ശാസ്ത്രവചനത്തിലൂടെയോ, ഗുരൂപദേശത്തിലൂടെയോ, തപസ്സിലൂടെ നേടുന്ന അനുഭവത്തിലൂടെയോ ആത്മാവിന്റെ നിത്യത്വമറിയുന്ന ആരും മരണത്തെ പേടിക്കുന്നില്ല. സാധകനെയോ സിദ്ധനെയോ സംബന്ധിച്ചിടത്തോളം ഈ ജീവിതം ആത്മാവിന്റെ അനന്തജീവിതത്തിന്റെ ഒരു ചെറുശകലം മാത്രം. ശ്രീരാമകൃഷ്ണന് പറയുന്നതുപോലെ, ‘നാട്ടിന്പുറത്തു വീടുള്ളയാള്‍ ജോലിക്കായി കല്ക്കത്തയിലേക്കു വരുന്നതുപോലെ’. കുറച്ചു കര്‍മം ചെയ്യാനായി ഈ ഭൂമിയിലേക്കു വരുന്നു, കര്‍മം കഴിയുമ്പോള്‍ മടങ്ങുന്നു. എന്നാല്‍ ഈ ജീവിതത്തിലെ പ്രഹരങ്ങളേല്‍ക്കാതിരിക്കാന്‍ നാം നമ്മെ സജ്ജരാക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് കിട്ടുന്ന അടികളുടെ ശക്തിയെങ്കിലും നമുക്കു കുറയ്ക്കണം. ഇതെങ്ങനെ നാം സാധിക്കും? സ്വാമിജി പറയുന്നതു നോക്കാം:
‘നാം സ്വയം വഴങ്ങിക്കൊടുക്കാഞ്ഞാല്‍ യാതൊന്നിനും നമ്മെ ബാധിക്കാന്‍ വയ്യ. എന്റെ ശരീരം സജ്ജമാക്കപ്പെട്ടിട്ടില്ലെങ്കില്‍ ഒരു രോഗവും എന്നെ ബാധിക്കില്ലെന്ന് ഞാന്‍ ഇപ്പോള്‍ പറഞ്ഞുവല്ലോ. രോഗബാധ രോഗാണുവിനെ മാത്രം ആശ്രയിച്ചല്ല, ശരീരത്തില്‍ത്തന്നെയുള്ള ഒരു പ്രത്യേകപ്രവണതയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. നാം യാതൊന്നിന് അര്‍ഹരാണോ അതു മാത്രമേ നമുക്കു ലഭിക്കൂ. ഗര്‍വം കളഞ്ഞ് ഈ വസ്തുത – കഷ്ടത ഒരിക്കലും അനര്‍ഹമായി സംഭവിക്കുന്നില്ലെന്നുള്ളത്- നാം മനസ്സിലാക്കുക. അര്‍ഹിക്കാത്ത പ്രഹരം ഒരിക്കലും കിട്ടിയിട്ടില്ല; ഞാന്‍ സ്വന്തം കൈകൊണ്ടു വഴിയൊരുക്കിക്കൊടുക്കാത്ത ഒരു തിന്മയും എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. ഇതു നാം മനസ്സിലാക്കേണ്ടതാണ്. നിങ്ങള്‍ സ്വയം വിശകലനം ചെയ്തുനോക്കുക; അപ്പോള്‍ കാണാം, നിങ്ങള്‍ക്കു കിട്ടിയ ഓരോ പ്രഹരവും വന്നുചേര്‍ന്നത്, നിങ്ങളെ അതിലേക്കു തന്നെത്താന്‍ ഒരുക്കിയതുകൊണ്ടാണെന്ന്. നിങ്ങള്‍ പകുതി ചെയ്തുവെച്ചു; മറ്റേ പകുതി ബാഹ്യലോകവും ചെയ്തു; അങ്ങനെയാണ് പ്രഹരം വന്നുചേര്‍ന്നത്. ഈ വസ്തുത നമ്മെ പാകമുള്ളവരാക്കും. അതേസമയം ഈ വിശകലനത്തില്‍നിന്നുതന്നെ ഒരു ആശാകിരണവും പുറപ്പെടുന്നു. അതിതാണ്: ബാഹ്യലോകത്തിന്റെമേല്‍ എനിക്കു നിയന്ത്രണമില്ല, എന്നാല്‍ എന്നിലുള്ളതും എന്റെ അടുത്തിരിക്കുന്നതുമായ എന്റെ സ്വന്തം ലോകം എന്റെ നിയന്ത്രണത്തിലുള്ളതാണ്. ഒരു പരാജയം നേരിടുവാന്‍ ഇവ രണ്ടും ഒപ്പം ആവശ്യമാണെങ്കില്‍, എനിക്ക് ഒരു പ്രഹരം കിട്ടുന്നതിന് ഇവ രണ്ടും ഒരുമിച്ചു കൂടിയേ തീരുവെങ്കില്‍, എനിക്കധീനമായ ഘടകത്തെ ഞാന്‍ അതിനു വിടില്ല; അപ്പോള്‍പ്പിന്നെ ആ പ്രഹരം എങ്ങനെയുണ്ടാകും? എനിക്ക് എന്റെമേല്‍ത്തന്നെ യഥാര്‍ഥ നിയന്ത്രണം നേടാവുന്നപക്ഷം ആ പ്രഹരം ഒരിക്കലും ഉണ്ടാവില്ല’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: