പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ ഓര്‍മയുണ്ടാകണം, പിണറായി വിജയന്റെ ചിത്രം കണികണ്ടുണര്‍ന്നിരുന്ന വിദ്യാര്‍ഥി. ആ മകന്റെ മരണത്തിന് നീതി തേടി തലസ്ഥാനത്ത് പോലീസ് ആസ്ഥാനത്ത് സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മ മഹിജയെ എങ്ങനെ മറക്കും. ആ അമ്മയോട് പിണറായിയുടെ പോലീസ് കാട്ടിയ ക്രൂരത… പോലീസിന്റെ ചവിട്ടേറ്റ്, തെരുവിലൂടെ വലിച്ചിഴയ്ക്കപ്പെട്ട മഹിജ കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം അമ്മമാരുടെ പ്രതിനിധിയാണ്.
കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ കേസിലും മറിച്ചല്ല സംഭവിച്ചത്. ആദ്യ നാളുകളില്‍ തന്നെ അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്നെന്ന് ആരോപിക്കുന്ന രണ്ട് യുവാക്കളുടെ ചിത്രം പത്രത്തില്‍ പരസ്യം ചെയ്തത്.
കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ പീഡനക്കേസില്‍ സംഭവിച്ചതെന്താണ്. സര്‍ക്കാരിനോ പോലീസിനോ നിയന്ത്രണമില്ലാത്ത ഇടമാണ് മഠമെന്ന് പറയാം. പക്ഷേ, സര്‍ക്കാര്‍ ആര്‍ക്കൊപ്പമായിരുന്നു? ഇരയായി കന്യാസ്ത്രീകള്ക്കൊപ്പമോ, അതോ വേട്ട നടത്തിയ ബിഷപ് ഫ്രാങ്കോയ്ക്കൊപ്പമോ?
മൂന്നാഴ്ച മുമ്പ് വനപാലകര്‍ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വീടിനു സമീപത്തെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പി.പി. മത്തായിയുടെ ഭാര്യയോടും സര്‍ക്കാര്‍ അനീതിയാണ് കാട്ടിയത്. നീതി ലഭിച്ചിട്ടേ മൃതദേഹം സംസ്കരിക്കൂവെന്ന മത്തായിയുടെ ഭാര്യ ഷീബയുടെ വാക്കില്‍ സര്‍ക്കാരിലും പോലീസിലും അവര്‍ക്കെത്രമാത്രം വിശ്വാസമുണ്ടെന്നതിന്റെ കുറ്റപത്രമാണ്. എണ്ണിപ്പറയേണ്ടതാവശ്യമാണെങ്കിലും ഓരോന്നും എണ്ണിയെണ്ണി വിവരിക്കാനിടമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: