റാന്നി: ശബരിമല അനുബന്ധ റോഡായ റാന്നി- ചെറുകോൽപ്പുഴ റോഡിന്റെ പുനർ നിർമാണം വൈകുന്നതിൽ പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്.തീർത്ഥാടന പാതളിൽപ്പെട്ട 17 റോഡുകളിൽ മുഖ്യമാണ് ചെറുകോൽപ്പുഴ റോഡ്. രണ്ടു ദിവസത്തോളം തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതും, തീർത്ഥാടന കാലത്ത് ആയിരക്കണക്കിന് അയ്യപ്പന്മാർ യാത്ര ചെയ്യുന്ന റോഡാണിത്. എരുമേലിയിൽ നിന്നും പന്തളം, ചെങ്ങന്നൂർ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പവഴിയുമാണിത്.പത്തനംതിട്ട ജില്ലാ ആയുർവേദ, അലോപ്പതി, ആശുപത്രികൾ, വിദ്ധ്യാദ്യാസ സ്ഥാപനങ്ങൾ, മാരാമൺ, ചെറുകോൽപ്പുഴ സമ്മേളനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട റോഡും കൂടിയാണ്.
റോഡിന്റെ വികസന ആവശ്യവുമായി അഞ്ചു വർഷം മുമ്പ് നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു. ഇക്കാര്യത്തിൽ അവബോധം സൃഷ്ടിക്കുന്നതിന്, റാന്നി എംഎൽഎ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, എന്നിവരുടെ നേതൃത്വത്തിൽ 2016 ആഗസ്റ്റ് 2 ന് വലിയ പള്ളി ജങ്ഷനിൽ നിന്നും ജനകീയബോധവത്കരണ പദയാത്ര നടത്തി.പൊതുമരാമത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ റോഡ് അളന്ന് 10 മീറ്റർ വീതിയിൽ അളന്ന് തിട്ടപ്പെടുത്തി.റോഡിന്റെ ഇരുഭാഗത്തെ സ്ഥല യുടമകളുമായി സംസാരിച്ചതിനെ തുടർന്ന് സ്ഥലം വിട്ടുകൊടുക്കാൻ സമ്മതപത്രവുമായി.
റോഡ് വികസനത്തിന് സ്ഥലം വിട്ടു നൽകിയാൽ ഒരു മാസത്തിനുള്ളിൽ റോഡുപണി തുടങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നു. രണ്ടു വർഷമായിട്ടും പണിതുടങ്ങാത്തതിനെ തുടർന്ന് നാട്ടുകാർ യോഗം കൂടിയിരുന്നു.പിന്നീട് ചെന്നൈ കേന്ദ്രമായ ഒരു സ്വകാര്യ ഏജൻസിയെ കൊണ്ട് 8 ലക്ഷം രൂപ ചെലവിൽ റോഡിൽ സാധ്യത സർവ്വേയും പഠനവും നടത്തി സർക്കാരിൽ റിപ്പോർട്ട് സമർപ്പിച്ചു. നിലവിൽ ചെറുകോൽപ്പുഴ -മണിയാർ സംയുക്ത റോഡു പദ്ധതിയിലാണ് ഈ നിർമ്മാണം ഉൾപ്പെടുത്തിയിട്ടുള്ളത്.
നേരത്തേ കുളമ്പന്താനം -മണിയാർ സംയുക്ത പദ്ധതിയിലായിരുന്നു. 50 കിലോമീറ്ററോളം വരുന്ന ഈ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്നതെയുള്ളൂ.ഇനി സർക്കാർ അംഗീകരിച്ച് കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാതക്കണമെങ്കിൽ വർഷങ്ങൾ കഴിയുമെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്. റാന്നിയിലെ മറ്റെല്ലാ റോഡുകളും ഉന്നത നിലവാരത്തിലേക്ക് മാറിയിട്ടും ഇത്രയേറെ പ്രാധാന്യമുള്ള ശബരിമല അനുബന്ധ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ നാട്ടുകാർക്കിടെയിൽ പ്രതിഷേധം ശക്തമാണ്.അയിരൂർ വായനശാല ഹാളിൽ ചേർന്ന വികസന സമിതി യോഗത്തിൽ ചെയർമാൻ ഡോ.കെ.എ.കുഞ്ചറിയ അധ്യക്ഷനായി.വർക്കിങ്ങ് ചെയർമാൻ എൻ.ജി. ഉണ്ണികൃഷ്ണൻ, ജന. കൺവീനർ വി.കെ.രാജഗോപാൽ എം.ആർ.ജഗൻമോഹൻ ദാസ്, ചെറിയാൻ ജോർജ്ജ്, മനോജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: