പ്രധാനമന്ത്രിപദത്തില്‍ 2,304 ദിവസം പൂര്‍ത്തിയാക്കുന്ന ഇന്ന് നരേന്ദ്ര ദാമോദര്‍ദാസ് മോദിക്ക് 70 വയസ് ആവുകയാണ്. ജനങ്ങളുടെ പ്രധാന സേവകനായി രാജ്യഭാരം കൈയേറ്റ മോദിക്ക് ആറ് പതിറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രീയവും ഭരണപരവുമായ അഴുക്കുകള്‍ കഴുകിക്കളയാനുണ്ടായിരുന്നു.
ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിതര പ്രധാനമന്ത്രിയെന്ന ബഹുമതി സ്വന്തമാക്കിയ മോദി, 1998 മുതല്‍ 2004 വരെ ആറ് വര്‍ഷക്കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ റെക്കോര്‍ഡ് ഈ വര്‍ഷം ആഗസ്റ്റ് 14 ന് മറികടന്നിരുന്നു. ഇക്കാലയളവില്‍ കോണ്‍ഗ്രസിതര പ്രധാനമന്ത്രി മാത്രമായിരുന്നില്ല മോദി. ഭരണവും അങ്ങനെയാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.
2017ല്‍ ഭാരതം എഴുപതാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ ദല്‍ഹിയിലെ ചെങ്കോട്ടയില്‍നിന്നുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ സ്വയംഭരണത്തില്‍നിന്ന് സല്ഭരണത്തിലേക്കുള്ള മാറ്റമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് മോദി പ്രഖ്യാപിക്കുകയുണ്ടായി. 2019 ല്‍ രണ്ടാം വട്ടവും ജനങ്ങള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത മോദി എഴുപതാമത്തെ വയസ്സിലും ഇൗ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി നിരന്തരം, നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുകയാണ്- അല്ല, പോരാടുകയാണ്.
അപകടസാധ്യതകള്‍ നേരിട്ടുകൊണ്ടുതന്നെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള കഴിവ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്ത്തന്നെ മോദി പ്രകടിപ്പിച്ചതാണ്. ലളിതമായും ദീര്‍ഘവീക്ഷണത്തോടെയും കാര്യങ്ങള്‍ കാണുകയും, ജനജീവിതത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന ഒരു ഭരണാധികാരിയെയാണ് പ്രധാനമന്ത്രിയായ മോദിയില്‍ ലോകം ദര്‍ശിച്ചത്. നിരവധിയായ പദ്ധതികളില്‍ ജന്‍ധന്‍ യോജന, സ്വച്ഛ് ഭാരത് അഭിയാന് എന്നിവ മാത്രം മതി മോദി എന്ന രാഷ്ട്രനായകന് യാഥാര്‍ത്ഥ്യമാക്കിയ മാറ്റങ്ങളുടെ മഹത്വം മനസ്സിലാക്കാന്‍. പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന എന്ന പദ്ധതി കോടാനുകോടി സ്ത്രീകളുടെ ജീവിതം അവിശ്വസനീയമാംവിധം മാറ്റിത്തീര്‍ത്തു.
കഠിനമായ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഒരു ഭരണാധികാരി എങ്ങനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നതിന്റെ പാഠപുസ്തകമാണ് മോദി. മനുഷ്യരാശിയുടെ ഭാവിയില്‍ത്തന്നെ ഇരുള് വീഴ്ത്തി കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതോടെ ലോകത്തെ വന്‍ ശക്തികള്‍ പതറിപ്പോയി. അപ്പോഴും മോദി എന്ന രാഷ്ട്രതന്ത്രജ്ഞന് ജനങ്ങളോട് നിരന്തരം സംസാരിച്ചു. അവരുടെ പ്രതീക്ഷകളെ ജ്വലിപ്പിച്ചുനിര്‍ത്തുകയും, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മധൈര്യം പകരുകയും ചെയ്തു. ലോകരാഷ്ട്രങ്ങള്‍ ഇത് അംഗീകരിച്ചു.
ഭാരതം എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന് മോദിയെക്കാള്‍ നല്ലൊരു കാവല്‍ഭടനെ ലഭിക്കാനില്ല. രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും, രാഷ്ട്രത്തിന്റെ അഭിമാനത്തിന് മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്നും ആഭ്യന്തര ശത്രുക്കളെയും ശത്രുരാജ്യങ്ങളെയും ഒരേപോലെ ബോധ്യപ്പെടുത്താന്‍ മോദിക്ക് കഴിഞ്ഞിരിക്കുന്നു. ഭാരതം എന്ന മഹത്തായ രാഷ്ട്രം അടുത്ത 50 വര്‍ഷം സഞ്ചരിക്കുക മോദി വെട്ടിത്തെൡച്ച വഴിത്താരയിലൂടെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: