ന്യൂദല്‍ഹി : കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉള്‍പ്പടെയുള്ള ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് വധ ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനും മുന്‍ മന്ത്രിയുമായ രമണ്‍ ഭല്ലയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രമണ്‍ ഭല്ലയുടെ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും, രമണ്‍ ഭല്ലയും എന്നിവര്‍ കൂടാതെ ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, മുന്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ്, എന്‍സിപി അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണ, ഡിഎസ്എസ് അധ്യക്ഷന്‍ ചൗധരി ലാല്‍ സിങ്, എന്‍പിപി ചെയര്‍മാര്‍ ഹര്‍ഷ ദേവ് സിങ് തുടങ്ങി സംസ്ഥാനത്തെ പ്രമുഖരായ 17 നേതാക്കളെ വധിക്കുമെന്നാണ് കത്തിലൂടെ ഭീഷണിപ്പെടുത്തിയിരുന്നത്. ഉറുദു ഭാഷയില്‍ രണ്ട് പേജിലുള്ള കത്തില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ഒപ്പും വെച്ചിട്ടുണ്ട്.
രാഷ്ട്രീയം ത്യജിച്ച് എല്ലാ നേതാക്കളും സ്വാതന്ത്ര്യത്തിനായുള്ള തങ്ങളുടെ പോരാട്ടത്തില്‍ പങ്കു ചേരണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ക്ക് മരണ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരും. ഒരു സുരക്ഷാ വലയത്തിനും നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ലമെന്റോ, റെഡ് ഫോര്‍ട്ട് ആക്രമിക്കാന്‍ കഴിയുന്നവര്‍ക്ക് നിങ്ങളെയും ഇല്ലാതാക്കാം എന്നും കത്തില്‍ ഹിസ്ബുള്‍ ഭീഷണി മുഴക്കുന്നുണ്ട്.
കൂടാതെ ജമ്മു കശ്മീരിലെ പകുതി വിഭാഗം തങ്ങള്‍ക്കൊപ്പമാണ്. വരും ദിവസങ്ങളില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഒരു പൗരനും രാഷ്ട്രീയ നേതാവിനെയും ജീവനോടെ വയ്ക്കില്ലെന്നും താക്കീതുണ്ട്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ രമണ്‍ ഭല്ല പോലീസില്‍ വിവരം പരാതി നല്കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: