ധര്മമനുസരിച്ചു ജീവിക്കുന്നതും പണമുണ്ടാക്കുന്നതും ആഗ്രഹങ്ങള്‍ സാധിക്കുന്നതുമെല്ലാം മോക്ഷമെന്ന പരമലക്ഷ്യം മനസ്സില്‍ വെച്ചുകൊണ്ടാവണം. നാമെല്ലാം ഒരു ദിവസം ജനിച്ച് മറ്റൊരു ദിവസം മരിച്ച് തീരെ ഇല്ലാതാവുന്നവരാണെങ്കില്പ്പിന്നെ ജീവിതത്തിനുതന്നെ അര്‍ത്ഥവുമില്ല. നാമെല്ലാം ഈശ്വരാംശമാണ്. ഈ സത്യമാണ്, ‘മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതനഃ’ (ഈ സംസാരത്തിലെ ജീവന് എന്റെതന്നെ ശാശ്വതമായ ഭാഗം മാത്രമാണ്) (ഗീത, 15.7) എന്ന് ശ്രീകൃഷ്ണഭഗവാന് വെളിപ്പെടുത്തുന്നത്. ആ ഈശ്വരാംശത്തെ സ്വയം അനുഭവിച്ചാലേ നമ്മുടെ ദുഃഖങ്ങളും സംശയങ്ങളും മരണഭയവും തീരുന്നുള്ളൂ, നാം എന്നുമുണ്ടായിരുന്നുവെന്നും എന്നുമുണ്ടായിരിക്കുമെന്നും അറിയുന്നുള്ളൂ. അതു കൊണ്ട്, മനുഷ്യദേഹത്തില്‍ ഭൂമിയില്‍ ജനിക്കുക ദുര്ലഭമായതുകൊണ്ടും ആ ജന്മം ഭാഗ്യവശാല്‍ കിട്ടിക്കഴിഞ്ഞതുകൊണ്ടും ഈ ജീവിതം നാം സമ്പൂര്‍ണമായി പ്രയോജനപ്പെടുത്തണം. അതായത്, പരമപുരുഷാര്‍ത്ഥമായ മോക്ഷത്തിനുവേണ്ടി ശ്രമിച്ച്, ആത്മജ്ഞാനം നേടി, ശരിയായ ശാന്തിയും ആനന്ദവും നേടി, എല്ലാ സംശയവും ഭയവും ആശയക്കുഴപ്പവും തീര്‍ന്ന്, ആത്മാനന്ദത്തില്‍ രസിക്കണം, അമൃതത്വം നേടണം, പരമപദം പൂകണം.
പക്ഷേ ഇക്കാര്യം എളുപ്പമല്ലെന്ന് ആചാര്യന്മാര് പറയുന്നുണ്ട്. എന്നാല്‍ അസാധ്യവുമല്ല. ശങ്കരാചാര്യര്‍ വിവേകചൂഡാമണിയില്‍ (2) പറയുന്നതു നോക്കാം:
ജന്തൂനാം നരജന്മദുര്ലഭമതഃ
പുംസ്ത്വം തതോ വിപ്രതാ
തസ്മാദ് വൈദികധര്മ്മമാര്ഗപരതാ
വിദ്വത്ത്വമസ്മാത്പരം
ആത്മാനാത്മവിവേചനം സ്വനുഭവോ
ബ്രഹ്മാത്മനാ സംസ്ഥിതിര്‍-
മുക്തിര്‍നോ ശതകോടിജന്മസുകൃതൈഃ
പുണൈ്യര് വിനാ ലഭ്യതേ
(ജീവികള്‍ക്കു നരജന്മം കിട്ടുക വളരെ പ്രയാസമാണ്. നരജന്മം കിട്ടിയാലും പുരുഷനായി പിറക്കാന്‍ അതിലും പ്രയാസം. പുരുഷനായാലും ബ്രാഹ്മണ്യം കിട്ടാന്‍ വളരെ വിഷമം. ബ്രാഹ്മണനായാല്ത്തന്നെ വൈദികധര്മ്മാനുഷ്ഠാനത്തില് താല്പര്യമുണ്ടാവുക ചുരുക്കമാണ്. താല്പര്യമുണ്ടായാല്ത്തന്നെയും ശാസ്ത്രജ്ഞാനം നേടാന്‍ അതിലും ക്ലേശം. ആത്മാവിനെയും അനാത്മാവിനെയും വേര്‍തിരിച്ചറിഞ്ഞ് ആത്മസാക്ഷാത്കാരം സാധിച്ച് ബ്രഹ്മാത്മൈക്യബോധത്തില് സ്ഥിതി ചെയ്ക എന്നുള്ളത് എത്രയോ പ്രയാസമേറിയ കാര്യമാകുന്നു. അനേകകോടി ജന്മങ്ങളില് ചെയ്ത പുണ്യത്തിന്റെ ഫലമായിട്ടല്ലാതെ മുക്തി ലഭിക്കുകയില്ല.) ഇവിടെ ബ്രാഹ്മണന് എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് ദൈവികഗുണങ്ങള്‍ തികഞ്ഞ വ്യക്തി എന്നാണെന്നു മനസ്സിലാക്കണം. എന്തെല്ലാമാണ് ദൈവിക ഗുണങ്ങള്‍? ഭഗവദ്ഗീതയുടെ പതിനാറാമദ്ധ്യായത്തില്‍ ശ്രീകൃഷ്ണഭഗവാന് ദൈവികഗുണങ്ങള്‍ ഇങ്ങനെ വിവരിക്കുന്നു: ‘പേടിയില്ലായ്മ, ചിത്തശുദ്ധി, ജ്ഞാനയോഗത്തില്‍ ദൃഢത, ദാനം, ഇന്ദ്രിയങ്ങളുടെ നിഗ്രഹം, ശ്രൗതസ്മാര്ത്തകര്മ്മങ്ങള്, വേദാദ്ധ്യയനം, സാത്ത്വികതപസ്സ്, കുടിലതയില്ലായ്മ, ഹിംസിക്കായ്മ, സത്യം, കോപിക്കാതിരിക്കല്‍, ത്യാഗം, ഉള്ളില്‍ വിഷയങ്ങളെ കയറ്റായ്ക, ഏഷണി പറയായ്ക, പ്രാണികളില്‍ അലിവ്, ദുരയില്ലായ്മ, മനസ്സിന്റെ മാര്‍ദവം, ലജ്ജ, ചാപല്യമില്ലാതിരിക്കല്, തേജസ്സ്, എടുത്തുചാട്ടമില്ലായ്മ, ധൈര്യം, ബാഹ്യാഭ്യന്തരശുചിത്വം, ഒരു പ്രാണിക്കും നോവുണ്ടാക്കാതിരിക്കല്, പൊങ്ങച്ചം കാട്ടായ്ക – ഇവയെല്ലാം ദൈവീകസമ്പത്തിനെ ലക്ഷ്യമാക്കി ജനിച്ചവനുണ്ടാകുന്നതാണ്.’
പതഞ്ജലിമഹര്ഷിയുടെ യോഗസൂത്രങ്ങള്‍ വ്യാഖ്യാനിക്കവെ വിവേകാനന്ദസ്വാമികള്‍ പറയുന്നത്, യോഗത്തിന്റെ എട്ട് അംഗങ്ങളില്‍ ഒന്നാമത്തേതായ യമങ്ങള്‍ എല്ലാവരും എല്ലാ കാലത്തും പാലിക്കേണ്ടമഹാവ്രതങ്ങളാണെന്നാണ്. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ് യമങ്ങള്‍. ഇവ എല്ലാ ജാതികളില്‍പ്പെട്ട സ്ത്രീകളും പുരുഷന്മാരും ബാലന്മാരും വൃദ്ധരും എല്ലാ കാലത്തും എവിടേയും പാലിക്കേണ്ട അതിവിശിഷ്ടധര്മ്മങ്ങളാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: