രാജ്യദ്രോഹത്തിന്റെ സ്വഭാവമുള്ള സ്ഫോടനാത്മകമായ അഴിമതിയാരോപണങ്ങളില്‍പ്പെട്ട് ആടിയുലയുന്ന ഇടതുമുന്നണി സര്‍ക്കാര്‍ പ്രതിപക്ഷ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലും, ലൈഫ് മിഷന് പദ്ധതിയിലും അതീവ ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാരായ കെ.ടി. ജലീലും ഇ.പി. ജയരാജനും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാമെന്ന ജനാധിപത്യവിരുദ്ധമായ മനോഭാവമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പോലീസിനെ കയറൂരി വിട്ട് കാട്ടാളത്തം അനുവദിക്കുകയാണ്. ഇതിനെ പിന്തുണച്ച് എരിതീയില്‍ എണ്ണ പകരുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സിപിഎം നേതാക്കളും നടത്തുന്നത്. അഴിമതി ഞങ്ങളുടെ ജന്മാവകാശമാണ്. അതിനെ ചോദ്യം ചെയ്യാന്‍ ആരെയും സമ്മതിക്കില്ല എന്നൊരു മനോഭാവം സര്‍ക്കാരിനെ നയിക്കുന്നവരില്‍ രൂപപ്പെട്ടിരിക്കുന്നു. തലസ്ഥാനത്ത് ജനപ്രതിനിധികളെപ്പോലും പോലീസിനെ ഉപയോഗിച്ച് മര്ദ്ദിക്കുന്നതിനുപോലും സര്‍ക്കാര്‍ മടിക്കുന്നില്ല.
നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷം കോണ്‍ഗ്രസ്സാണെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ തിന്മകള്ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുന്നത് ബിജെപിയാണ്. സംസ്ഥാനം ഭരിക്കാനുള്ള അടുത്ത ഊഴത്തിനുവേണ്ടി കാത്തിരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ്സ്, എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആത്മാര്‍ത്ഥമായി രംഗത്തിറങ്ങാന്‍ തയ്യാറല്ല. ഇക്കാര്യം സര്‍ക്കാരിനുമറിയാം. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ച ഒത്തുകളിയുടെ രൂപത്തിലേക്ക് മാറിയത് ജനങ്ങള്‍ കണ്ടതാണ്. ഇതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ്സിന്റെ പ്രമേയത്തെ പിന്തുണയ്ക്കാന്‍ ബിജെപിയുടെ ഏക അംഗമായ ഒ. രാജഗോപാല്‍ തയ്യാറാവാതിരുന്നതും. സര്‍ക്കാര്‍ ഭയക്കുന്നത് ബിജെപിയെയാണ്. ജനങ്ങളുടെ പ്രതിപക്ഷ നേതാവെന്ന് ഒ. രാജഗോപാല്‍ വിശേഷിപ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയും പോഷക സംഘടനകളും നടത്തുന്ന സമരം ദുര്‍ഭരണത്തിന്റെ പ്രതീകമായ എല്‍ഡിഎഫ് സര്‍ക്കാരിനെ ശ്വാസംമുട്ടിക്കുകയാണ്.
അഴിമതിയുടെ ആള്‍രൂപങ്ങളായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് ഭാരതീയ ജനതാ യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും എബിവിപിയും സമരത്തിന്റെ വേലിയേറ്റം തന്നെയാണ് സൃഷ്ടിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ അധികാര ദുരുപയോഗത്തിനും അടിച്ചമര്‍ത്തലിനുമെതിരെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ വലിയ മുന്നേറ്റത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. കൊറോണ പ്രതിരോധത്തിന്റെ മറവില്‍ സമരങ്ങളെ ഒഴിവാക്കാന്‍ ശ്രമിച്ച സര്‍ക്കാരിനുള്ള കനത്ത താക്കീതാണിത്. ഈ സമരങ്ങളെ തുടരാന്‍ അനുവദിച്ചാല്‍ അത് ഭരണത്തിന്റെ അന്ത്യംവരുത്തുമെന്ന് ഭയപ്പെടുന്ന സര്‍ക്കാര്‍ സര്‍വശക്തിയുമെടുത്ത് അടിച്ചമര്‍ത്തുകയാണ്. ചൊവ്വാഴ്ച യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘടനയുടെ അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണനെയും ഉപാധ്യക്ഷന്‍ അനുരാജിനെയും പോലീസ് പട വളഞ്ഞിട്ട് തല്ലി. കണ്ണൂരില്‍ മന്ത്രി ഇ.പി. ജയരാജന്റെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ ഡിവൈഎസ്പി പി.പി. സദാനന്ദന് സിപിഎമ്മിന്റെ ഗുണ്ടയെപ്പോലെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകരെ കിരാതമായി മര്‍ദ്ദിച്ചത്. എറണാകുളത്തും പാലക്കാട്ടും ബിജെപി-യുവമോര്‍ച്ച നേതാക്കളെ പോലീസ് തല്ലിച്ചതച്ചു.
കണ്ണൂരില്‍ പോലീസിനൊപ്പം ഡിവൈഎഫ്ഐക്കാരും സമരമുഖത്തെ യുവമോര്‍ച്ച പ്രവര്‍ത്തകരെ മര്ദ്ദിക്കാനിറങ്ങി. പോലീസിന്റെ ഒത്താശയോടെയായിരുന്നു ഇത്. പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസിന്റെ ആവശ്യമില്ലെന്നും, സിപിഎമ്മും ഡിവൈഎഫ്ഐക്കാരും മന്ത്രിമാരുടെ സംരക്ഷണത്തിനെത്തുമെന്നും മന്ത്രി എ.കെ. ബാലന് ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ അഴിഞ്ഞാട്ടം. എന്നാല്‍ ഇതുകൊണ്ടൊന്നും അഴിമതിക്കും രാജ്യദ്രോഹത്തിനുമെതിരായ സമരത്തില്‍ നിന്ന് ദേശീയ ശക്തികള്‍ ഒരിഞ്ചുപോലും പിന്നോട്ടുപോയില്ല. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത സിപിഎമ്മിന് അതിന്റെ കരുത്ത് എന്താണെന്ന് വരും ദിനങ്ങളില്‍ മനസ്സിലാകും. പ്രളയവും കോവിഡ് മഹാമാരിയും ജനജീവിതം ദുസ്സഹമാക്കുമ്പോഴും അഴിമതിയും സ്വജനപക്ഷപാതവും നടത്തി അപമാനത്തിന്റെ നെല്ലിപ്പടിയില്‍ എത്തിയിരിക്കുന്ന പിണറായി സര്‍ക്കാരിന് ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. പോലീസിനെ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലിലൂടെ അധികാരത്തില്‍ തുടരാമെന്നാണ് കരുതുന്നതെങ്കില്‍ അതിന് സര്‍ക്കാര്‍ മാത്രമല്ല, സിപിഎമ്മും കനത്ത വില നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: