മതനിരപേക്ഷ പ്രസ്ഥാനം. കമ്മ്യൂണിസ്റ്റുകാര്‍ സ്വയം അവകാശപ്പെട്ടത് അങ്ങിനെയാണല്ലോ. പക്ഷേ കമ്മ്യൂണിസ്റ്റുകാര്‍ ഭരണം കയ്യാളിയ രാജ്യങ്ങളിലൊന്നും മതസ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. സോവിയറ്റ് യൂണിയനിലും ചൈനയിലും പള്ളികള്‍ അടച്ചുപൂട്ടിയതാണ് ചരിത്രം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു കാരാകട്ടെ മതേതരം അടവുനയമാക്കി സ്വീകരിച്ചിരുന്നു. ആരാധനാലയങ്ങള്‍ തകരണെമന്ന അടിസ്ഥാന സിദ്ധാന്തം അവര്‍ മാറ്റിവച്ചു. എന്നിട്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടിന് ഒരിക്കല്‍ സിദ്ധാന്തം തേട്ടിവന്നു. പി.ജെ. ജോസഫ് മാര്‍ക്സിസ്റ്റ് മുന്നണിയില്‍ ഇടം തേടിയപ്പോഴായിരുന്നു അത്. ”പള്ളിയേയും പട്ടക്കാരേയും തള്ളിപറഞ്ഞ് വാ” എന്നായിരുന്നു നമ്പൂതിരിപ്പാടിന്റെ അരുളിപ്പാട്.
പള്ളിയെ തള്ളാതെതന്നെ ജോസഫിന്റെ പാര്‍ട്ടിക്ക് സിപിഎം മുന്നണിയില്‍ ഇടം നല്കി എന്നത് വാസ്തവം. (നമ്പൂതിരിപ്പാടാണ് ഒരിക്കല്‍ ഖുറാനേയും ശരീഅത്തിനേയും തള്ളിപ്പറഞ്ഞത്.) മുത്തലാഖിനെയും ബഹുഭാര്യാത്വത്തിനേയും വിമര്‍ശിച്ച നമ്പൂതിരിപ്പാടിനെതിരെ കേരളമാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്നാണ് നമ്പൂതിരിപ്പാടിനെതിരെ മുസ്ലിം സമൂഹം ശക്തമായി മുന്നിട്ടിറങ്ങി മുദ്രാവാക്യം ഉയര്‍ത്തിയത്. ”രണ്ടും കെട്ടും നാലും കെട്ടും ഈയെമ്മസ്സിന്റെ ഓളേം കെട്ടും” എന്നായിരുന്നു അത്.
വ്യാഴാഴ്ച ചേര്‍ന്ന സിപിഎം കമ്മറ്റി സ്വര്‍ണ കള്ളക്കടത്തിനെത്തുടര്‍ന്ന് ഉളവായ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ പുതിയ അടവ് പുറത്തെടുത്തിരിക്കുന്നു. ഖുറാന് ഇറക്കുമതിയുടെ പേരില്‍ സ്വര്‍ണം കള്ളക്കത്ത് നടത്തി എന്നാണ് പരക്കെ വിശ്വസിക്കുന്നത്. അതിന്റെ പേരില്‍ മന്ത്രി ജലീലിനെ എന്‍ഐഎ ചോദ്യംചെയ്ത ദിവസം സിപിഎമ്മിന്റെ മറുവാദം പുറത്തെടുത്തു. ‘വിശുദ്ധ ഖുറാനെ രാഷ്ട്രീയ ആയുധമാക്കുന്നു.’ ജലീലിനെയും ഖുറാനേയും ബിജെപി എതിര്‍ക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ലീഗും കോണ്‍ഗ്രസ്സും അതേ വഴിക്ക് നീങ്ങാമോ? അതേ ദിവസം വൈകിട്ട് മുഖ്യമന്ത്രി ചോദിച്ചത് അതാണ്.
വെള്ളിയാഴ്ച പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി പത്രത്തിലെ പ്രതിവാര കോളത്തിലും അത് ആവര്‍ത്തിച്ചു. ”അവഹേളനം ഖുറാനോടോ?” അതാണ് തലക്കെട്ട്. ഇന്ത്യയിലെ ഒരേ ഒരു പാര്‍ട്ടി നേതാവെ ഖുറാനെ തള്ളിപ്പറഞ്ഞിട്ടുള്ളൂ. ആ നേതാവിനെ (നമ്പൂതിരിപ്പാട്) തള്ളിപ്പറയാനെങ്കിലും ഈ ചോദ്യം തലക്കെട്ടാക്കുമ്പോള്‍ കോടിയേരി തയ്യാറാകേണ്ടതായിരുന്നു.
സര്‍ക്കാര്‍ വാഹനത്തില്‍ ഖുറാന് കടത്തിയതില്‍ തെറ്റില്ല. ഇപ്പോള്‍ നടക്കുന്നത് ഖുറാന് അവഹേളനം. ആര്‍എസ്എസ് ആണ് ഇപ്പോള്‍ സമരം നടത്തുന്നത്. ഖുറാനോട് ലീഗിനും കോണ്‍ഗ്രസ്സിനും അലര്‍ജിയാണോ? ഖുറാന് സ്വീകരിച്ചതും വിതരണം ചെയ്തതും തെറ്റാണെങ്കില്‍ തൂക്കിലേറ്റട്ടെ! സിപിഎം നേതാക്കള്‍ ഇക്കാര്യം പറയും മുന്‍പ് തന്നെ ആരോപണ വിധേയനായ ജലീല്‍ തുടക്കമിട്ടതാണ്. ഖുറാന്റെ പേരില്‍ എന്നെ മോദി തൂക്കിലേറ്റട്ടെ. ആയിരം വട്ടം തൂക്കിലേറ്റിയാലും എതിര്‍ക്കില്ല. വികൃതമായ ഈ വാദമാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്.
വനഭൂമിയില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയില്‍ കയ്യേറ്റ ഭൂമിയില്‍ ഉയര്‍ത്തിയ കൂറ്റന്‍ കുരിശ് നീക്കിയത് ഓര്‍മയുണ്ടല്ലൊ കയ്യേറ്റത്തിന് കുരിശ് മറയാക്കരുതെന്ന് നേരും നെറിവുമുള്ള സഭകള്‍ പറഞ്ഞപ്പോള്‍ കുരിശ് നീക്കിയതിനെപ്പറ്റി മുഖ്യമന്ത്രി പ്രതികരിച്ചത് ”കുരിശെന്ത് തെറ്റു ചെയ്തു എന്നാണ്. അവിടെയും കുരിശിന്റെ പേരില്‍ ലഭിക്കുമോ രാഷ്ട്രീയ ലാഭമെന്ന ദുഷ്ട ലക്ഷ്യമാണ്.
മതഗ്രന്ഥത്തെയും മതചിഹ്നങ്ങളെയും മറയാക്കേണ്ടത് ജലീലിന്റെ അനിവാര്യമായ ആവശ്യമാണ്. ജലീല്‍ തെളിക്കുന്ന വഴിയാണോ കമ്യൂണിസ്റ്റുകാര്‍ക്ക് പഥ്യം? കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ തുടരുന്നതുപോലെ മതഗ്രന്ഥങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല. പള്ളിയിലെ ആരാധനക്കും വിലക്കില്ല. ഖുറാന് ആര് സൂക്ഷിക്കുന്നതും പാരായണം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഒരിടത്തും വിലക്കിയിട്ടില്ല. വിലക്കാനും പാടില്ല. വിഷയം അതല്ലല്ലൊ. ദുബായിയില്‍നിന്നും യുഎഇ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തി. ഖുറാന്റെ പെട്ടികളില്‍ ഖുറാന് മാത്രമല്ല സ്വര്‍ണവും വന്നു. അത് സര്‍ക്കാരിന്റെ വണ്ടികളില്‍ മലപ്പുറത്തും കര്‍ണാടകത്തിലും കൊണ്ടുപോയി. അതാണ് വിഷയം. വിശുദ്ധ മതഗ്രന്ഥത്തെ സ്വര്‍ണക്കടത്തിന് മറയാക്കിയെന്ന സംഭവം അവിശ്വാസികളല്ലാതെ ഒരു വിശ്വാസിയും അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്ത ജലില്‍ രാജിവയ്ക്കണമെന്ന പ്രക്ഷോഭത്തിന് വിശ്വാസികളെല്ലാം പിന്തുണക്കുന്നത്.മുഖ്യമന്ത്രിയുടെ മന്ത്രിമാരില്‍ പലരും കള്ളക്കടത്തന് േനതൃത്വം നല്‍കിയവരെ ന്യായീകരിക്കുന്നു. സമരം നടത്തുന്നവരെ ഭീഷണിപ്പെടുത്തുന്നു. സമരം കൊറോണ വ്യാപിപ്പിക്കാനാണെന്ന് വിലപിക്കുന്നു.
മുഖ്യമന്ത്രിയുടെ ആറു മണി കൃഷി വ്യാപനസന്ദേശം ആവര്‍ത്തിക്കുന്നു. ചെറുപ്പക്കാര്‍ പടക്കിറങ്ങാതെ പാടത്തേക്ക് പോകണമെന്ന് ഉപദേശിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ നരമേധം നടത്തിയ കമ്മ്യൂണിസ്റ്റ് ഏകാധിപതി ചെയ്തതും അതാണ്. പള്ളിക്കൂടങ്ങള്‍ അടച്ചിട്ട മാവോ സേ തൂങ് കൃഷി ചെയ്യാനാണ് ഉപദേശിച്ചത്. ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ ചൈനയില്‍ ജനങ്ങള്‍ ഏറെയാണ്. മരിക്കട്ടെ എന്നാണ് ആശ്വസിച്ചത്.
നാലരക്കോടി ആളുകളെ പട്ടിണിക്കിട്ട് മാവോ കൊന്നെങ്കില്‍ സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന് ഭരണത്തില്‍ ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ നടപ്പാക്കി. അതാണോ കേരളത്തിലും ആവര്‍ത്തിക്കുന്നത്? ജലീലെന്ന പേര് ഉപയോഗിച്ചും മതഗ്രന്ഥത്തിനെ വിവാദത്തിലാക്കിയും വികാരം കൊള്ളിച്ച് കലാപം സൃഷ്ടിക്കുക. അതിന്റെ ഭാഗമാണ് പുതിയ നീക്കം. സിപിഎമ്മിന് തിരിച്ചടി വരുമ്പോള്‍ അവര്‍ കലാപത്തിന് കോപ്പുകൂട്ടും. തലശ്ശേരി കലാപം തന്നെ ഉദാഹരണം.
മലപ്പുറം ജില്ല കിട്ടിയപ്പോള്‍ ലീഗ് ഇഎംഎസ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ കൂട്ടുനിന്നു. ലീഗിനെതിരായ പ്രചാരണം മുസ്ലിം വിരുദ്ധ മനോഭാവം അണികളില്‍ ജ്വലിപ്പിച്ചു. അച്യുതമേനോന് മന്ത്രിസഭയില്‍ ലീഗിന് ആഭ്യന്തരവും കൂടി ലഭിച്ചപ്പോള്‍ അത് തടുക്കാന്‍ പറ്റാത്ത അവസയിലായി. കലാപത്തിന് കാരണം മുഖ്യമായും അതാണെന്ന് ജോസഫ് വിതയത്തില്‍ കമ്മീഷന് രേഖപ്പെടുത്തിയിട്ടുണ്ട്. ആ കമ്മീഷനുമായി സഹകരിക്കാത്ത ഏകകക്ഷി സിപിഎമ്മാണ്.
എന്നിട്ടും ജനസംഘവും ആര്‍എസ്എസുമാണ് കലാപകാരികളെന്ന കള്ളപ്രചാരണം നടത്തി. ആര്‍എസ്എസിന്റെയോ ജനസംഘത്തിന്റെയോ പൊടിപോലും അന്നില്ലാത്ത സ്ഥലങ്ങളിലാണ്അ ക്രമങ്ങള്‍ നടമാടിയത്. പള്ളികള്‍ ആക്രമിക്കപ്പെട്ടത്.
അതേ രീതിയിലുള്ള വികാരം ഇന്നും ആളിക്കത്തിക്കുന്നത് ആപത്താണ്. മുസ്ലിങ്ങള്‍ അത് ഇന്ന് തിരിച്ചറിയുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: