ആര്‍പ്പൂക്കര(കോട്ടയം): ആറന്മുളയില് 108 ആംബുലന്‍സില്‍ വച്ച് പീഢനത്തിനിരയായായ കൊറോണ രോഗിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 108 ആംബലുന്സില്വെച്ച് ഡ്രൈവര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പന്തളം സ്വദേശിനിയായ 19കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലാണ് സംഭവം.
പേവാര്‍ഡിന്റെ ഒന്നാം നിലയിലെ ഒരു മുറി യിലാണ് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്നത്. ഇതിന്റെ എതിര്‍വശത്തെ മുറിയില്‍ സഹായത്തിനെത്തിയ മാതാവും താമസിക്കുന്നു. ഉച്ചയോടു കൂടി മാതാവ്, കഴുകിയ വസ്ത്രം ഉണക്കുന്നതിനായിശ മുറിക്ക് വെളിയില്‍ പോയി. ഇതിനിടയില്‍ വാതില്‍ അകത്തുനിന്ന് അടയ്ക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സിന്റെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ ഇവര്‍ ഉടന്‍ തന്നെ കതകില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് നഴ്സിംഗ് ഓഫീസറെ വിവരം അറിയിച്ചു. നഴ്സിംഗ് ഓഫീസറെത്തി വാതില്‍ തുറക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. പിന്നീട് വാതില്‍ തല്ലിപ്പൊളിച്ച ശേഷം അകത്ത് പ്രവേശിച്ചപ്പോള്‍ പെണ്‍കുട്ടി ഫാനില്‍ തൂങ്ങി നില്ക്കുന്നതാണു കണ്ടത്.
രണ്ട് തോര്‍ത്തുകള്‍ കൂട്ടി കെട്ടി കഴുത്തില്‍ ചുറ്റിയ ശേഷം ടേബിളിന്റെ മുകളില്‍ കയറിഫാനില് കെട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന വനിതാ സെക്യൂരിറ്റി ഇവരെ ഉയര്‍ത്തിപ്പിടിച്ച് കഴുത്തില്‍ കിടന്നതു തോര്‍ത്ത് അറുത്ത് മാറ്റി പെണ്‍കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. പിന്നീട് മനോരോഗ വിഭാഗം ഡോക്ടര്‍മാരെത്തി വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കി. ആശുപത്രിയില്‍ എത്തിയ ശേഷംആദ്യ തവണ എടുത്ത സ്രവ പരിശോധനാ ഫലവും പോസറ്റീവ് ആയിരുന്നുവെന്ന് മാതാവ് പറഞ്ഞു. അടുത്ത പരിശോധനയ്ക്ക് സ്രവം നാളെ എടുക്കുവാനിരിക്കേയാണ് ഈ സംഭവം. കഴിഞ്ഞ ആറിന് അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു പെണ്‍കുട്ടിയെ ആറന്മുളയില് ആംബുലന്‍സില്‍ വച്ച് ഡ്രൈവര്‍ പീഡിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: