക്തമായി നടത്തിയ സാധ്യതാ പഠനങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ പദ്ധതി യാഥാര്‍ഥ്യ മാക്കുന്നതിന്റ്റെ ചാരിതാര്‍ഥ്യത്തിലാണ് ഇരു രാജ്യങ്ങളും. കൊച്ചി, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നും മാലിദ്വീപിന്റ്റെ വടക്ക് ഭാഗത്തുള്ള തിലാധുന്‍മതി അറ്റോളിലെ ഹാ-ധാലു അറ്റോള്‍ അഡ്മിനിസ്ട്രേറ്റീവ് ഡിവിഷന്റ്റെ തലസ്ഥാനമായ കുളുദുഫുഷിയിലേക്കാണ് സെപ്റ്റംബര്‍ 20 മുതല്‍ സര്‍വീസ് ആരംഭിക്കുക.
പരമ്പരാഗതമായി മാലിദ്വീപിന്റ്റെ വ്യാപാര രാജ്യമാണ് ഇന്ത്യ. 2019 ല്‍ മൊത്തം (MVR)4.47 ബില്യണ്‍ മൂല്യാധിഷ്ഠിത ചരക്കുകള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള (Government-to-Government) G2G കരാറുകള്‍ക്ക് പുറമെ, ഭക്ഷ്യ ഉല്പന്നങ്ങള്,പച്ചക്കറികള്‍, അസംസ്കൃത വസ്തുക്കള്‍ പാനീയങ്ങള്‍, മരുന്നും മറ്റു ആരോഗ്യ ഉപകരണങ്ങളും, ശുചിത്വ ഉല്‍പ്പന്നങ്ങള്‍, വസ്ത്ര വ്യാപാരം, തുണിത്തരങ്ങള്‍, എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, കോര്‍പ്പറേറ്റ് സെക്ടറില്‍ രാജ്യത്തിന്റ്റെ ഇറക്കുമതിയുടെ 18.1% (536 ദശലക്ഷം യുഎസ് ഡോളര്‍) യുണൈറ്റഡ് അറബ് എമിറേറ്റ്സും16.4% ചൈനയും (488 ദശലക്ഷം യുഎസ് ഡോളര്‍) 12.4% സിംഗപ്പൂരും മലേഷ്യ 7.84% ഉം ശ്രീലങ്ക,തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങള്‍ 5% ഉം കൈയടക്കുമ്പോള്‍ വെറും 500 കിലോ മീറ്റര്‍ മാത്രം അടുത്ത് കിടക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി 9.68 – 10.60% (290 ദശലക്ഷം യുഎസ് ഡോളര്‍) ആണ്. ഇന്ത്യയില്‍ ഇന്ന് ആരംഭിക്കുന്ന കടല്‍ ഗതാഗത യാത്ര സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ മാലിദ്വീപിന്റ്റെ വടക്കന്‍ ദ്വീപുകളിലേക്കുള്ള സജീവമായ ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നതിനും അതിനുള്ള ഒരു പുതിയ പ്ലാറ്റ്ഫോം സ്ഥാപിക്കുക വഴി, കൂടുതല്‍ സംരംഭകരെ അതില്‍ പങ്കാളികളാകാന്‍ അവസരം നല്‍കുകയും ടൂറിസം ഉളപ്പടെയുള്ള മേഖലകളില്‍, പ്രത്യേകിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പരസ്പര സഹകരണത്തിന്റ്റേതായ മത്സരാധിഷ്ഠിത വിപണി വളര്‍ത്തുവാനും ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു. കൂടാതെ മാലദ്വീപ് കയറ്റുമതിക്കാര്‍ക്ക് കൊച്ചി, തൂത്തുക്കുടി,തുടങ്ങിയ വിവിധ കയറ്റുമതി വിപണികളുമായി ബന്ധപ്പെടാനും വിപണി വിപുലീകരിക്കാനും ഈ പദ്ധതി അവസരം നല്കുന്നു.
വാണിജ്യ വികസന മേഖലകളും പ്രതീക്ഷിക്കുന്ന നേട്ടങ്ങളും :
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍: പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വടക്കന്‍ മാലിദ്വീപിലെ വ്യാപാരികള്‍ ചരക്ക് സേവന മേഖലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുകയാണ്, രാജ്യ തലസ്ഥാനമായ മാലിയില്‍ നിന്ന് വടക്കന്‍ അറ്റോളുകളിലേക്കുള്ള കടല്‍ ഗതാഗത ബുദ്ധിമുട്ടുകളും സേവന വേതന, വ്യാപാര വ്യവസ്ഥിതികളും വിപണിയുടെ വിലവര്‍ധനയിലേയ്ക്കും നികുതി വര്‍ദ്ധനവുകള്‍ക്കും കാരണമാകുന്നുണ്ട്. എന്നാല്‍ വടക്കന്‍ മേഖലയിലെ തന്ത്ര പ്രധാനമായ ഹാ ധാലു അറ്റോള്‍ അഡ്മിനിസ്ട്രേറ്റീവ് ഡിവിഷന്റ്റെ തലസ്ഥാനമായ കുളുദുഫുഷിയിയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നേരിട്ടെത്തുന്നതോടെ മേഖലയിലേക്കുള്ള കസ്റ്റംസ് ഡ്യൂട്ടിയിലും വരുമാന വിതരണത്തിലും മാറ്റം വരാന്‍ സാധ്യതയുണ്ട്.
പൊതു വ്യാപാരവും ഇറക്കുമതിയും:
ജിഡിപിയുടെ 77.18% ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതിയിനത്തില്‍ താരതമ്യേന ഉയര്‍ന്ന ശരാശരി നിലനിര്‍ത്തുന്ന മാലിദ്വീപിലെ, വ്യാപാരികള്‍ക്ക് ജലഗതാഗത, കയറ്റുമതി സേവനം ഉപയോഗിച്ച് വര്‍ധിച്ചു വരുന്ന ആഭ്യന്തര ചെലവ് കുറയ്ക്കാന്‍ സാധിക്കും, കൊച്ചിയില്‍ നിന്നും തൂത്തുക്കുടിയില്‍ നിന്നുമുള്ള ഇറക്കുമതി ദുബായ്, ശ്രീലങ്ക വഴിയുള്ള ചരക്ക് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ലാഭകരമായിരിക്കുമെന്നും അതോടൊപ്പം ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെ വില രാജ്യതലസ്ഥാനമായ മാലിയിയുമായും ഇന്ത്യന്‍ വിപണിയിയുമായും കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാനും സാധിക്കുമെന്നും മാലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ. സഞ്ജയ് സുധീര്‍ അഭിപ്രായപപ്പെട്ടു.
കയറ്റുമതി:
2019 ല്‍ മാലിദ്വീപില്‍ നിന്ന് ഇന്ത്യയിലേക്ക് മൊത്തം (എംവിആര്‍) 8 ദശലക്ഷത്തിന്റ്റെ കയറ്റുമതി ഉണ്ടായിരുന്നു. ഇതില്‍ സ്ക്രാപ്പ് മെറ്റല്‍/ഫെറസ് മാലിന്യവും സ്ക്രാപ്പും; ഇരുമ്പിന്റ്റെയോ ഉരുക്കിന്റ്റെയോ സ്ക്രാപ്പ് ഇംഗോട്ടുകള്‍ എന്നിവ (എംവിആര്‍) 7.6 ദശലക്ഷം വരും. അതുകൊണ്ടു തന്നെ മാലിയുടെ വടക്കന്‍ മേഖലയില്‍ നിന്ന് നേരിട്ട് സ്ക്രാപ്പ് ലോഹങ്ങളുടെ പുനരുപയോഗം അല്ലെങ്കില്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഫെറി സേവനം സഹായിച്ചേക്കാം. തായ്ലന്ഡ്, യു.കെ,ജര്‍മനി, ഫ്രാന്‍സ് തുടങ്ങി രാജ്യങ്ങളുള്‍പ്പടെ വ്യാപിച്ചു കിടക്കുന്ന മത്സ്യാധിഷ്ഠിത/ട്യൂണ ഉല്‍പ്പന്നങ്ങള്‍ക്ക് ‘ഫെലിവാറു’ മത്സ്യ സംസ്കരണ യൂണിറ്റുകളില്‍ നിന്ന് ഇന്ത്യയില്‍ വിപണി കണ്ടെത്താനും സാധിക്കും.
ചില്ലറ വ്യാപാരം:
പഴങ്ങള്‍ / പച്ചക്കറികള്‍,മരുന്ന്,വസ്ത്ര വ്യാപാരം,കെട്ടിട നിര്‍മാണ അസംസ്കൃത വസ്തുക്കള്‍, സിമന്റ്റ്, ലോഹങ്ങള്‍, കടല്‍ ഭിത്തി നിര്‍മിത സ്ളാബുകള്‍,തുടങ്ങി അവശ്യ വസ്തുക്കളിലും ഉയര്‍ന്ന ഗുണനിലവാരമുള്ള ചില്ലറ വ്യാപാര മേഖലയിലിലും വ്യാപാരികള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിലൂടെ പ്രാദേശിക വ്യാപാരികള്‍ക്കും മാലിദ്വീപിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും ഇന്ത്യയിലേക്കുള്ള നിരക്ക് കുറഞ്ഞ യാത്ര സൗകര്യങ്ങള്‍ പ്രയോജനപെടുത്താന്‍ കഴിയും. മാലിദ്വീപിന്റ്റെ വടക്കേയറ്റത്തെ ഹനിമാധൂ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഇന്ത്യ വരെയുള്ള ഉയര്‍ന്ന വിമാന യാത്രാ ചെലവ് നേരിടുന്ന വടക്കന്‍ ദ്വീപുകാര്‍ക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്.
ടൂറിസം
മാലിദ്വീപിന്റ്റെ ചരിത്രത്തില്‍ ആദ്യമായി 1.7 ദശലക്ഷം വിനോദസഞ്ചാരികളുടെ വരവോടെ കടന്നുപോയ 2019 ലെ ടൂറിസം ഭൂപടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി,166,015 സഞ്ചാരികള്‍ അയല്‍രാജ്യത്ത് നിന്ന് എത്തി.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് 83.5 ശതമാനം വര്‍ധനവാണ്. നിലവില്‍ 5 ഇന്ത്യന്‍ നഗരങ്ങളുമായി വ്യോമയാന ഗതാഗത മേഖലയില്‍ ഇന്ത്യ ബന്ധപ്പെട്ടിരിക്കുന്നു. അതിന്റ്റെ ഭാഗമായി ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ വരവ് കുതിച്ചുയര്‍ന്ന് മൂന്നാം സ്ഥാനത്തെത്തി, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്തേയ്ക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനയുണ്ടായി. അതുകൊണ്ടു തന്നെ വടക്കന്‍ അറ്റോളുകളിലെ അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ടൂറിസം വ്യവസായത്തിന് ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ് പ്രത്യാശ പ്രകടിപ്പിച്ചു. ഇരു മേഖലകളും തമ്മില്‍ കൂടുതല്‍ മതിയായ പാസഞ്ചര്‍ ഫെറി സേവനം കൂടെ ആരംഭിക്കുന്നതോടെ വരും ഭാവിയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ടൂറിസം രംഗത്ത് പരസ്പര സഹകരണവും വികാസവുമുണ്ടാക്കാന്‍ സാധിക്കും.
പദ്ധതി നടത്തിപ്പിന്റ്റെ ഭാഗമായി ഇന്ത്യന്‍ അംബാസിഡര്‍ . സഞ്ജയ് സുധീറും മാലിദ്വീപിലെ ഗതാഗത, സിവില്‍ ഏവിയേഷന്‍ മന്ത്രി ഐഷത്ത് നഹുലയും വിവിധ നയതന്ത്ര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കാര്‍ഗോ ഫെറി വെസ്സല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കപ്പലിന് 380 ടി.ഇ.യുവും 3000 മെട്രിക് ടണ്‍ ബള്‍ക്ക് കാര്‍ഗോയും ശീതീകരിച്ച ചരക്കുകളുടെ റഫര്‍ പ്ലഗുകളും ഉണ്ട്.സെപ്റ്റംബര്‍ 20 ന് തൂത്തുക്കുടിയില്‍ നിന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റ്റെ ജോയിന്റ്റ് സെക്രട്ടറി അമിത് നാരംഗ് ഷിപ്മെന്റ്റ് ഫ്ലാഗ് ഓഫ് ചെയ്യും. സെപ്റ്റംബര്‍ 22 ന് കൊച്ചിയില്‍ എത്തി, മാലിദ്വീപിലേക്കുള്ള യാത്ര ആരംഭിക്കുമെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. സര്‍വീസിന്റ്റെ ആദ്യ കപ്പല്‍ സെപ്റ്റംബര്‍ 26 ന് മാലിദ്വീപില്‍ എത്തിച്ചേരും, ഒക്ടോബര്‍ 1 ന് ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യയും മാലിദ്വീപും തമ്മില്‍ നേരിട്ടുള്ള സമര്‍പ്പിത ചരക്ക് ജലഗതാഗത സേവനം ആരംഭിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭൗമ-സാമ്പത്തിക ബന്ധങ്ങളിലെ സുപ്രധാന നാഴികക്കല്ലാകുമെന്ന് ജോയിന്റ്റ് സെക്രട്ടറി അമിത് നാരംഗ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: