തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതിളായ സ്വപ്ന സുരേഷിന്റെ നെഞ്ചുവേദനയും റമീസിന്റെ വയറുവേദനയും വയറ്റിളക്കവും നാടകമെന്ന് തെളിഞ്ഞു. നെഞ്ചുവേദനയുടെ കാരണം കണ്ടെത്താനുള്ള ആന്‍ജിയോഗ്രാം പരിശോധന നടത്തുന്നതിന് തൊട്ടുമുന്‍പ് തന്റെ നെഞ്ചു വേദന മാറിയെന്നും ഇനി പരിശോധന വേണ്ടെന്നും സ്വപ്ന അറിയിക്കുകയായിരുന്നു. ആന്‍ജിയോഗ്രാമിനു സമ്മതപത്രം എഴുതി വാങ്ങാനെത്തിയ മെഡിക്കല്‍ സംഘത്തോടു നെഞ്ചുവേദന മാറിയെന്നും പരിശോധന പിന്നീടാകാമെന്നും സ്വപ്ന പറഞ്ഞു.
സ്വപ്നയെ രണ്ടാമതും ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ ഇസിജി, ഇക്കോ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ കണ്ടില്ല. ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഒരുങ്ങിയെങ്കിലും ഇവര്‍ നെഞ്ചുവേദന ശക്തമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് ആന്‍ജിയോഗ്രാം നിര്‍ദേശിച്ചത്. റമീസിന് എന്‍ഡോസ്കോപ്പി പരിശോധനയില്‍ രോഗലക്ഷണങ്ങളൊന്നും കണ്ടില്ല. മെഡിക്കല്‍ ബോര്‍ഡ് വീണ്ടും യോഗംചേര്‍ന്ന് ഇന്നലെ വൈകിട്ടോടെ ഇരുവരെയും ജയിലിലേക്കു തിരിച്ചയച്ചു.
സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സ്ഥിരീകരിച്ചതോടെ ആശുപത്രിവാസം നാടകമായിരുന്നെന്നു ജയില്‍വകുപ്പിനു വ്യക്തമായി. സ്വപ്നയെയും സ്വപ്നയെയും റമീസിനെയും എന്‍ഐഎ വീണ്ടും ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നതിനിടെ തങ്ങളുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ ഒഴിവാക്കാനും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഒരേസമയം ഇരുവരും ആശുപത്രിവാസം തരപ്പെടുത്തിയതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
സ്വപ്നയ്ക്ക് ഒരുതരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയതിന്റെ പിറ്റേന്നാണ് ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ഇവര്‍ക്കു സന്ദര്‍ശകരെ അനുവദിക്കരുതെന്നും പുറംലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും കാട്ടി ജയില്‍ സൂപ്രണ്ടുമാര്‍ പൊലീസിനു കത്തു നല്‍കിയിരുന്നു. എന്നാല്‍, സ്വപ്ന ആശുപത്രി സെല്ലിനുള്ളില്‍നിന്നു ഫോണ്‍ ചെയ്തെന്ന സൂചന ലഭിച്ചതോടെ ആശുപത്രിവാസം ആസൂത്രിതമെന്ന സൂചന ശക്തമാണ്. പല ഉന്നതരേയും സ്വപ്ന ഫോണില്‍ ബന്ധപ്പെട്ടതായാണ് സൂചന. മന്ത്രി എ.സി. മൊയ്തീന് ഈ സമയത്ത് ആശുപത്രിയില്‍ എത്തിയതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: