കൊച്ചി: രണ്ടു മന്ത്രിമാരുടേയും ഒരു പാര്‍ട്ടി നേതാവിന്റേയും കാര്യത്തില്‍ മുഖ്യമന്ത്രി നേരേ ചൊവ്വേ മറുപടി പറയണമെന്ന് പിഎസ്സി മുന്‍ ചെയര്‍മാനും മുന്‍ വിസിയുമായ ഡോ.കെ.എസ്. രാധാകൃഷ്ണന്. ഉഡായിപ്പുകളില്ലാതെ വ്യക്തമായ മറുപടി നല്‍കണമെന്ന് ഫേസ്ബുക്കില്‍ അദ്ദേഹം എഴുതി.
പെരിയ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്, മൂന്ന് കണ്ണൂര്‍ നേതാക്കന്മാരില് ഒരാള്‍ക്ക് അതില്‍ നേരിട്ട് പങ്കുണ്ട് എന്നതുകൊണ്ടാണോ? മൂന്ന് പ്രമുഖരുടെ പേരാണ് കേള്‍ക്കുന്നത്.
അവരില്‍ ആരുടെ ശബ്ദലേഖനമാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ഉള്ളത്? രാധാകൃഷ്ണന് ചോദിച്ചു. ലൈഫ് മിഷന് ഇടപാടില്‍ ഏത് മന്ത്രിയുടെ മകനാണ് ഒരു കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയത്. മണിച്ചന്റെ പറ്റുപുസ്തകത്തില് പേരുകാരനായിരുന്നു എന്ന ദുഷ്പേര് കടകംപള്ളി സുരേന്ദ്രന് ഉള്ളതുകൊണ്ട് അദ്ദേഹത്തെ സംശയിക്കുന്നവരുണ്ട്.
ദുഷ്പേര് കേള്‍പ്പിച്ചവരില്‍ മന്ത്രി ബാലന്റെ മകന് പണ്ട് ഉണ്ടായിരുന്നതുകൊണ്ട് ബാലനെ സംശയിക്കുന്നവരും ഇല്ലാതില്ല. നടന്നത് അഴിമതിയാണെങ്കില്‍ അതില്‍ ചിറ്റപ്പന് ജയരാജന് എന്ന മന്ത്രി ഉണ്ടാകുമെന്ന് വെറുതെ കരുതുന്നവരുമുണ്ട്. അവര്‍ പറയുന്നത് മന്ത്രി ജയരാജന്റെ മകന് ജയ്സണ്‍ നമ്പ്യാരാണ് ഒരു കോടി കോഴപ്പണം കൈപറ്റിയതെന്നാണ്.
മറ്റു മന്ത്രിമാരും സംശയനിഴലിലാണ്. നിരപരാധികളെ ആക്ഷേപത്തില്‍ നിന്ന് രക്ഷിക്കാന്‍ സത്യം പറയണമെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായ രാധാകൃഷ്ണന് ആവശ്യപ്പെടുന്നത്. ഇഷ്ടസഖാവും മരുമകനും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ മുഹമ്മദ് റിയാസിന്റെ ആത്മസഖാവാണ് ജലീല്‍.
അങ്ങയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറം സിപിഎം എന്ന പാര്‍ട്ടി നില്‍ക്കില്ല. ജലീല്‍ രാജ്യദ്രോഹത്തിനും, കോഴപ്പണം കൈപ്പറ്റിയതിനും ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയതിനും അറസ്റ്റ് ചെയ്യപ്പെട്ടാലും ജയിലില്‍ ഇരുന്നും വിദ്യാഭ്യാസ വകുപ്പ് ഭരിക്കാന്‍ അങ്ങ് ജലീലിനെ അനുവദിക്കുമോ? മുന്‍ വിസി ചോദിച്ചു.
മുഖ്യമന്ത്രിയും മന്ത്രിസഭയും പുഴുത്തു നാറുന്നതിലല്ല, ഒരു സംസ്ഥാനവും നാറുന്നതിലാണ് ഖേദമെന്നും മന്ത്രി നാറിയാല്‍ സംസ്ഥാനമാകെ നാറുമെന്നും പറയുന്ന രാധാകൃഷ്ണന്, നിരപരാധികളായ നാട്ടുകാരെ നാറ്റിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: