പേരാമ്പ്ര: സംഘര്‍ഷത്തെ തുടര്‍ന്ന് ഒരുമാസക്കാലമായി അടച്ചിട്ടിരുന്ന പേരാമ്പ്ര മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇന്നലെ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ വീണ്ടും അടച്ചു.
തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് മാര്‍ക്കറ്റില്‍ സിപിഎം- ലീഗ് സംഘര്‍ഷമുണ്ടായതും മാര്‍ക്കറ്റ് അടച്ചിട്ടത്. മാര്‍ക്കറ്റില്‍ മത്സ്യ മേഖലയില്‍ ജോലിചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴിലെടുക്കാനുള്ള അവസരം ഒരുക്കണമെന്നായിരുന്നു സിപിഎം-സിഐടിയു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ നിലവിലുള്ള തൊഴിലാളികളെ വെച്ച് മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയും മറ്റ് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമായിരുന്നു ലീഗ്-എസ്ടിയു വിഭാഗത്തിന്റെ നിലപാട്.
ഇക്കാര്യത്തില്‍ ധാരണയാകുന്നത് വരെ മാര്‍ക്കറ്റ് അടച്ചിടല്‍ തുടരാന്‍ ജില്ല ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ജില്ല കലക്ടര്‍ വി. സാംബശിവറാവു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വടകര ആര്‍ഡിഒ അബ്ദുറഹ്മാന്, പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ കെ. സുമിത്ത് കുമാര്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന, സെക്രട്ടറി മനോജ്, ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: