മനുഷ്യരായ നാമെല്ലാം പല തരക്കാരാണെന്നു നമുക്കറിയാം. നമ്മിലെല്ലാം കുറവുകളുണ്ട്. നാമൊന്നും പരിപൂര്‍ണരല്ല. എന്നാല്‍ നമ്മുടെ കുറവുകള്‍ ഒന്നുകില്‍ നാം സ്വയം തിരിച്ചറിയണം, അല്ലെങ്കില്‍ മറ്റുള്ളവരുടെ സഹായത്തോടെ തിരിച്ചറിയണം. അല്ലെങ്കില്‍ നമുക്കു തീരെ പുരോഗമിക്കാന്‍ സാധിക്കാതെ വരികയും ജീവിതം വെറുതെയാവുകയും ചെയ്യും. കുറെ ഭക്ഷിച്ചു, കുറേ ഉറങ്ങി, കുറേ പണിയെടുത്തു, മക്കളെ പരിപാലിച്ചു, വൃദ്ധനായി, മരിച്ചു; അത്രതന്നെ. വീണ്ടും ഈ ലോകത്തില്‍ തിരിച്ചുവന്ന് അതേ ജീവിതം തുടരുന്നു. അങ്ങനെയായാല്‍ പിന്നെ മോക്ഷത്തിനു വേണ്ടി ശ്രമിക്കാനുള്ള അനേകം ദിവ്യഗുണങ്ങള് ഉള്ളില്‍ വികസിച്ചുവരുന്നതു പോയിട്ട് ഒരു മാന്യനായി ജീവിക്കാന്‍പോലുമുള്ള കഴിവു വികസിപ്പിക്കുന്നതില്‍ നാം തീരെ പരാജയപ്പെടും. ഇതു തീരാദുരിതം വരുത്തിവെക്കുമെന്നത് ഉറപ്പാണ്. ഒരു ചെറിയ സ്വത്തുകേസില്‍ ജയിക്കാന്‍ ജീവിതകാലം മുഴുവന്‍ കോടതി കയറിയിറങ്ങുകയും ഉള്ള പണം മുഴുവനും അതിനുവേണ്ടി തീര്‍ക്കുകയും, ചെറിയൊരു വൈരാഗ്യത്തിനു മഹാപാതകംപോലും ചെയ്ത് ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കുകയും, അങ്ങനെ തനിക്കും കുടുംബത്തിനും ദുരിതം വരുത്തിവെക്കുകയും ചെയ്യുന്നവരുടെ സ്ഥിതിയോര്ത്താല് ഇക്കാര്യം വ്യക്തമാകും.
അതുകൊണ്ടു താന്‍ ഏതു മനുഷ്യവിഭാഗത്തില്‍ പെടുന്നു എന്നു കണ്ടുപിടിക്കല് ഓരോ മനുഷ്യനെ സംബന്ധിച്ചും പരമപ്രധാനമാണ്. ഇതിനു നമുക്ക് അധ്യാത്മശാസ്ത്രത്തെ ആശ്രയിക്കാം, അതിനു കഴിവില്ലെങ്കില്‍ സത്തുക്കളെ ആശ്രയിക്കാം, അതും കഴിയുന്നില്ലെങ്കില്‍ തന്നത്താന്‍ സ്വന്തം ജീവിതം പരിശോധിച്ച്, തന്റെ പെരുമാറ്റംകൊണ്ട് കുടുംബത്തിലും സമൂഹത്തിലുമുണ്ടാകുന്ന ഫലം സ്വയമറിഞ്ഞ് മാറാന്‍ ശ്രമിക്കണം. ഈ വിഷയത്തില്‍, മനുഷ്യര്‍ എത്ര തരമുണ്ടെന്നതിനെപ്പറ്റി ശ്രീരാമകൃഷ്ണന് ബ്രഹ്മഭക്തന്മാരോടു പറഞ്ഞത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അതു
നാം പഠിക്കേണ്ടതാണ്. അദ്ധ്യാത്മദൃഷ്ടിയിലൂടെ മനുഷ്യരിലെ ഭേദങ്ങളറിയാന് അത് ഉപകരിക്കുന്നു. അന്ന് (1884 ഒക്ടോബര്‍ 19) ബ്രഹ്മസമാജത്തിന്റെ ശരത്കാലോത്സവ സമ്മേളനം കൊല്‍ക്കത്തയിലെ സിന്തിയില്‍ ബേനിമാധവ് പാലിന്റെ ഉദ്യാനഗൃഹത്തില്‍ നടക്കുകയായിരുന്നു. അക്കൂട്ടത്തില്‍ സമാജത്തില്‍പ്പെട്ട ഒരു സബ്ജഡ്ജിയുമുണ്ട്. ശ്രീരാമകൃഷ്ണന് അവരോടു പറഞ്ഞു:
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: