കല്‍പ്പറ്റ: ശ്രീ നാരായണ ഗുരുവിന്റെ പേരില്‍ ആരംഭിക്കുന്ന ഓപ്പണ്‍ യൂണിവേഴ്സിറ്റിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം നാല് യൂണിവേഴ്സിറ്റികളിലും കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രൈവറ്റ്, വിദൂര വിഭാഗ സംവിധാനം തുടരണമെന്ന് പാരലല്‍ കോളജ് അസോസിയേഷന് ഭാരവാഹികള്‍. അന്‍പത് വര്‍ഷക്കാലമായ് കേരളത്തിന്റെ സാംസ്കാരികവും, വിദ്യാഭ്യസപരവുമായ പുരോഗതിയില്‍ നിണായക പങ്കു വഹിച്ച പ്രസ്ഥാനമാണ് പാരലല്‍ കോളജുകള്‍.
ലക്ഷക്കണക്കിന് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ പഠനം സാധ്യമാക്കിയതും, പതിനായിരക്കണക്കിന് അധ്യാപകര്‍ക്കും, ആയിരകണക്കിന് അനധ്യാപകര്‍ക്കും വിദ്യാഭ്യാസവും തൊഴിലും നല്കിയ സമാന്തര സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധി നേടുകയാണ്. ഏകദേശം പത്ത് ലക്ഷത്തോളം കുടുംബമാണ് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നത്. പാരലല്‍ കോളേജില്‍ പഠിക്കുന്ന മിക്ക കുട്ടികളും പിന്നാക്ക വിഭാഗത്തില്‍ പെട്ടവരാണ്. ഇവര്‍ക്ക് പല ഗ്രാന്റുകളും ലഭിക്കുന്നുണ്ട്. എന്നാല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി വരുന്നതോടെ ഈ സംവിധാനത്തിന് മാറ്റം വരും. മാത്രമല്ല ഓപ്പണ്‍ യൂണിവേഴ്സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗകര്യവും നല്‍കുന്നില്ല.
പുതിയ സമ്പ്രദായം വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് വാല്യൂ എന്നുള്ളത് ചോദ്യം ചെയപ്പെടും. നാല് സര്‍വകലാ ശാലകളില്‍ നിന്നും പഠിച്ചിറങ്ങുന്ന റെഗുലര്‍, പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കെല്ലാം ഒരേ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ സര്‍വകലാശാല വരുന്നതോടെ സ്ഥിതി മാറും. ഇത് മൗലീക വിദ്യാഭ്യാസത്തിന് എതിരാകും. മാത്രമല്ല എസ്ഡിഇ സിസ്റ്റം നിര്‍ത്തലാക്കുമ്പോള്‍ വഴിയാധാരമാകുന്നത് അധ്യാപകരും അവരുടെ കുടുംമ്പങ്ങളുമാണ്. പാരലല്‍ കോളേജ് അധ്യാപരുടെ സ്ഥിതി തന്നെ കഷ്ടത്തിലാകും. എസ്ഡിഇ കോഴ്സുകളില്‍ പ്രവേശനം നേടുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും പതിനെട്ടു വയസ്സുകാരാണ്. അവരെല്ലാം തുടര്‍ച്ചയായ ദിവസങ്ങളില്‍ പഠനം ആഗ്രഹിക്കുന്നവരാണ്. അവധി ദിവസങ്ങളില്‍ മാത്രം നല്കുന്ന കോണ്ടാക്ട് ക്ലാസുകള്‍ അവര്‍ക്ക് മതിയാകില്ല.
കേരളത്തിലെ നാല് സര്‍വ്വകലാശാലകളുടെയും വരുമാനത്തിന്റെ എഴുപത് ശതമാനവും പ്രൈവറ്റ് വിദ്യാര്‍ഥികള്‍ നല്കുന്ന ഫീസ് ഇനമാണ്. അത് നിലച്ചാല്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ പോലും തകരാറിലാകും. കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദൂര, പ്രൈവറ്റ് വിഭാഗം നിലനിര്‍ത്തി കൊണ്ട് ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസവും, പതിനായിരങ്ങളുടെ തൊഴിലും സംരക്ഷിക്കണമെന്നതാണ് അസോസിയേഷന് ഭാരവാഹികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: