കണ്ണൂര്‍: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ യോഗ കോഴ്സ് നടത്താന്‍ സിപിഎം നേതൃത്വത്തിലുളള അസോസിയേഷന് പഠനകേന്ദ്രങ്ങള്‍ അനുവദിച്ചത് വിവാദമാകുന്നു. സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ഒരാഴ്ച മുമ്പ് ഓണ്‍ലൈനായി ആരംഭിച്ച കോഴ്സിന്റെ ജില്ലാതല പഠനകേന്ദ്രങ്ങളാണ് സിപിഎം നിയന്ത്രണത്തിലുള്ള യോഗ അസോസിയേഷന് ഓഫ് കേരളയുടെ കീഴിലുള്ള പഠനകേന്ദ്രങ്ങള്‍ക്ക് നല്‍കിയത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന യോഗ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സാണിത്.
ഈ അധ്യയന വര്‍ഷം മുതല്‍ അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി യോഗ പരിശീലനം ആരംഭിച്ചു. നിലവില്‍ വിക്ടേഴ്സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍. ഇതിന്റെ തുടര്‍ച്ചയായി സ്കൂളുകളില്‍ ക്ലാസ് ആരംഭിക്കാനിരിക്കെ യോഗാധ്യാപകരുടെ നൂറുകണക്കിന് ഒഴിവുകളാണ് സ്കൂളുകളിലുണ്ടാകുക. ഇത് മുന്‍കൂട്ടി കണ്ട് സിപിഎമ്മുകാര്‍ക്ക് പരിശീലനം നല്കി അധ്യാപകരാക്കാനാണ് നീക്കം.
യോഗയില്‍ സര്‍വ്വകലാശാല ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുനില്ക്കവേയാണ് ഈ ശ്രമം. യോഗ അസോസിയേഷന് ഓഫ് കേരളയുടെ സംസ്ഥാനത്തെ പതിനാല് പഠനകേന്ദ്രങ്ങളും എസ്ആര്‍സി പഠന കേന്ദ്രങ്ങളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കോഴ്സിന്റെ കോ-ഓര്ഡിനേറ്റര്മാരെല്ലാം സിപിഎം സഹയാത്രികരാണെന്ന് മാത്രമല്ല, പഠന കേന്ദ്രങ്ങളില്‍ ഒട്ടുമിക്കതും സിപിഎം ശക്തികേന്ദ്രങ്ങളിലുമാണ്.
ഏതാനും മാസം മുമ്പ് യോഗ അസോസിയേഷന് കോഴ്സ് പൂര്‍ത്തിയാക്കിയവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സ്കൂളുകളില്‍ നിയമിക്കാന്‍ നടത്തിയ നീക്കം വിവാദമായിരുന്നു. കേരള യോഗ ടീച്ചേഴ്സ് യൂണിയന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി റദ്ദാക്കി. കോടതി ഉത്തരവ് മറികടക്കാന്‍ കൂടിയാണ് പുതിയ നീക്കം. സ്കൂളുകളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള യോഗ പാഠപുസ്തകങ്ങള്‍ കരിക്കുലം കമ്മിറ്റി നിര്‍ദ്ദേശിച്ച് നല്‍കിയെങ്കിലും അത് പ്രിന്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുമ്പ് ധൃതിപ്പെട്ട് സ്കൂളുകളില്‍ യോഗ ഉള്‍പ്പെടുത്തിയതിലും ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: