സത്വരജസ്തമോഗുണങ്ങളുടെ സ്വഭാവം ഭിന്നമാണ്. അഹങ്കാരം, നിദ്ര, അമിതഭോജനം, കാമം, ക്രോധം ഇവയൊക്കെ തമോഗുണിയുടെ സ്വഭാവമാണ്. രജോഗുണികള്‍ പല കാര്യങ്ങളില്‍ ചെന്നുചാടുന്നു. അയാളുടെ മുണ്ടും ഉടുപ്പുമെല്ലാം തേച്ചുമിനുക്കി പളപളെ; വീട് അടിച്ചു തുടച്ചു മിനുമിനെ; സ്വീകരണമുറിയില്‍ (ബ്രിട്ടീഷ്)രാജ്ഞിയുടെ ചിത്രം (സ്വാതന്ത്ര്യപൂര്‍വ്വകാലം ഓര്‍ക്കുക). തേവാരത്തിനിരിക്കുമ്പോള് ഉടുക്കുന്നതു പട്ടു സോമന്, കഴുത്തില്‍ രുദ്രാക്ഷമാല, മാലയില്‍ ഇടയ്ക്കിടെ സ്വര്‍ണം കൊണ്ടുള്ള രുദ്രാക്ഷം. ആരെങ്കിലും പൂജാമുറി കാണാന്‍ വന്നാല്‍, ഇയാള്‍തന്നെ കൂട്ടിക്കൊണ്ടുപോയി എല്ലാം കാണിക്കുന്നു. പൂജാമുറി കാണിച്ചു കഴിഞ്ഞാല്‍ പറയും, ഇതിലെ വരൂ, വേറെയും പലതുമുണ്ട്. ശ്വേതശിലകൊണ്ട്, മാര്ബിള്ക്കല്ലുകൊണ്ട്, ഉണ്ടാക്കിയ തറ, ശില്പവേലകള് നിറഞ്ഞ നാട്യശാല. പിന്നെ, ദാനം നടത്തും എല്ലാരെയും കാണിച്ചുകൊണ്ട്.
സത്വഗുണസമ്പന്നനായ മനുഷ്യന് വളരെ ശാന്തനും വിനീതനുമായിരിക്കും. ഉടുക്കാന്‍ എന്തെന്നാലത്. വിശപ്പടക്കാന്‍ വേണ്ടത്രമാത്രം സമ്പാദിക്കുന്നു. ഒരിക്കലും മറ്റുള്ളവരുടെ മുഖസ്തുതി പറഞ്ഞ് പണം സമ്പാദിക്കുന്നില്ല. വീടിന് അറ്റകുറ്റപ്പണിയൊന്നും നടത്തുന്നില്ല. ഈശ്വരചിന്ത, ദാനം, ധ്യാനം സര്‍വവും രഹസ്യമായിട്ട്. ആളുകളതൊന്നും അറിയുകയേ ഇല്ല. കൊതുകുവലയ്ക്കുള്ളിലിരുന്നു ധ്യാനിക്കുന്നു. ആളുകള്‍ വിചാരിക്കും, മൂപ്പീന്നിന് രാത്രി ഉറക്കം ശരിയായിരിക്കയില്ല; അതുകൊണ്ട് നേരം വെളുത്തിട്ടും കിടന്നുറങ്ങുകയാണ് എന്ന്. സത്വഗുണം സോപാനത്തിന്റെ അവസാനത്തെ പടിയാണ്; അതു കഴിഞ്ഞാല്‍ മട്ടുപ്പാവ്. സത്വഗുണം ഉണ്ടായാല്‍ ഈശ്വരപ്രാപ്തിക്ക് പിന്നെ അമാന്തം വരികയില്ല. അല്പംകൂടി മുന്നോട്ടുപോയാല്‍ അദ്ദേഹത്തെ കിട്ടും. (സബ്ജഡ്ജിയോട്) സകലമനുഷ്യരും തുല്യമാണെന്നു നിങ്ങള്‍ പറഞ്ഞല്ലൊ; ഇതു നോക്കൂ, എന്തെല്ലാം വിഭിന്നസ്വഭാവങ്ങള്‍! ഇനിയും പലതരം വര്‍ഗങ്ങളും വകുപ്പുകളുമുണ്ട്; നിത്യജീവന്, മുക്തജീവന്‍, മുമുക്ഷുജീവന്, ബദ്ധജീവന്- ഇങ്ങനെ പല തരത്തിലുമുള്ള മനുഷ്യര്‍. നാരദന്, ശുകദേവന് തുടങ്ങിയവര്‍ നിത്യജീവന്മാരാണ്. ആവിക്കപ്പലുപോലെയാണവര്. അവ സ്വയം കടല്‍ താണ്ടുന്നു എന്നു മാത്രമല്ല, വലിയ ജന്തുക്കളേയും, ആനയെപ്പോലും അക്കരയ്ക്കു കൊണ്ടുപോകുന്നു. നിത്യജീവന് ഒരു കാര്യസ്ഥനെപ്പോലെയാണ്. ഒരു താലൂക്കിലെ ലഹള ഒതുക്കിയശേഷം വേറൊരു താലൂക്ക് ഒതുക്കാന്‍ പോകുന്നു. ഇനി മുമുക്ഷുജീവനുണ്ട്; അവര്‍ സംസാരജാലത്തില്നിന്നും പുറത്തു ചാടാന്‍ പ്രാണന് കളഞ്ഞു കിടന്നു പിടയുന്നു. ഇവരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് വലയ്ക്കു പുറത്തു ചാടാന്‍ കഴിയുന്നു. അങ്ങനെ ചാടിയവരെ മുക്തജീവന്മാരെന്നു പറയുന്നു. നിത്യജീവന്മാര് മിടുക്കന്മാരായ മത്സ്യങ്ങളെപ്പോലെയാണ്; അവരൊരിക്കലും വലയില്‍ അകപ്പെടുന്നില്ല.
എന്നാല്‍ ബദ്ധജീവന്മാര്ക്ക്, സംസാരിജീവന്മാര്ക്ക് ബോധമേയില്ല; അവര്‍ വലയില്‍ കുടുങ്ങിയാണ് കഴിയുന്നത്; എന്നാലും വലയില്‍ പെട്ടു എന്ന സംഗതികൂടി അറിയുന്നില്ല, അവരുടെ മുമ്പില്‍വെച്ച് ഈശ്വരകാര്യങ്ങള്‍ പറഞ്ഞാല്‍ അവരുടനെ സ്ഥലം വിടും. അവര്‍ പറയും, മരണസമയത്ത് ഹരിനാമം ജപിക്കാം. ഇപ്പോഴെന്തിനാ? എന്നിട്ട് മരണശയ്യയില്‍ കിടക്കുമ്പോഴോ? അപ്പോള്‍ ഭാര്യയോടോ മക്കളോടോ പറയും: വിളക്കില്‍ ഇത്രയേറെ തിരിയെന്തിനാണ്? ഒരു തിരിയിട്ടാല്‍ മതി. അല്ലെങ്കില്‍ ഉള്ള എണ്ണയെല്ലാം വറ്റിപ്പോകും. മരണസമയത്ത് അവര്‍ ഭാര്യയേയും മക്കളേയും നിനച്ചു കരയുന്നു: അയ്യോ! എന്റെ കണ്ണടഞ്ഞാല്‍ ഇവരുടെ ഗതിയെന്താകും! തങ്ങള്‍ക്കു വളരെ ദുഃഖത്തിനിടയാക്കിയ അതേ കാര്യങ്ങള്‍തന്നെ ബദ്ധജീവന്മാര് വീണ്ടും ചെയ്യുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: