വനിതകളെ സംരക്ഷിക്കാന്‍ മതിലെത്ര കെട്ടിയിട്ടുംകാര്യമില്ല, രാത്രിയില്‍ നടന്നിട്ടും ഫലമില്ല, അവര്‍ക്ക് വിശ്വാസവും ആത്മവിശ്വാസവും കൂട്ടാന്‍ നടപടിയെടുക്കണം സര്‍ക്കാര്‍. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ലൈക്ക് കിട്ടാനും എതിര് രാഷ്ട്രീയ കക്ഷികളെതോല്പ്പിക്കാനുമുള്ള കാട്ടിക്കൂട്ടലുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിപാടി.
പത്തനതിട്ടയിലെ ആറന്മുളയിലും തിരുവനന്തപുരത്തെ പാലോടിലും ലൈംഗിക പീഡനത്തിന് വിധേയരായ സ്ത്രീകളുടെ ദയനീയാവസ്ഥ, സിപിഎം നേതാക്കളുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് പാര്‍ട്ടി കെട്ടിടത്തില്‍ തൂങ്ങിമരിക്കുന്ന യുവതി…പെണ്നിലവിളിയൊച്ചകളുടെ അലയൊലി തുടരുകയാണ്.
സ്ത്രീകളെ ശബരിമല അയ്യപ്പ തിരുസന്നിധിയിലെത്തിക്കാന് വാശികാണിച്ചു പിണറായി സര്‍ക്കാര്‍. തുടര്‍ച്ചയായി വനിതാ നവോത്ഥാന മതില് നിര്‍മിക്കാന്‍ സ്ത്രീകളെ തെരുവിലിറക്കി. സര്‍ക്കാര്‍ അപ്പോഴൊക്കെ ഹൈന്ദവ വിശ്വാസികളായ സ്ത്രീകളെയാണ് വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തത്. ഇപ്പോള്‍ എല്ലാ സ്ത്രീകള്‍ക്കും ഭയമാണ്. പെണ്‍കുട്ടികള്‍ക്ക്, പെണ്‍കുട്ടികളുള്ള അമ്മമാര്‍ക്ക്, മാനവും മാതൃത്വവും മഹത്തരമായി കരുതുന്നവര്‍ക്ക് ആകെ ഭയമാണ്. ഒപ്പം ആരുമില്ലെന്ന ആശങ്കയാണവര്‍ക്ക്.
വനിതകളുടെ മോചനത്തിനും വിമോചനത്തിനും സംരക്ഷണത്തിനും പോഷണത്തിനുമെന്ന പേരില്‍ പല പേരുകളില്‍ തെരുവില്‍ വിലസിയവരാണിപ്പോള് ഭരിക്കുന്നത്. ആര്‍പ്പോ ആര്‍ത്തവവും ആഘോഷങ്ങളുമായി തെരുവിലിറങ്ങിയവര്‍. കശ്മീരില്‍, ഇപ്പോഴും ദുരൂഹതയേറെ നിലനില്‍ക്കുന്ന സംഭവമായി ശേഷിക്കുന്ന, ഒരു കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് ഇങ്ങ് കേരളത്തില്‍ ഉണ്ടാക്കിയ പ്രതിഷേധങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ശബ്ദം എത്രത്തോളമായിരുന്നു ഈ സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണം വിലയിരുത്തി സ്ത്രീകള്‍ വിധിയെഴുതിയാല്‍, ഉറപ്പ്, ഇനിയൊരു സര്‍ക്കാര്‍ ഇത്ര നിരുത്തരവാദികളാകില്ല, അതിന് ആ സര്‍ക്കാര്‍ നയിക്കുന്ന മുന്നണിയോ പാര്‍ട്ടിയോ അനുവദിക്കില്ല. പക്ഷേ, പോളിങ് ബൂത്തിലെത്തുമ്പോള്‍ ”പാല്ച്ചിരി കണ്ടത് മൃതിയെ മറന്നു സുഖിച്ചേ പോകും, പാവം മാനവ ഹൃദയം” എന്ന് സുഗതകുമാരി ടീച്ചര്‍ പാടിയതുപോലെയാകും കാര്യങ്ങള്‍. അപ്പോള്‍ ചിലര്‍ കുടുംബശ്രീയുടെ വിജയഗാഥ പാടും, തൊഴിലുറപ്പു പദ്ധതിയുടെ വീര കഥകള്‍ പറയും, വനിതാ ക്ഷേമത്തിന്റെ ഇല്ലാക്കഥകള്‍ നിരത്തും. വനിതാ കമ്മീഷന് വീരവാദങ്ങള്‍ നിരത്തും. അതേറ്റു പാടിനടക്കാന്‍ വൈതാളികള്‍ ഇറങ്ങും.
‘സ്ത്രീ പീഡകരെ കൈയാമം വെച്ച് നടത്തിക്കു’മെന്ന് വീരവാദം പറഞ്ഞപ്പോഴാണ് കേരളം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കിയത്. പക്ഷേ ഒന്നും സംഭവിച്ചില്ല. യുഡിഎഫ് സര്‍ക്കാരിന്റെകാലത്താണ്, പരാമര്‍ശ വിഷയമായ കിളിരൂര്‍ ശാരി എന്ന സീരിയല്‍ താരത്തിനെ ‘പ്രമുഖര്‍’
പീഡിപ്പിച്ചത്. അതിലെ ‘വിഐപി’ ആരെന്ന് കണ്ടെത്താനാകാഞ്ഞത് അങ്ങനെയൊരാള്‍ ഇല്ലാഞ്ഞല്ല, കണ്ടെത്താന്‍ ആര്‍ക്കും കഴിയാത്ത വിധം സംഭവങ്ങളുടെ തെളിവുകള്‍ ഇല്ലാതാക്കിയതിനാലാണെന്നത് എല്ലാവര്ക്കും അറിയാം. അതിനും മുമ്പ് 1996 ലെ സൂര്യനെല്ലി പീഡനക്കേസ് നടക്കുമ്പോഴും കമ്യൂണിസ്റ്റുകളായിരുന്നു അധികാരത്തില്‍; ഇ.കെ. നായനാര്‍ മുഖ്യമന്ത്രി. കമ്യൂണിസ്റ്റുകളുടെ സ്ത്രീ സംരക്ഷണ പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും വോട്ട് സ്വന്തം ചിഹ്നത്തില്‍ വീഴിക്കാനുള്ള ഉപായങ്ങള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: