മൂന്നാം പ്രശ്‌നം
മൂന്നാമത്തെ പ്രശ്‌നക്കാരനായ കൗസല്യനും സംശയം പ്രാണനെപ്പറ്റിത്തന്നെ. അശ്വലപുത്രനായ കൗസല്യന്റെ പ്രശ്‌നത്തിന് ആറു പിരിവുകളുണ്ട്. ചോദ്യങ്ങള്‍ ശ്രദ്ധിക്കുക.
1. ഭഗവാനേ! ഈ പ്രാണന്‍ എവിടെനിന്നാണുണ്ടാകുന്നത്.?
2. ഈ ശരീരത്തില്‍ അതെങ്ങനെയാണ് വരുന്നത്?
3. പ്രാണന്‍ ഏതെല്ലാം വിധത്തിലാണ് ഈ ദേഹത്തില്‍ സ്ഥിതിചെയ്യുന്നത്?
4. ഏത് വൃത്തികൊണ്ടാണ് പ്രാണന്‍ ഈ ശരീരം വിട്ടുപോകുന്നത്?
5. അധിഭൂതവും അധിദൈവവുമായ ബാഹ്യപ്രപഞ്ചത്തെ എങ്ങനെയാണ് പ്രാണന്‍ ധരിക്കുന്നത്.
6. ഏത് വിധത്തിലാണ് അദ്ധ്യാത്മത്തെ ധാരണം ചെയ്യുന്നത്?
കൗസല്യന്റെ പ്രശ്‌നങ്ങളെ അതിപ്രശ്‌നം എന്ന് പിപ്പലാദന്‍ വാഴ്‌ത്തി. അലൗകികമായ വിഷയങ്ങളെ അധികരിച്ചുള്ള ചോദ്യങ്ങള്‍ക്ക് സൂക്ഷ്മ പ്രശ്‌നമെന്നും പേരുണ്ട്. ഇത്രകണ്ട് കടുത്ത ചോദ്യം ഉന്നയിച്ചതിനാല്‍ സംപ്രീതനായ പിപ്പലാദന്‍ കൗസല്യനെ ബ്രഹ്മിഷ്ഠന്‍ എന്ന് വാത്സല്യപൂര്‍വം വിളിച്ചു. ബ്രഹ്മത്തെ ആര് അടുത്തറിയുന്നുവോ അയാള്‍ ബ്രഹ്മിഷ്ഠന്‍. ഉത്തമനായ ഗുരുവിനേ ഉത്തമനായ ശിഷ്യനെ ലഭിക്കു.
പ്രാണന്റെ ഉദ്ഭവം, വരവ്പോക്ക്, പ്രവര്‍ത്തനം, ലോകവും ദേഹവുമായുള്ള ബന്ധം എന്നീ വിഷയങ്ങളെക്കുറിച്ചാല്ലൊ അശ്വലപുത്രന്‍ ചോദിച്ചത്. പതിനൊന്ന് മന്ത്രങ്ങളില്‍ പ്രാണനെപ്പറ്റിയുള്ള സമഗ്രജ്ഞാനമാണ്പ്രശ്‌നോപനിഷത്ത് നല്‍കുന്നത്. ആദ്യഭാഗത്തിനുള്ള മറുപടി പിപ്പലാദന്‍ ഉടനെ നല്‍കി. ‘ഏഷഃ പ്രാണഃ ആത്മനഃ ജായതേ” (ഈ പ്രാണന്‍ ആത്മാവില്‍നിന്ന് ജനിക്കുന്നു.) ഒപ്പം ഉദാത്തമായ ഒരുപമയും; മനുഷ്യന്റെ നിഴല്‍ അയാളുടെ ശരീരത്തോടുചേര്‍ന്ന് കഴിയുന്നതുപോലെ. പരമാത്മാവില്‍നിന്നാണ് പ്രാണന്‍ ജനിക്കുന്നത്. മനുഷ്യന്റെ നിഴല്‍ അവന്റെ ദേഹത്തെ ആശ്രയിച്ച് നില്‍ക്കുന്നതു പോലെയാണ് ഈ പ്രാണന്‍ ആത്മാവില്‍ നിലനില്‍ക്കുന്നത്. ബിംബം യഥാര്‍ത്ഥം. നിഴല്‍ അയഥാര്‍ത്ഥം. ആത്മാവ് യഥാര്‍ത്ഥം. അത് ചില ഉപാധികളില്‍ക്കൂടി പ്രാണനായി നമുക്ക് തോന്നുന്നു.
മഹര്‍ഷി മറ്റൊരു ഉപമകൂടി ഉപയോഗിക്കുന്നു. ഒരു ചക്രവര്‍ത്തി നടുവാഴികളെ നിയോഗിക്കുന്നതുപോലെ ഈ പ്രാണന്‍ ശരീരശക്തികളെ അതത് സ്ഥാനത്തു നിര്‍ത്തി ഭരിക്കുന്നു. ശരീരത്തിന്റെ വിവിധങ്ങളായ അവയവങ്ങളില്‍ പ്രാണന്‍ അപാനന്‍, സമാനന്‍, വ്യാനന്‍,് ഉദാനന്‍ ഇവയാണ് പഞ്ചപ്രാണവായുക്കള്‍. ഇവയെ ശരീരത്തിലെ ഓരോരിടങ്ങളില്‍ നിര്‍ത്തി പ്രവര്‍ത്തിപ്പിക്കുന്നത് ചക്രവര്‍ത്തിയായ മുഖ്യപ്രാണനാണ്.
പ്രാണന്‍ വായുവിലും ഉപസ്ഥത്തിലും അപാനരൂപത്തില്‍ മലമൂത്രങ്ങളെ കീഴ്‌പ്പോട്ടുനയിക്കുന്നു.രാജാവായി പ്രാണന്‍ മുഖത്തിലും നാസികയിലുംകൂടി സഞ്ചരിച്ചുകൊണ്ട് ചക്ഷുസ്സിലും ശ്രോത്രത്തിലും സ്ഥിതിചെയ്യുന്നു. പ്രാണന്റെയും അപാനന്റെയും സ്ഥാനങ്ങളുടെ മധ്യമായ നാഭിയില്‍ സമാനന്‍ ഇരിക്കുന്നു. കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാല്‍ ആളിക്കത്തുന്ന ജഠ രാഗ്നിയുടെ ജ്വാലകളാണ് മുഖത്തുള്ള ഏഴ് ദ്വാരങ്ങള്‍വഴി പുറത്തേക്ക് വരുന്നത്. (ചെവി 2, കണ്ണ് 2, നാസാദ്വാരം 2, വായ, ആകെ 7) ജഠരാഗ്നിയുടെ ഏഴ് ദീപ്തികളാണ് കാണുക, കേള്‍ക്കുക, രുചിക്കുക, തുടങ്ങിയുള്ള രൂപാദിവിഷയങ്ങളുടെ പ്രകാശങ്ങള്‍. സപ്താര്‍ച്ചിസുകള്‍ എന്ന് ഋഗ്വേദം. പിപ്പലാദ മഹര്‍ഷി പ്രകരണം തുടരുന്നു. താമരമൊട്ടിന്റെ ആകൃതിയുള്ള മാംസപിണ്ഡമാണ് ഹൃദയം. ജീവാത്മാവ് ഇവിടെ സ്ഥിതിചെയ്യുന്നു. ഹൃദയത്തില്‍നിന്നും നൂറ്റൊന്ന് പ്രധാന നാഡികള്‍ പുറപ്പെടുന്നു. അവയോരോന്നും നൂറ്‌നൂറ് ശാഖാനാഡികളായി പിരിയുന്നു. ഓരോ ശാഖാനാഡിക്കും എഴുപത്തീരായിരം പ്രതിശാഖാനാഡികള്‍ വീതമുണ്ട്. ഇങ്ങനെ നാഡികളും ശാഖാനാഡികളും പ്രതിശാഖാ നാഡികളും ചേര്‍ന്ന് ആകെ എഴുപത്തിരണ്ട് കോടി എഴുപത്തിരണ്ട് ലക്ഷത്തി പതിനായിരത്തി ഇരുന്നൂറ്റൊന്ന് (727210201) നാഡികള്‍ ഒരു ശരീരത്തിലുണ്ട്. ഇവയിലാണ് വ്യാനന്‍ എന്ന വായു സഞ്ചരിക്കുന്നത് ദേഹമാസകലം വ്യാപിക്കുന്നതുകൊണ്ട് വ്യാനന്‍.
നൂറ്റൊന്ന് പ്രധാന നാഡികളിലൊന്നാ് സുഷുമ്‌ന. ഇതിലൂടെ സഞ്ചരിക്കുന്ന വായുവാണ് ഉദാനന്‍. തേജസ്വിയാണ് ഉദാനന്‍. ദേഹത്തിന്റെ ചൂട് നിലനിര്‍ത്തുന്നത് ഇതത്രെ. അധിഭൂതത്തെയും അധിദൈവത്തെയും അധ്യാത്മത്തെയും ശരീരം ധാരണം ചെയ്യുന്നതെങ്ങനെയെന്നാണല്ലൊ കൗസല്യപ്രശ്‌നത്തിന്റെ അവസാനഭാഗം. പുണ്യപാപകര്‍മങ്ങളാണിവിടെ നിയാമകം.
പ്രാണന്റെ പരമാത്മാവില്‍നിന്നുള്ള ഉത്ഭവമറിഞ്ഞ് മനസ്സിന്റെ സങ്കല്‍പ്പങ്ങളെ ഉയര്‍ത്തുക.’വിജ്ഞായ അമൃതം അശ്‌നുതേ’ (അറിഞ്ഞാല്‍, മരണമില്ലാത്ത അവസ്ഥയെ പ്രാപിക്കും) എന്ന് പറഞ്ഞ് മൂന്നാംപ്രശ്‌നം അവസാനിക്കുന്നു. സൗര്യായണിയായ ഗാര്‍ഗ്യന്‍ ചോദിച്ചുതുടങ്ങി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: