മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണയ്ക്ക് വിജയം. പ്രീ സീസണ് സൗഹൃദ മത്സരത്തില്‍ ബാഴ്സ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് രണ്ടാം നിര ടീമായ ജിറോണയെ പരാജയപ്പെടുത്തി. പുതിയ പരിശീലകന് റൊണാള്‍ഡ് കൂമന്റെ ശിക്ഷണത്തില്‍ ബാഴ്സയുടെ രണ്ടാം മത്സരമാണിത്.
ലൂയി സുവാരസിനെയും വിഡാലിനെയും ഒഴിവാക്കിയാണ് കൂമാന് ബാഴ്സയെ പരിശീലന മത്സരത്തിനിറക്കിയത്. രണ്ട് ഗോള്‍ അടിച്ച മെസി മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
ബാഴ്സ വിടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടശേഷം മെസി നേടുന്ന ആദ്യ ഗോളുകളാണിത്. ചാമ്പ്യന്‍സ് ലീഗില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബാഴ്സ ബയേണിനോട് തോറ്റതോടെയാണ് മെസി ബാഴ്സ വിടുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ 2021 വരെയുള്ള കരാര്‍ കാലാവധിക്ക് ശേഷമേ ക്ലബ്ബ് വിടാനാകൂയെന്ന് ബാഴ്സ നിലപാടെടുത്തതോടെ മെസിയുടെ ശ്രമം പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: