ഭാരതീയാധ്യാത്മവിദ്യയില്‍ ഏകനായി ചരിച്ച് വിശ്വസംസ്കൃതിയുടെ അരുളും പൊരുളും അനുഭൂതിയായി വിടര്‍ത്തിയ മഹാകവിയാണ് കേശവദാസ്. ഭക്തി മുക്തിയുടെ സാദര സങ്കല്പ്പ സാക്ഷ്യമാണ് കേശവദാസിന്റെ അക്ഷരപ്രമാണങ്ങള്‍. ദേവഭാഷയുടെ മഹോര്‍ജവും മൗലികമായ ആത്മദര്‍ശനവും സൃഷ്ടിച്ച കാവ്യകലാ സങ്കല്പ്പനത്തില് ആയോഗാത്മക രചനകള്‍ കാലങ്ങളുടെ നീണ്ട പാതയില്‍ പ്രഭാപൂരം പൊഴിക്കുന്നു.
ഓട്ഛാ രാജാവായ മധുകര്‍ഷായുടെ മന്ത്രാലയത്തില്‍ ഉദ്യോഗം വഹിച്ച കാശീനാഥിന്റെ പുത്രനായി 1612 ലാണ് കേശവദാസിന്റെ ജനനം. സംസ്കൃതഭാഷയില്‍ വ്യുല്പത്തി നേടിയെങ്കിലും പ്രാദേശിക ഭാഷയിലാണ് കവി രചന സാധിക്കുന്നത്. മഹാപുരാണങ്ങളുടെ മാരിവില്ലഴക്, സാധാരണ മനുഷ്യരുടെ ഹൃദയത്തില്‍ വിരിയിക്കാനുള്ള നേരായ മാര്‍ഗമായിരുന്നു അത്. ‘വിജ്ഞാനഗീത’, ‘പ്രബോധ ചന്ദ്രിക’, ‘രാമചന്ദ്രിക’ എന്നീ പ്രകൃഷ്ട രചനകള്‍, ഭക്തി സംസ്കൃതിയുടെ മന്ദാരഗന്ധം വിടര്‍ത്തി. വൈഷ്ണവ സങ്കല്‍പ്പങ്ങളും വിഭൂതിയും നേദിച്ചുള്ള കേശവദാസിന്റെ ക്ഷേത്രായനങ്ങള്‍ സമൂഹത്തിന്റെ നവോത്ഥാനാശയങ്ങള്‍ക്ക് പിന്‍ബലമേകി. ‘ഹരിഭക്തിയിലൂടെ, ശക്തി ഹഠയോഗത്തിലൂടെ മുക്തി’ എന്ന കേശവദാസിന്റെ മഹാശയം നാട്ടിലെങ്ങും സ്വീകാര്യമായി. രാജാവായ വീരസിംഹനാണ് ശൈവസങ്കല്‍പ്പത്തിന്റെ ശാന്തിമാര്ഗത്തിലേക്ക് കവിയെ ആനയിക്കുന്നത്. മായാമോഹവും വിവേകവും തമ്മിലുള്ള അതീതമായ പരികല്പനകള് വിളംബരം ചെയ്യുന്ന ഒരു മഹാകാവ്യം രചിക്കാന്‍ രാജാവ് ഉപദേശിക്കുകയായിരുന്നു. ശിവ പാര്‍വതിമാരുടെ സംഭാഷണ മധുരിമയിലാണ് കാവ്യം രൂപഭാവശില്പ്പം നേടുന്നത്. ലളിതവും ഹൃദ്യവുമായ വരികളിലൂടെ ശൈവസിദ്ധാന്തത്തിന്റെ വിഭൂതി പ്രാര്‍ഥനയാണ് കൃതി നിര്‍വഹിച്ചത്.
നവോത്ഥാന പാതയിലെ ഏകനായുള്ള ഈ സഞ്ചാരപദ്ധതിയുടെ ആത്മരേഖകള്‍ കേശവദാസിന്റെ മന്ത്രസിദ്ധിയുള്ള വരികള്‍ ഏറ്റുചൊല്ലുന്നു. പുരാണകഥകളുടെ ബാഹ്യപ്പൊലിമയല്ല, അതിനുള്ളില്‍ തരിക്കുന്ന തത്ത്വവേദിയായ മഹാശയങ്ങളാണ് കേശവദാസ് പകരുക. നടരാജനടനത്തിന്റെ ഭാവപദ്ധതിയും അര്‍ധനാരീശ്വര സങ്കല്‍പ്പത്തിന്റെ സമന്വയ സാക്ഷ്യവും യോഗാത്മകമായ അക്ഷരങ്ങളിലാണ് മഹാകവി നേദിക്കുന്നത്. ശൈവ വൈഷ്ണവ മാര്‍ഗത്തിന്റെ സമന്വയ സങ്കല്‍പ്പങ്ങളിലാണ് ആ പ്രകൃഷ്ട സൃഷ്ടികള്‍. കാലത്തിന്റെ മൂല്യ നിര്‍ണയത്തില്‍ അത് കനകം പോലെ തിളങ്ങി നില്ക്കുന്നു.
ബുന്ദേല്‍ഖണ്ഡിലെ തുംഗാരണ്യക്ക് സമീപം വസിച്ച് ബേത്വാനദിയുടെ കൊച്ചോളങ്ങളുടെ നാമസങ്കീര്‍ത്തനം കേശവദാസ് ആത്മാവില്‍ സ്വീകരിക്കുകയായിരുന്നു. യോഗാത്മക ഗീതികളായി അത് പ്രതിഭയില്‍ പ്രകാശിതമായി. ഭാരതീയ ധര്‍മസംഹിതയുടെ ഭസ്മക്കുറിയായി കേശവ വൈഖരി കാലങ്ങളില്‍ പ്രതിധ്വനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: