കാസര്‍കോട്: തൊണ്ടി മുതലായി പിടികൂടിയ മദ്യം ലോക് ഡൗണ്‍ കാലത്ത് കാണാതായതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പോലീസില്‍ പരാതി നല്കി. കാസര്‍കോട് വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ നിന്നും 10 കേസുകളിലായി പിടിച്ചെടുത്ത മദ്യമാണ് കാണാതായത്.
കള്ളന് കപ്പലില്‍ തന്നെയെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിദ്യാനഗര്‍ സിഐ വി.വി മനോജ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നും ഈ വര്‍ഷം ഏപ്രില്‍ 24നും ഇടയില്‍ വിവിധ അബ്കാരി കേസുകളിലായി പിടികൂടി തൊണ്ടിമുതലായി സൂക്ഷിച്ച മദ്യത്തില്‍ നിന്നാണ് 106.62 ലിറ്റര്‍ മദ്യം കാണാതായതെന്നാണ് പരാതി.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസമാണ് എക്സൈസ് റേയ്ഞ്ച് ഓഫീസില്‍ നിന്ന് തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന അനധികൃത വിദേശ മദ്യം അപ്രത്യക്ഷമായത്. ഇത് സംബന്ധിച്ച് വിവാദം ഉയര്‍ന്നതോടെ കാസര്‍കോട് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നേരത്തെ പിടികൂടി തൊണ്ടിയായി സൂക്ഷിച്ച വിദേശമദ്യത്തില്‍ വലിയ കുറവ് കണ്ടെത്തിയത്. പുറത്തു നിന്ന് ആരെങ്കിലുമെത്തി കടത്താന്‍ ഒരു സാധ്യതയും ഇല്ലാത്തതിനാല്‍ ‘മദ്യക്കള്ളന്‍’ റേഞ്ച് ഓഫീസിനകത്തുള്ളവര്‍ തന്നെയാണെന്ന നിഗമനത്തിലാണ് വിജിലന്‍സ് എത്തിച്ചേര്‍ന്നത്.
തൊണ്ടിമുതല്‍ കാണാതായത് സംബന്ധിച്ച് വിജിലന്‍സ് റെയ്ഡ് നടത്തുമ്പോള്‍ അവിടെ ഉണ്ടായിരുന്ന റേയ്ഞ്ച് ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ കാരണം പോലും ബോധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്റ്റേറ്റ് ഓഡിറ്റ് ഓഫീസിലെ സീനിയര്‍ ഗ്രേഡ് ഓഫീസര്‍ ഗോപാലകൃഷ്ണന്, എസ്.ഐമാരായ പി.പി മധുസൂദനന്, ശശിധരന് പിള്ള, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.പി സുഭാഷ്, കെ.വി സുരേഷ് എന്നിവരാണ് പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നത്.
2019-20 കാലയളവില്‍ 10 അബ്കാരി കേസുകളില്‍ പിടികൂടി വിദ്യാനഗറിലെ റേയ്ഞ്ച് ഓഫീസില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന പാക്കറ്റ് വിദേശ മദ്യം ഉള്‍പ്പെടെയാണ് കാണാതായത്. ഗോവ, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവരവേ പിടികൂടിയവയാണ് ഇവ. പിടിച്ചെടുത്ത കേരള മദ്യത്തിന്റെ ഒരു ലിറ്ററിന്റെയും 500 മില്ലി ലിറ്ററിന്റെയും 50 ഓളം കുപ്പികളും കൂട്ടത്തില്‍ കാണാതായതായാണ് വിജിലന്‍സ് കണ്ടെത്തിയത്.
ഇത് സംബന്ധിച്ച് കേസ് രജിസ്റ്ററും പിടിച്ചെടുത്ത രേഖകളും തൊണ്ടിമുതല്‍ രജിസ്റ്ററും പരിശോധിച്ച കാസര്‍കോട് വിജിലന്‍സ് ഡിവൈ എസ്പി കെ.ദാമോദരനും സംഘവും ഇത്രയും മദ്യം അപ്രത്യക്ഷമായെന്ന റിപ്പോര്‍ട്ട് തയ്യാറാക്കി വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അയച്ച് സര്‍ക്കാറിനോട് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പോലീസില്‍ പരാതി നല്കി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എക്സൈസ് ഓഫീസില്‍ ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരിക്കും പോലീസ് അന്വേഷണം നടക്കുക.
മദ്യവില്പന പൂര്‍ണ്ണമായും നിലച്ച ലോക് ഡൗണ്‍ കാലത്ത് എക്സൈസ് ഓഫീസില്‍ തൊണ്ടിമുതലായി സൂക്ഷിച്ച മദ്യം പൊക്കി അടിച്ചു ഫിറ്റായവര്‍ പോലീസ് അന്വേഷണത്തില്‍ വെള്ളം കുടിക്കേണ്ടി വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്നെ അടക്കം പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: