ആറാംപ്രശ്നം
പ്രശ്നോപനിഷത്തിലെ ആറാമത്തേതും അവസാനത്തേതുമായ പ്രശ്നം അവതരിപ്പിക്കുന്നത് ഭരദ്വാജപുത്രനായ സുകേശനാണ്. അതും ഒരു കഥ പറഞ്ഞുകൊണ്ട്. താന്‍ അല്പ്പജ്ഞാനിയും സത്യഭാഷിയുമാണെന്ന് ആചാര്യനെ അറിയിക്കാനുള്ള വിനീതയത്നമാണ് ഈ കഥാഖ്യാനത്തിനുപിന്നിലുള്ളത്.
‘ഭഗവന്‍, ഒരിക്കല്‍ കോസല രാജ്യത്തിലെ രാജകുമാരന് ഹിരണ്യനാഭന്‍ എന്റെയടുക്കല്‍ വന്നിരുന്നു. അവന് എന്നോടുചോദിച്ചു, പതിനാറ് കലകളോടുകൂടിയ പുരുഷനെ നിങ്ങള്‍ക്കറിയാമോ? ഞാനയാളോട് ഇങ്ങനെ പറഞ്ഞു, ”സഹോദരാ, എനിക്കറിയില്ല, അറിയുമായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നിനക്ക് പറഞ്ഞുതരുമായിരുന്നു. ഞാനൊരിക്കലും കളവുപറയില്ല.” ഇതുകേട്ട് രാജകുമാരന് നിശ്ശബ്ദനായി തിരിച്ചുപോയി. ഇപ്പോള്‍ (ഞാന്‍) അങ്ങയില്‍നിന്നും ആ പതിനാറ് കലകളോടുകൂടിയ പുരുഷത്വത്തെ അറിയാനാഗ്രഹിക്കുന്നു.
പിപ്പലാദന്‍ മറുപടി പറയുന്നത് ഏഴ് മന്ത്രങ്ങളില്‍. ആ പുരുഷന് ശരീരത്തിനുള്ളില്‍ത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ചരാചരപ്രപഞ്ചങ്ങള്ക്കെല്ലാം ആശ്രയമായ ആ പരമസത്യം തന്നില്‍ത്തന്നെയാണ്. തനിക്ക് പുറത്തല്ല. ശരീരത്തിന്റെ മധ്യത്തില്‍, ഹൃദയാകാശത്തില്‍, ജ്യോതിസ്വരൂപനും ശുദ്ധനുമായ ആത്മാവിനെ സാക്ഷാല്കരിക്കുന്നു.
പുരുഷന് സമസ്ത ജീവജാലങ്ങള്ക്കുമാധാരമായുള്ള സമഷ്ടി പ്രാണനെ, അതായത് ഹിരണ്യഗര്‍ഭനെ സൃഷ്ടിച്ചു. അനന്തരം ആകാശം, വായു, അഗ്നി, ജലം, പൃഥിവി എന്നീ പഞ്ചഭൂതങ്ങളെയും ജ്ഞാനേന്ദ്രിയങ്ങളെയും കര്‍മേന്ദ്രിയങ്ങളെയും സൃഷ്ടിച്ചു. തുടര്‍ന്ന് അന്നത്തെയും അന്നത്തില്‍നിന്ന് ജീവികളെയും ജീവികള്‍ക്ക് നാമങ്ങളെയും നിര്‍മിച്ചു. ലോകങ്ങളും ലോകാന്തരങ്ങളും സൃഷ്ടിച്ചു. ഇവയ്ക്കനുസൃതമായി സൃഷ്ടിക്കപ്പെട്ടവയാണ് പതിനാറ് കലകള്‍. ഇതിന് പ്രഭവമായ ചൈതന്യം ശരീരത്തിന്റെ അന്തര്ഭാഗത്തുതന്നെ വിലസുന്നു. ഈ അറിവ് മൃത്യുദുഃഖം അറിയാത്ത അറിവാണ്.
ആചാര്യനായ പിപ്പലാദന്‍ ആറുപേരോടുമായി ഇങ്ങനെ പറഞ്ഞു. ഈ പരമമായ ബ്രഹ്മത്തെക്കുറിച്ച് എനിക്ക് ഇത്രമാത്രമേ അറിയൂ. ഇതില്‍ക്കൂടുതലായി അറിയേണ്ടതായിട്ട് ഒന്നുമില്ല.’ (അഹം ഏതത് പരം ബ്രഹ്മ, ഏതാവത് ഏവ വേദ അതഃ പരം ന അസ്തി) പിപ്പലാദന്റെ കൃപാ കടാക്ഷത്താല്‍ അറിയേണ്ടതെല്ലാം അവരാറുപേരുമറിഞ്ഞ് കൃതകൃത്യരായി. ഗുരുപൂജ നടത്തി അവരിങ്ങനെ പറഞ്ഞുഃ ‘ഞങ്ങളെ അജ്ഞാനത്തിന്റെ മറുകരയിലേക്ക് കടക്കുവാന്‍ സഹായിച്ച അങ്ങ് തന്നെയാണ് ഞങ്ങളുടെ പിതാവ്. (അസ്മാകം അവിദ്യായാഃ പരം പാരം താരയസി സഃ ത്വം നഃ പിതാഹി)
പ്രശ്നോപനിഷത്ത് ഉപസംഹരിക്കുന്നു: നമഃ പരമ ഋഷിഭ്യോ നമഃ പരമ ഋഷിഭ്യഃ
‘പരമര്ഷികള്ക്ക് നമസ്കാരം!
പരമര്ഷികള്ക്ക് നമസ്കാരം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: