തൃശൂര്‍: കോടിയേരി ബാലകൃഷ്ണന്‍-ഇ.പി. ജയരാജന്‍ പോര് സിപിഎമ്മിനെ വലയ്‌ക്കുന്നു. ഇരുകൂട്ടരും എതിരായ വാര്‍ത്തകള്‍ പരസ്പരം ചോര്‍ത്തി നല്‍കുന്നതായാണ് പാര്‍ട്ടിക്കുള്ളില്‍ പരാതി ഉയരുന്നത്. അനുനയിപ്പിക്കാനുള്ള പിണറായി വിജയന്റെ ശ്രമവും പരാജയപ്പെട്ടതായാണ് സൂചന. ഇതോടെ പൊട്ടിത്തെറിയുടെ വക്കിലാണ് പാര്‍ട്ടി.
ഏറ്റവുമൊടുവില്‍ സ്വപ്‌നയുമൊത്തുള്ള മകന്‍ ജെയ്‌സന്റെ ചിത്രം പുറത്തുപോയതിന് പിന്നിലും കോടിയേരിയാണെന്ന നിഗമനത്തിലാണ് ജയരാജന്‍. നേരത്തെ ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ജയരാജനാണെന്ന് കോടിയേരിയും പാര്‍ട്ടി വൃത്തങ്ങളില്‍ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പോരിന് പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുണ്ട്. പിണറായി പാര്‍ട്ടി സെക്രട്ടറിയായ ആദ്യകാലത്ത് ഇടവും വലവും കാത്തത് കോടിയേരിയും ജയരാജനുമായിരുന്നു.
ഇടക്കാലത്ത് എം.എ. ബേബി, തോമസ് ഐസക്ക് എന്നിവരുമായി ചേര്‍ന്ന് കോടിയേരി പുതിയ ചേരിക്ക് നീക്കം തുടങ്ങിയതോടെ പിണറായി ബന്ധം ജയരാജന്‍ ദൃഢമാക്കി കുറുമുന്നണി നീക്കം പരാജയപ്പെട്ട് കോടിയേരി തിരിച്ചത്തിയെങ്കിലും പിണറായി മുമ്പത്തെപ്പോലെ വിശ്വാസത്തിലെടുത്തില്ല.
പിണറായിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ പാര്‍ട്ടിയില്‍ തന്നെ മറികടന്ന് ജയരാജന്‍ വളരുന്നതായി തോന്നിയ കോടിയേരി ജയരാജനെതിരായ നീക്കം ശക്തിപ്പെടുത്തി. ഇതിനിടയില്‍ കിളിരൂര്‍-കവിയൂര്‍ കേസുകളില്‍ ബിനീഷ് കോടിയേരിയുടേയും മറ്റുചില നേതാക്കളുടേയും പേര് ഉയര്‍ന്നുവന്നു. ഈ പേരുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഇ.പി.ജയരാജനാണെന്നാണ് കോടിയേരി ആരോപിക്കുന്നത്. ബിനീഷിനെതിരെ പിന്നീട് ഉയര്‍ന്നു വന്ന പല കേസുകളും മാധ്യമ ശ്രദ്ധയില്‍ എത്തിച്ചതിനു പിന്നിലും ജയരാജന്റെ ഇടപെടല്‍ കോടിയേരി സംശയിക്കുന്നുണ്ട്.
പിണറായിയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വവും അണികളും കോടിയേരിയെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കണ്ടത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് പിണറായി ജയരാജന് വേണ്ടി വാദിച്ചു. കോടിയേരി അന്ന് പിബി അംഗമാണ്. ജയരാജന്‍ കേന്ദ്രക്കമ്മിറ്റി അംഗവും. പിബി അംഗത്തിന് കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ടെന്നും കേന്ദ്രക്കമ്മിറ്റിയംഗം സെക്രട്ടറിയാകുന്നതാണ് നല്ലതെന്നുമായിരുന്നു പിണറായിയുടെ വാദം.
ജയരാജന് പക്ഷേ പിന്തുണ കുറവായിരുന്നു. കണ്ണൂരില്‍ നിന്നുള്ള മറ്റ് നേതാക്കളും വി.എസ് വിഭാഗവും ദേശീയ നേതൃത്വവും കോടിയേരിക്ക് അനുകൂലമായിരുന്നു. പാര്‍ട്ടിയില്‍ പിണറായിയാണ് അവസാന വാക്ക് എന്ന് ധരിച്ചിരുന്നവരെ അമ്പരപ്പിച്ചുകൊണ്ടാണ് കോടിയേരി സെക്രട്ടറിയായത്. പാര്‍ട്ടി സെക്രട്ടറി പദം സ്വപ്‌നം കണ്ടിരുന്ന ജയരാജനേറ്റ തിരിച്ചടിയായി അത്.
തെരഞ്ഞെടുക്കപ്പെട്ട ശേഷം കോടിയേരി ആദ്യം പോയത് വിഎസിനെ കാണാനാണ്. എന്നാല്‍ സെക്രട്ടറിയായ ശേഷം പിണറായിയുമായി പോരിനല്ല ,അനുനയത്തിനാണ് കോടിയേരി ശ്രമിച്ചത്. ഇ.പി.ജയരാജന്‍ പലപ്പോഴും അതിനൊരു തടസമായി. മന്ത്രിയായ ഉടനെ ജയരാജന്‍ ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ ആദ്യം രാജിയാവശ്യപ്പെട്ടത് കോടിയേരിയായിരുന്നു. സംസ്ഥാന കമ്മിറ്റിയിലും രാജിയല്ലാതെ മറ്റൊരു വഴിയില്ലെന്ന് കോടിയേരി നിര്‍ബന്ധം പിടിച്ചതോടെയാണ് രാജി അനിവാര്യമായത്. ഇരുവരും തമ്മിലുള്ള പോര് മുറുകുന്നതോടെ മക്കള്‍ മാഹാത്മ്യവും അരമനരഹസ്യവും അങ്ങാടിപ്പാട്ടാകുന്നതാണ് പാര്‍ട്ടിയെ വലക്കുന്നത്.
ഇ.പി. ജയരാജനെതിരെ കോടിയേരി നിരവധി തവണ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പിണറായിയെ മറികടന്ന് ജയരാജനെതിരെ ഒരു നടപടിയും എടുക്കാന്‍ നേതൃത്വം തയാറായിട്ടില്ല. ഇപ്പോള്‍ സ്വപ്നയുമൊത്തുള്ള മകന്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നില്‍ കോടിയേരിയുടെ മകനാണെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിഞ്ഞുള്ള നീക്കമാണിതെന്നും കാണിച്ച് കേന്ദ്ര നേതൃത്വത്തിന് ജയരാജനും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: