തിരുവല്ല: വരുന്ന ശബരിമല തീര്‍ത്ഥാടന കാലത്ത് ഇടത്താവളങ്ങളില്‍ ഭക്തരെ വിരിവയ്ക്കാന്‍ അനുവദിച്ചേക്കില്ല. കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് തീര്‍ത്ഥാടനം നടത്തുന്നതിനുള്ള നിര്‍ദേശങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു അഭിപ്രായമുയരുന്നത്.
ഭക്തരെ വിരിവയ്ക്കാന്‍ അനുവദിച്ചാല്‍ സാമൂഹിക അകലം പാലിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ നല്കുന്ന സൂചന. സന്നിധാനത്തും ഇതേ പ്രശ്നം ഉയര്‍ന്ന് വരാം. ദര്‍ശനം കഴിഞ്ഞ ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല. ഭക്തരെ വിരിവയ്്ക്കാന് അനുവദിച്ചെങ്കില്‍ മാത്രമെ നെയ്യഭിഷേകം അടക്കമുള്ള വഴിപാടുകള്‍ നടത്താന്‍ കഴിയൂ. അതുകൊണ്ട് ഇക്കാര്യത്തില്‍ ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും തീരുമാനം ആവശ്യമാണ്.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിട്ടും സര്‍ക്കാരോ ബോര്‍ഡോ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല. കൊവിഡ്, നവംബര്‍ ആകുമ്പോഴത്തേക്കും മൂര്‍ധന്യത്തിലെത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടും തീര്‍ത്ഥാടനത്തിന് അതനുസരിച്ചുള്ള തയാറെടുപ്പുകള്‍ ബോര്‍ഡോ സര്‍ക്കാരോ തുടങ്ങിയിട്ടില്ല.
കൊവിഡ് പശ്ചാത്തലത്തില്‍ ദിവസം 5,000 തീര്‍ത്ഥാടകരെ വീതം ശബരിമലയില്‍ പ്രവേശിപ്പിക്കാനാണ് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്തത്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള അഞ്ച് കിലോമീറ്റര്‍ പാതയിലൂടെ ആള്‍ക്കൂട്ടം ഒഴിവാക്കി സാമൂഹിക അകലം പാലിച്ച് തീര്‍ത്ഥാടകരെ കടത്തിവിടാമെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്. പതിനെട്ടാംപടിയിലും പ്രത്യേക ക്രമീകരണം നടത്തണം. സാധാരണ ഒരു മിനിറ്റില്‍ 85 മുതല്‍ 90 തീര്‍ത്ഥാടകര്‍ വീതമാണ് പതിനെട്ടാംപടി ചവിട്ടുന്നത്. ഇത് മൂന്നിലൊന്നായി പരിമതപ്പെടുത്തണമെന്ന ശുപാര്‍ശയും ബോര്‍ഡിന് മുന്നിലുണ്ട്.
അതേസമയം, ഇടത്താവളങ്ങളില്‍ ഭക്തരെ തങ്ങാന്‍ അനുവദിക്കാതെ വന്നാല്‍ ബോര്‍ഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. ഇടത്താവളങ്ങളിലെ സ്ഥല ലേലത്തിലൂടെയും മറ്റും ലക്ഷങ്ങളാണ് ബോര്‍ഡിന് കിട്ടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലേലം വച്ചാലും കച്ചവടക്കാര്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. ഇടത്താവളങ്ങളിലെ ക്ഷേത്രങ്ങളില്‍ കാണിക്കയിനത്തിലും വലിയ വരുമാന നഷ്ടം സംഭവിച്ചേക്കുമെന്നാണ് ബോര്‍ഡ് അധികൃതര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: