അബുദാബി: കൊറോണ കാലത്ത് മരുഭൂമിയില്‍ ഒരു വെടിക്കെട്ട് പൂരത്തിന് കൊടിയേറുകയായി. ആരാധകര്‍ക്ക് ഹരം പകരുന്ന പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് യുഎഇയില്‍ തുടക്കം കുറിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സുമായി മാറ്റുരയ്ക്കും. അബുദാബിയിലാണ് മത്സരം. രാത്രി 7.30 ന് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
അബുദാബിക്ക് പുറമെ ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലും മത്സരങ്ങള്‍ അരങ്ങേറുന്നു. അമ്പത്തിമൂന്ന് നാള് നീളുന്ന ഐപിഎല്ലില്‍ അറുപത് മത്സരങ്ങള്‍ ഉണ്ടാകും. എട്ട് ടീമുകളാണ് മത്സരിക്കുന്നത്. ഫൈനല്‍ നവംബര്‍ പത്തിന് നടക്കും.
കൊറോണയുടെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് മത്സരങ്ങള്‍ നടത്തുന്നത്. കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം ഉണ്ടാകില്ല. കളിക്കാര്‍ ബയോ ബബിള്‍ സര്‍ക്കിളിലാണ് ജീവിക്കുക. താമസിക്കുന്ന ഹോട്ടലുകളില്‍ നിന്ന് കളിസ്ഥലത്തേക്ക് മാത്രമേ പോകാന്‍ അനുവാദമുള്ളൂ.
ഇന്ത്യയില്‍ കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയത്. ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് ആതിഥേയത്വം വഹിക്കുന്നത്. 2014ല്‍ ഐപിഎല്ലിന് ചില മത്സരങ്ങള്‍ യുഎഇയില്‍ നടന്നിരുന്നു. ആ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ചാമ്പ്യന്മാരായത്.
അബുദാബിയിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനാണ് മുന്‍ തൂക്കം. കഴിഞ്ഞ തവണ ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണിവര്‍. ചെന്നൈയെ കീഴടക്കി മുംബൈ കിരീടവും നേടി. ഇത്തവണയും ശക്തമായ ടീമിനെ തന്നെയാണ് രോഹിത് ശര്‍മ ക്യാപ്റ്റനായ മുംബൈ കളിക്കളത്തില്‍ ഇറക്കുന്നത്. രോഹിത്, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, ഹാര്‍ദിക്, ക്രുണാല്‍ പാണ്ഡ്യ, കീരോണ്‍ പെള്ളാര്‍ഡ് എന്നിവര്‍ അണനിരക്കുന്ന ശക്തമായ ബാറ്റിങ് നിരയാണ് അവരുടെത്. ട്രെന്‍ഡ് ബോള്‍ട്ടും നേഥന്‍ കോര്ട്ലര് നൈലുമാണ് ബൗളിങ് ശക്തികള്‍.
ക്യാപ്റ്റന്‍ എം.എസ്. ധോണിയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ശക്തികേന്ദ്രം. ഷെയ്ന് വാട്സണ്, അമ്പാട്ടി റായ്ഡു, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ബ്രാവോ ബാറ്റിങ്ങില്‍ ചെന്നൈയുടെ കരുത്ത്. ബാറ്റ്സ്മാന് സുരേഷ് റെയ്നയും ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങും വ്യക്തിപരമായ കാരണങ്ങാല്‍ പിന്മാറിയത് ചെന്നൈക്ക് തിരിച്ചടിയാണ്. റെയ്നയ്ക്ക് പകരക്കാരനായ ഋതുരാജ് ഗെയ്ക്കുവാദ് കൊറോണ ബാധിച്ച് ക്വാറന്റൈനിലുമാണ്.
ദല്‍ഹി ക്യാപിറ്റല്‍സ്, കിങ്സ് ഇലവന് പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ് എന്നിവയാണ് ഐപിഎല്ലില്‍ മത്സരിക്കുന്ന മറ്റ് ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: