കല്‍പ്പറ്റ: പരിസ്ഥിതി ലോല വിജ്ഞാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് ശാസ്ത്ര സാഹിത്യ പരിക്ഷത്ത്. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണ്ണയിച്ചു കൊണ്ട് 2020 ആഗസ്റ്റ് അഞ്ചാം തീയതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും പരിഷത്ത്.
1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം പ്രകാരമാണ് ഇന്ത്യയിലെ എല്ലാ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമായി പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. മനുഷ്യരാശിയുടെ തുടര്‍ന്നുള്ള നിലനില്‍പ്പിന് അത്യന്താപേക്ഷിതവും അമൂല്യവുമായ പ്രകൃതി വിഭവങ്ങളും ജൈവ സമ്പത്തുമുള്ള പ്രദേശങ്ങളെയാണ് വന്യജീവി സങ്കേതങ്ങളായി പ്രഖ്യാപിക്കുന്നത്. വന്യജീവി സങ്കേതങ്ങളോട് തൊട്ടു കിടക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമികളില്‍ സങ്കേതങ്ങളിലേയ്ക്ക് ആഘാതം ഉണ്ടാക്കുന്നതും മൃഗങ്ങളുടെയും സസ്യജാലങ്ങളുടേയും ആവാസ വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായിട്ടാണ് എക്കോ സെന്‍സിറ്റീവ് സോണുകള്‍ പ്രഖ്യാപിക്കുന്നത്. ഇതില്‍ നിയന്ത്രിച്ചിട്ടുള്ളത് വലിയ ഖനനങ്ങള്‍, വലിയ നിര്‍മ്മാണങ്ങള്‍, ഓറഞ്ച് ചുവപ്പ് വിഭാഗങ്ങളില്‍പ്പെടുന്നതും മലിനീകരണം ഉണ്ടാക്കുന്നവയുമായ വ്യവസായങ്ങള്‍ എന്നിവയാണ്.
വിജ്ഞാപന പ്രകാരമുള്ള മറ്റെല്ലാ നിയന്ത്രണങ്ങളും പൊതുവില്‍ നിലവിലുള്ള പരിസ്ഥിതി നിയമങ്ങള്‍ക്കനുസരിച്ചാണ്. എക്കോ സെന്‍സിറ്റീവ് സോണുകള്‍ക്ക് ദൂരപരിധി നിര്‍ണ്ണയിച്ചു കൊണ്ടുള്ള കരട് ഉത്തരവാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. ഇതില്‍ 60 ദിവസത്തിനകം പൊതുജന ഹിതം അറിയിക്കാനുള്ള സമയമാണ്. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട നിര്‍ദ്ദേശപ്രകാരം വന്യമൃഗസങ്കേതങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവ് ആണ് പരിസ്ഥിതി ലോല പ്രദേശം. എന്നാല്‍ കേരളത്തിന്റെ ജനസാന്ദ്രത പരിഗണിച്ച് ഇത് പരമാവധി 2.5 കിലോമീറ്റര്‍ ആയി ചുരുക്കണം എന്ന കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശം മാനിച്ചു കൊണ്ടാണ് ഈ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
വയനാട്ടിലെ പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ വടക്ക് കിഴക്കന്‍ ജില്ലാ അതിര്‍ത്തി മുതല്‍ ഒരു കിലോ മീറ്റര്‍ വീതിയില്‍ 4 കിലോ മീറ്റര്‍ വനഭൂമിയും പിന്നീട് 2.5 കിലോമീറ്റര്‍ സ്വകാര്യ എസ്റ്റേറ്റും, 8.7 കിലോമീറ്റര്‍ ജില്ലാ അതിര്‍ത്തിയുടെ കിഴക്കുവശത്ത് താമരശേരി താലൂക്ക് അതിര്‍ത്തി വരെയുമാണ് ഇതിന്റെ അതിരുകള്‍. വിജ്ഞാപനം ഇറങ്ങി ഒരു വര്‍ഷത്തിനകം ഇതിന്റെ പരിപാലന മാനദണ്ഡങ്ങള്‍, വികസന മാസ്റ്റര്‍ പ്ലാന്‍ അടക്കം തയ്യാറാക്കി സമര്‍പ്പിക്കേണ്ട ഉത്തരവാദിത്ത്വം സംസ്ഥാന സര്‍ക്കാരിനാണ്. ഇതിനായി ജനങ്ങളുമായി ചര്‍ച്ച നടത്തി മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കാന്‍ ജനപ്രതിനിധികളേയും ഉയര്‍ന്ന ഉേദ്യാഗസ്ഥരയും ചുമതലപ്പെടുത്തിയിരിക്കുന്നു. ഇത് തയ്യാറാക്കുന്നതിന് വിപുലമായ ചര്‍ച്ചകള്‍ക്ക് സാധ്യതയും ബാക്കിനില്ക്കുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ഇംഗ്ലീഷിലും കേരള വനം വകുപ്പ് മലയാളത്തിലും പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനങ്ങളിലും നിയമത്തിലും ഇല്ലാത്തതും ആശങ്ക ജനിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കപ്പെടുന്നത്.
സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭങ്ങളിലേക്ക് തള്ളിവിടുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ പങ്ക് സംശയിക്കണം. സ്വാഭാവികമായി തന്നെ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള ഈ മേഖലകളില്‍ കൂടുതല്‍ കരുതലോടെ ഇടപെട്ടാല്‍ മാത്രമേ ഇനിയും സുരക്ഷിതമായി മനുഷ്യര്‍ക്ക് അവിടെ ജീവിക്കാനാവൂ എന്ന സാഹചര്യം നിലനില്‍ക്കുമ്പോളാണ് വലിയ നിര്‍മ്മാണങ്ങളേയും കോറികളേയും നിയന്ത്രിക്കുന്നതിനായുള്ള ഈ നിയമപരമായ ഇടപെടലിനെ എതിര്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് എന്നത് ആശങ്ക ഉണ്ടാക്കുന്നു. ഈ എതിര്‍പ്പ് യഥാര്‍ത്ഥത്തില്‍ സഹായിക്കുക പ്രകൃതിയെ കൊള്ളയടിക്കാന്‍ ആ ഗ്രഹിക്കുന്ന ശക്തികളെയാണ്.
സുസ്ഥിരമായ വികസനത്തിന് പ്രകൃതി സംരക്ഷണത്തിലും അതിന്റെ മെച്ചപ്പെടുത്തലിലും അടിസ്ഥാനമാക്കിയിട്ടുള്ള വികസനമാണ് വേണ്ടതെന്ന് ശാസ്ത്രീയ മനോഭാവം ആധാരമാക്കിയിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അംഗീകരിച്ചിട്ടുള്ളതാണ്. സമീപകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ള ആശങ്ക അകറ്റാന്‍ യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രാദേശിക ഭരണകൂടങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വരണമെന്ന് പരിഷത്ത്ജില്ലാ സെക്രട്ടറി എം.കെ. ദേവസ്യയും പ്രസിഡന്റ് മാഗി വിന്‍സന്റും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: