തിരുവനന്തപുരം: കെ. സുരേന്ദ്രന് എന്നു കേള്‍ക്കുമ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വഭാവവും സ്വരവും മാറുന്നു. രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായി കാണുന്ന കമ്യൂണിസ്റ്റ് കാര്‍ക്കശ്യം പുറത്തുവരുന്നു. ചൊവ്വാഴ്ചത്തെ പത്രസമ്മേളനത്തില്‍ അത് ഒരിക്കല്‍ക്കൂടി വ്യക്തമായി. ശബരിമല യുവതീ പ്രവേശന വിരുദ്ധസമരത്തോടെയാണ് മുഖ്യമന്ത്രിക്ക് സുരേന്ദ്രന് കണ്ണിലെ കരടായത്. എങ്ങിനെയും സുരേന്ദ്രനെ പൂട്ടാന്‍ ആജ്ഞാനുവര്‍ത്തികളായ പോലീസ് ഉദ്യോഗസ്ഥരെ ചട്ടംകെട്ടുകയും ചെയ്തു. സമരവും ജയിലുമെന്നൊക്കെ കേട്ടാല്‍ മാളത്തിലൊളിക്കുമെന്ന് ധരിച്ചുവോ എന്തോ? കുറച്ചുദിവസം ജയിലിലടയ്ക്കപ്പെട്ട സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷനായതോടെ കൊള്ളരുതായ്മകള്‍ക്കെതിരായ സമരത്തിന്റെ പരമ്പരകള്‍ തന്നെയുണ്ടായി.
സ്വര്‍ണക്കള്ളക്കടത്തിന്റെ ഉള്ളുകളികള്‍ മനസ്സിലാക്കിയ ബിജെപി അധ്യക്ഷനാണ് മുഖ്യമന്ത്രി ഓഫീസിന്റെ കള്ളക്കളികള്‍ ആദ്യമായി പുറംലോകത്തെ അറിയിച്ചത്. ആദ്യം അതൊക്കെ ശക്തമായി നിഷേധിച്ചുവെങ്കിലും നാളുകള്‍ പിന്നിടുംതോറും സംഗതികള്‍ ഓരോന്നും പുറത്തുവന്നു. സ്വപ്ന സുരേഷ് അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ പ്രതിരൂപമായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തേക്കും. കളങ്കിതരെ രക്ഷിക്കാനുള്ള പ്രയത്നത്തിനെതിരെ ബിജെപി പ്രക്ഷോഭം ശക്തിപ്പെടുത്തി. മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങളും പ്രക്ഷോഭത്തിന്റെ മാര്‍ഗത്തിലേക്ക് വന്നു. ഇതിനെ ലാത്തിയും തോക്കുമായി നേരിടാന്‍ ഒരുങ്ങിയ സര്‍ക്കാരിനെതിരെ കുരുക്കുമുറുകുന്നു. ഒന്നും മറച്ചുവയ്ക്കാനില്ലെന്നും മന്ത്രി ജലീലടക്കം നിരപരാധികളാണെന്നുമുള്ള സര്‍ക്കാര്‍ ഭാഷ്യത്തെ ഖണ്ഡിച്ചുകൊണ്ടാണ് കെ. സുരേന്ദ്രന്റെ പ്രതികരണം വന്നത്. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന വാചകമാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.
സുരേന്ദ്രന്റെ പ്രതികരണം രാഷ്ട്രീയ ആരോപണമാണ്. അതിന് മറുപടി നല്‍കേണ്ടത് രാഷ്ട്രീയമായാണ്. സുരേന്ദ്രന്റെ ആരോപണം കഴമ്പില്ലാത്തതാണെങ്കില്‍ മുഖ്യമന്ത്രിക്ക് നിയമപരമായ നടപടി സ്വീകരിക്കാം. അതിന് പഴുതില്ലെങ്കില്‍ കള്ളക്കേസെടുത്ത് ജയിലിലടയ്ക്കാം. അതിനുപകരം പുലഭ്യം പറയുന്നത് സ്ഥാനത്തിനും മാനത്തിനും ചേര്ന്നതാകുമോ?
സുരേന്ദ്രന്റേത് എല്ലില്ലാത്ത നാക്കെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എല്ലുള്ള നാക്ക് ആര്‍ക്കൊക്കെ എന്ന് മുഖ്യമന്ത്രിക്കറിയുമായിരിക്കാം. മാനസികനില തെറ്റി എന്തും വിളിച്ചുപറയുന്ന ആള് എന്നാണ് സുരേന്ദ്രനെക്കുറിച്ച് പിണറായി ഒടുവില്‍ പറഞ്ഞത്. സുരേന്ദ്രന് മറുപടി പത്രസമ്മേളനത്തില്‍ പറയുന്നില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സുരേന്ദ്രന് ലൈഫ് മിഷന് കോഴയെക്കുറിച്ച് പരസ്യമായാണ് പറഞ്ഞത്. അതിന് പരസ്യമായല്ലാതെ മുഖ്യമന്ത്രി എവിടെ ചെന്ന് രഹസ്യമായി പറയും? സുരേന്ദ്രന്റെ വീട്ടില്‍ ചെന്ന് ചെവിയില്‍ മന്ത്രിക്കാന്‍ സുരേന്ദ്രന് പിണറായി വിജയന്റെ ‘ഒക്കച്ചങ്ങായി” (കൂടെ നില്ക്കുന്ന ചങ്ങാതി) യാണോ? ലീഗിനും ബിജെപിക്കും ഒന്നിച്ചുനീങ്ങാനുള്ള ഉപകരണമാക്കി ജലീലിനെ മാറ്റുകയാണത്രെ.
ലീഗിന് രാഷ്ട്രീയ മാന്യത നല്കി അധികാരത്തില്‍ പങ്കാളിയാക്കിയ ആദ്യകക്ഷി സിപിഎമ്മാണ്. ജമാഅത്തെ ഇസ്ലാമിയുമായും കേരളത്തെ കലാപഭൂമിയാക്കിയ മദനിയോടൊപ്പവും നീങ്ങിയ പാരമ്പര്യവും സിപിഎമ്മിനുള്ളതാണ്. കെ. സുരേന്ദ്രനല്ല പിണറായി വിജയനെന്നും മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു. അത് പിന്നെ അങ്ങിനെ ആവണമല്ലൊ. ആയില്ലെങ്കിലല്ലെ അത്ഭുതം. സിപിഎമ്മിന്റെ ഒക്കച്ചങ്ങാതിയാകാന്‍ ബിജെപിക്കാകുമോ? വാടിക്കല്‍ രാമകൃഷ്ണനെ കല്ലുവെട്ട് മഴുകൊണ്ട് വെട്ടിക്കീറിയ സംഭവത്തിന്റെ ഓര്‍മ്മ നിലനില്ക്കുവോളം പിണറായിയും സുരേന്ദ്രനും രണ്ടുവഴിയാണ്.
പിണറായിയും സുരേന്ദ്രനും ഒന്നാണെങ്കില് പിണറായിയെ പോലെ ഭിന്നാഭിപ്രായം പറയുന്നവരെ പരനാറി എന്ന് പറയേണ്ടെ? മാധ്യമങ്ങളോട് കടക്കുപറത്ത് എന്ന് പറയേണ്ടേ? പുരോഹിതന്മാരെ നോക്കി നികൃഷ്ടജീവികളെന്ന് പറയേണ്ടേ? ആചാരങ്ങളെല്ലാം ലംഘിക്കാനുള്ളതാണെന്ന് പ്രസ്താവിക്കേണ്ടെ. അങ്ങിനെയൊന്നും ചെയ്യാത്ത കാലത്തോളം എങ്ങനെ ഇരുവരും ഒന്നാകും! എങ്ങിനെ ഒക്കച്ചങ്ങാതിയാകും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: