ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെകനെക മരുന്ന് കമ്പനിയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു. വാക്സിന് പരീക്ഷണത്തിന് വിധേയമായ ആള്‍ക്ക് അസാധാരണ പാര്‍ശ്വഫലങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച താത്കാലികമായി നിര്‍ത്തിയ പരീക്ഷണങ്ങളാണ് വീണ്ടും തുടങ്ങിയത്.
പരീക്ഷണങ്ങള്‍ തികച്ചും സുരക്ഷിതമെന്ന് പ്രത്യേക അന്വേഷണ കമ്മിറ്റി ബ്രിട്ടനിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ആസ്ട്രസെനെക പ്രസ്താവനയില്‍ അറിയിച്ചു. എംഎച്ച്പിആര്‍എയുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
പതിനെണ്ണായിരത്തോളം പേര്‍ക്ക് ആഗോളതലത്തില്‍ വാക്സിന് നല്‍കിയെന്നും വലിയ പരീക്ഷണങ്ങള്‍ക്കിടയില്‍ ചിലര്‍ക്ക് പാര്ശ്വഫലങ്ങളുണ്ടാകുക സാധാരണമാണെന്നും ഓക്സ്ഫഡ് സര്‍വകലാശാല വ്യക്തമാക്കി. വാക്സിന് സ്വീകരിച്ചതിന്റെ പാര്‍ശ്വഫലമായാണോ രോഗം വന്നതെന്ന് കണ്ടെത്താന്‍ സ്വതന്ത്ര കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. വ്യക്തിയുടെ സ്വകാര്യത കണക്കിലെടുത്ത് മെഡിക്കല്‍ വിവരം പുറത്ത് വിടാനാകില്ലെന്ന് ആസ്ട്രസെനെക സിഇഒ പാസ്കല്‍ സോറിയറ്റ് അറിയിച്ചു. തുടര്‍ന്നും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളുമനുസരിച്ചാകും പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കൊവിഷീല്‍ഡിന്റെ ഇന്ത്യയിലെ പരീക്ഷണം ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി. ബ്രിട്ടനില്‍ പരീക്ഷണം നിര്‍ത്തിയതിന് പന്നാലെ ഡിസിജിഐ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണങ്ങള്‍ ഇതുവരെ സുരക്ഷിതമാണെന്നും യാതൊരു പാര്ശ്വഫലങ്ങളുമുണ്ടായിട്ടില്ലെന്നും സെറം മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: