പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് മുന്നോടിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്താറുള്ള കുത്തക ലേലം മുടങ്ങി. തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചതോടെ സ്ഥിരമായി ലേലത്തില്‍ പങ്കെടുത്തവര്‍ പിന്മാറി.
മണ്്ഡല-മകരവിളക്ക് ഉത്സവത്തിന് ഇരുനൂറ്റിഇരുപതോളം ഇനങ്ങളുടെ ലേലമാണ് നടക്കുന്നത്. മുന്‍ വര്‍ഷത്തെ ലേലക്കാര്‍ക്ക് കുത്തക തരാമെന്ന് ബോര്‍ഡ് നിര്‍ദ്ദേശം വച്ചെങ്കിലും അനുകൂലമായല്ല കച്ചവടക്കാര്‍ പ്രതികരിച്ചത്. നഷ്ടമുണ്ടാകുമെന്ന് ഭയന്നാണ് ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതോടെ കോടികളുടെ നഷ്ടമാണ് ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്. ശബരിമലയിലെ ലേലവരുമാനം ലഭിക്കാതായതോടെ ബോര്‍ഡിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം തന്നെ നിലയ്ക്കുന്ന അവസ്ഥയാണുള്ളത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ വിശുദ്ധി സേനാംഗങ്ങളുടെ സേവനം ഉണ്ടാകുമോയെന്ന കാര്യത്തിലും സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സന്നിധാനത്തെയും പമ്പയിലെയും നിലയ്ക്കലിലെയും ശുചീകരണം വെല്ലുവിളിയാകും. പകരം സംവിധാനമില്ലെങ്കില്‍ ശുചീകരണം പ്രതിസന്ധിയിലാകും. കോവിഡ് കാലത്ത് വലിയ പ്രതിസന്ധികള്‍ നേരിടുന്നതിനിടെ സംസ്ഥാന സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ജില്ലാ ഭരണകൂടമോ മുന്നൊരുക്കങ്ങള്‍ തുടങ്ങാത്തത് ഭക്തരെയും ആശങ്കപ്പെടുത്തുന്നു.
ശബരിമലയില്‍ പോലീസിനെ വിന്യസിക്കുന്നതും വെല്ലുവിളിയാണ്. സന്നിധാനത്തും പമ്പയിലുമടക്കം 20,000 പോലീസുകാരെയാണ് മണ്ഡലക്കാലത്ത് നിയോഗിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഇവരെ എങ്ങനെ വിന്യസിക്കുമെന്നാണ് ചോദ്യം. സാമൂഹിക അകലം പാലിച്ച് ഇത്രയും പേര്‍ക്ക് ഒരേസമയം താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്നതും വെല്ലുവിളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: