തിരുവനന്തപുരം : സംസ്ഥാനം ഭീകരര്‍ക്കുള്ള അഭയകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഭീകര പ്രവര്‍ത്തനങ്ങളോട് കേരളം കാണിക്കുന്ന മൃദു സമീപനം ഇനിയെങ്കിലും ഉപേക്ഷിച്ച് കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളണം.
ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പല കേസുകളിലും കര്‍ശ്ശന നടപടി ഉണ്ടാകാത്തത് കൊണ്ടാണ് സംസ്ഥാനത്ത് ഇപ്പോഴും ഭീകരര്‍ക്ക് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കുമ്മനം പറഞ്ഞു.
പൊതുജന സമൂഹത്തെ അസ്വസ്ഥമാക്കുന്ന നിരവധി വിധ്വംസക രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നു വരുന്നത്. സമൂഹ മാധ്യമങ്ങളിലൂടേയും മറ്റുമുള്ള ആശയവിനിമയങ്ങളിലുടെ ആളുകളെ ആകര്‍ഷിച്ചാണ് അല്‍ ഖ്വയ്ദ പോലുള്ള ഭീകര സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഇന്റലിജന്‍സ് വിഭാഗവും മറ്റ് നിയമ സംവിധാനങ്ങളും എല്ലാം ദുര്‍ബലമാണ് എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതാണ്.
മൂന്ന് അല്‍ ഖ്വയ്ദ ഭീകരരെ എന്‍ഐഎ പിടികൂടിയതില്‍ നിന്ന് കേരളം അവര്‍ക്ക് എത്രകണ്ട് അഭയകേന്ദ്രമായി മാറിയെന്ന് മനസ്സിലാക്കാവുന്നതാണ്. സംസ്ഥാനത്ത് അസ്ഥിരതയും അസ്വസ്ഥതയും ഉണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭീകര ശക്തികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: