വെള്ളിക്കോത്ത്: സുഭിക്ഷകേരളം പദ്ധതിയില്‍ വിരിപ്പുകൃഷിക്കായി കൃഷിഭവനുകള്‍ വഴി നല്‍കിയ ഉമ നെല്‍വിത്ത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നതായി ആക്ഷേപം ശക്തമാകുന്നു. കര്‍ഷകര്‍ക്ക് വിനയാകുന്ന വരിനെല്ലുകളാണ് ഈ വിത്തുപയോഗിച്ച പാടങ്ങളില്‍ കൂടുതലുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
അജാനൂര്‍ കൃഷിഭവനില്‍ നിന്ന് കിട്ടിയ ഉമ നെല്‍വിത്ത് കൃഷിയിറക്കിയ വെള്ളിക്കോത്ത് പുതിയകണ്ടം വയലിലെ കാരിച്ചി, ശാരദ, കര്‍ത്തമ്പു, രാഘവന്‍, വിജയന്‍, നാരായണി, ബാബു തുടങ്ങിയ കര്‍ഷകരാണ് വരിനെല്‍ കെണിയില്‍ കുടുങ്ങിയത്. കൃഷിഭവനില്‍ നിന്ന് കിട്ടിയ ഉമവിത്ത് ഇറക്കിയ വയലില്‍ മാത്രമാണ് വരിനെല്ല് വളര്‍ന്നിരിക്കുന്നത്. സ്വന്തമായി സൂക്ഷിച്ച മറ്റു വിത്തുകള്‍ ഇറക്കിയ സമീപ വയലുകളിലൊന്നും വരിനെല്ല് കാണാനില്ല. സ്വന്തം വിത്ത് ഉപയോഗിച്ച് കൃഷി ചെയ്യുന്നത് കൊണ്ട് തന്നെ വിരിപ്പ് കൃഷിയുടെ വില്ലന്‍ കളയായ വരിനെല്ല് ഈ വയലില്‍ അപൂര്‍വമായിരുന്നു. അതുകൊണ്ടാണ് കൃഷിഭവന്‍ നല്‍കിയ ഉമവിത്ത് ചതിച്ചതാണെന്ന് കര്‍ഷകര്‍ തറപ്പിച്ച് പറയുന്നത്.
ഇതുപോലെ വരിനെല്ല് ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നാണ് കര്‍ഷകനായ ഗംഗാധരന്‍ പറയുന്നത്. വിജയന്റെയും വാസുവിന്റെയും കണ്ടത്തിലും നെല്ലിനൊപ്പം വരിനെല്ലാണ്.അരയോളം പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന നെല്‍ച്ചെടികള്‍ക്കിടയില്‍ നിന്നും വരിനെല്ല് അരിഞ്ഞെടുത്ത് കളയുകയാണ് ഇപ്പോള്‍ കര്‍ഷകര്‍ ചെയ്യുന്നത്. കിഴക്കേ വെള്ളിക്കോത്ത് ചെരക്കര വീട്ടിലെ ഗംഗാധരനും മകന്‍ കണ്ണനും അതിരാവിലെ പുതിയകുണ്ടിലെ കണ്ടത്തിലെത്തി. നെല്‍ചെടികള്‍ക്കിടയില്‍ നിന്ന് രണ്ടുപേരും വരിനെല്ല് തിരഞ്ഞുപിടിച്ച് അരിഞ്ഞെടുക്കുകയാണ്. വിവിധ പാടങ്ങളിലെ വയല്‍ വരമ്പിനു പുറത്ത് അരിഞ്ഞെടുത്ത് വരിനെല്ല് കൂനയായി കൂട്ടിയിട്ടതുും കാണാം.
വരിനെല്ല് ഒഴിച്ചുള്ള മറ്റു കളകളെ നെല്‍ച്ചെടി വളര്‍ച്ചയെത്തും മുന്‍പ് തിരിച്ചറിഞ്ഞ് പറിച്ചുകളയാം. നെല്‍ച്ചെടിപോലെയുള്ള വിരിപ്പ്കൃഷി കളയായ വരിനെല്ലിനെ കതിരിടുന്ന സമയത്തുമാത്രമേ തിരിച്ചറിയാന്‍ പറ്റൂ. വരിനെല്ല് പാകമാകുംമുമ്പ് അതിലെ കതിരുകള്‍ അരിഞ്ഞെടുത്ത് മാറ്റുക മാത്രമാണ് അതിനെ ഒഴിവാക്കാനുള്ള ഏക പോംവഴി. പലപ്പോഴും ഒഴുക്കുവെള്ളത്തിലൂടെയും മറ്റും വയലിലെത്തുന്ന വരിനെല്ലിനെ കര്‍ഷകര്‍ ഒഴിവാക്കുന്നത് ഇങ്ങനെയാണ്. നെല്ല് കൊയ്യുമ്പോള്‍ വരിനെല്ല് കലര്‍ന്നാല്‍ വിത്തിലൂടെ പതിന്മടങ്ങായി തിരിച്ചുവരാനുള്ള സാധ്യത ഏറെയാണ്. വരിനെല്ല് കലര്‍ന്ന വൈക്കോല്‍ കന്നുകാലികള്‍ക്കുപോലും കര്‍ഷകര്‍ നല്‍കാറില്ല. വളത്തിലൂടെയും ചാണകത്തിലൂടെയും വരിനെല്ല് വയലിലെത്താതിരിക്കാനുള്ള മുന്‍കരുതലാണ് ഇതിനു കാരണം. വരിനെല്ല് ഭീഷണികാരണം പല വയലുകളിലും വിരിപ്പ്കൃഷി ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകാണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: