മലപ്പുറം: ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ സിമിയെന്ന ഭീകര സംഘടനയില്‍, പ്രവര്‍ത്തിക്കുന്ന കാലത്ത് ഇന്നത്തെ മന്ത്രി കെ.ടി. ജലീലും സംഘവും നടത്തിയ ചുവരെഴുത്തിലെ വാചകങ്ങളാണിത്. ഇന്ന് സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ജലീലിനെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുള്ള മുഖ്യമന്ത്രി അത് മറന്നാലും കേരളം മറക്കില്ല.
ജമാഅത്തെ ഇസ്ലാമി എന്ന മതമൗലികവാദ സംഘടനയിലൂടെയാണ് വളാഞ്ചേരി സ്വദേശിയായ കെ.ടി. ജലീലിന്റെ പൊതുരംഗത്തേക്കുള്ള പ്രവേശനം. ഇസ്ലാമിക സംഘടനയുടെ കീഴിലുള്ള തിരൂരങ്ങാടി പിഎസ്എംഒ കോളേജിലായിരുന്നു ബിരുദ ബിരുദാനന്തര പഠനം. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എംഫിലും നേടി.
കോളേജ് അധ്യാപകനായി ജോലി ആരംഭിച്ചതിന് ശേഷവും മതപരമായ പ്രവര്‍ത്തനം ജലീല്‍ ഉപേക്ഷിച്ചില്ല. ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് മാറി അതിലും തീവ്ര സ്വഭാമുള്ള സിമിയുടെ ഭാഗമായി. സിമിയെ പിന്നീട് രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയും അത് പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പേരില്‍ പുതിയ രൂപം സ്വീകരിക്കുകയും ചെയ്തു. അപ്പോഴേക്കും ജലീല്‍ മുസ്ലിംലീഗിലേക്ക് ചേക്കേറിയിരുന്നു.
മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോഴാണ് നേതൃത്വവുമായി ഉടക്കി സിപിഎമ്മിലേക്ക് വരുന്നത്. 2006ല്‍ സിപിഎം പിന്തുണയോടെ കുറ്റിപ്പുറം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് മുസ്ലിംലീഗിലെ അതികായന്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അട്ടിമറി വിജയം നേടി. ഇതോടെയാണ് സിപിഎമ്മില്‍ സ്ഥാനം ഉറപ്പിക്കുന്നത്.
ജലീല്‍ പെട്ടെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ കണ്ണിലുണ്ണിയായി. അതിന്റെ ഫലമായാണ് ജലീല്‍ പിണറായി മന്ത്രിസഭയില്‍ അംഗമായതും.
കമ്യൂണിസ്റ്റുകാരനെന്ന് അവകാശപ്പെടുമ്പോഴും മതചിന്തയും ചിട്ടയും ജലീല്‍ കൃത്യമായി പിന്തുടര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നടത്തിയ നവകേരളാ യാത്രയുടെ പ്രധാന ചുമതലക്കാരനായിരുന്നു ജലീല്‍. റംസാന്‍ നോമ്പിനിടെ നടന്ന യാത്രയ്‌ക്കിടെ ജലീല്‍ നിസ്‌കരിക്കുന്ന ചിത്രം പാര്‍ട്ടി പത്രം ഒന്നാം പേജില്‍ത്തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
സ്വര്‍ണക്കടത്തില്‍ ജലീലിന് പങ്കുണ്ടെന്ന് തെളിയുന്ന സാഹചര്യത്തിലും അദ്ദേഹത്തെ കൈവിടാന്‍ പിണറായിയും കൂട്ടരും തയാറാകാത്തത് അണികള്‍ക്കിടയില്‍ ആശങ്കക്ക് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: