Categories: Kasargod

ഒരു ഗ്രാമം കവര്‍ന്നെടുത്ത് ക്വാറി മാഫിയ; ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ മലയോരം; ജനങ്ങളുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കി ബിജെപി

Published by

പുങ്ങംചാല്‍ (കാസര്‍കോട്): മലയോരത്തെ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാക്കി ക്വാറി മാഫിയ. വെസ്റ്റ് എളേരി പഞ്ചായത്തിലെ ചീര്‍ക്കയത്താണ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കരിങ്കല്‍ ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നത്. കനത്ത മഴ തുടരുന്ന യോരത്ത് അടുത്തിടെ മൂന്ന് തവണ ഉരുള്‍പൊട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ഭീഷണിയായ ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ ബിജെപിയുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങി. പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്രഷറിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.  

പുങ്ങംചാലില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ചീര്‍ക്കയം ക്രഷറിന് മുന്നില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ  ബിജെപി മണ്ഡലം പ്രസിഡന്റ് സി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. മലയോരത്ത് ഉരുള്‍പ്പൊട്ടലുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ക്രഷര്‍ എത്രയും പെട്ടന്ന് അടച്ചു പൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി മതിയായ അനുമതികളില്ലാതെയാണ് ക്രഷര്‍ പ്രവര്‍ത്തിക്കുന്നത്.  

പഞ്ചായത്ത് ഭരണാധികാരികളും സംസ്ഥാന സര്‍ക്കാരും ഇതിന് കൂട്ടുനില്‍ക്കുകയാണ്. ഭരണകക്ഷിക്ക് പാര്‍ട്ടി ഓഫീസുകളും നേതാക്കള്‍ക്ക് വീടുകളും നിര്‍മ്മിച്ച് നല്‍കി ക്രഷര്‍ മാഫിയ അവരെ വിലക്ക് വാങ്ങി. ഏത് നിമിഷവും ഒരു ദുരന്തത്തിന്റെ വക്കിലാണ് നാട്. ഒരു നിയന്ത്രണവുമില്ലാതെയാണ് വന്‍ സ്േഫാടനങ്ങള്‍ അരങ്ങേറുന്നത്. നാട്ടുകാരുടെ പ്രതിഷേധം ഉള്‍ക്കൊളാന്‍ മുതലാളിമാരും ഭരണാധികാരികളും തയ്യാറാവണം. ദുരിതങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ സമാധാനം വെടിയാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവും. അത്തമൊരു സാഹചര്യം ഒഴിവാക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്.  

ക്രഷര്‍ അടച്ചു പൂട്ടുന്നത് വരെ ബിജെപി ശക്തമായ സമരപരിപാടികളും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അദേഹം വ്യക്തമാക്കി. ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. സുരേഷ് പറമ്പ സ്വാഗതവും കെ.സുജിത്ത് നന്ദിയും പറഞ്ഞു. കെ.സി. ചന്ദ്രബാബു, ഷിജില്‍ കെ.എസ്, അവിനാശ്, ജയഗോപാല്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: bjp

Recent Posts