കൊച്ചി: മന്ത്രി പി. ജെ. ജോസഫിനെ മന്ത്രിസഭയില്‍നിന്ന് മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് 24 മണിക്കൂറേ വേണ്ടിവന്നുള്ളു. വിമാനത്തില്‍ സ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പരാതി പോലും ഉണ്ടായിരുന്നില്ല. പക്ഷേ, രാജ്യദ്രോഹക്കുറ്റമെന്ന് കോടതി വിധിച്ച കേസില്‍ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിച്ച് ഒപ്പം നിര്‍ത്തി, മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തിലും എതിര് പക്ഷത്തെന്ന് തെളിയിച്ചു. മുന്നണിയില്‍ മറ്റെല്ലാവരും എതിര്‍ത്തിട്ടും ഈര്‍ക്കില്‍ പാര്‍ട്ടിനേതാവായിരുന്ന മന്ത്രി ബി. വെല്ലിങ്ടണെ സംരക്ഷിച്ച ഇഎംഎസ് ആണ് ഇക്കാര്യത്തില്‍ പിണറായിക്ക് മാതൃക.
കമ്യൂണിസ്റ്റു സര്‍ക്കാരുകളുടെ ഓരോ കാലത്തെ നിലപാടുകളും കൂടിയാണ് മൂന്നു സംഭവങ്ങളില്‍ വെളിപ്പെടുന്നത്. പരാതിയൊന്നുമില്ലാതെ ജോസഫിനെ പുറത്താക്കിയത് വി.എസ്. അച്യുതാനന്ദന്റെ അതിനീതിയെന്നു തോന്നാമെങ്കിലും സ്വന്തം പ്രതിച്ഛായക്കുവേണ്ടി മറ്റാര്‍ക്കും ചേതമില്ലാത്ത പണി എളുപ്പത്തില്‍ ചെയ്യുകയായിരുന്നു. വിഎസ് പക്ഷേ, സ്ത്രീ പീഡകരെ കൈയാമംവെച്ച് നടത്തിക്കുമെന്നു പറഞ്ഞതല്ലാതെ ഫലിച്ചില്ല.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം, സംശയത്തിന്റെ നിഴലിലായ മന്ത്രിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും സംരക്ഷിക്കുകയാണ് പിണറായി വിജയന്. മന്ത്രിക്ക് ‘ക്ലീന്‍ ചിറ്റ്’ നല്‍കിയിട്ടില്ല. വീണ്ടും വിളിപ്പിക്കുമെന്നറിയിച്ച് വിട്ടിരിക്കുകയാണ്. പക്ഷേ, പിണറായിക്ക് ജലീലിനെ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയില്‍ ‘മടിയില്‍ കനമാണെ’ന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
പിണറായിക്ക് പക്ഷേ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു നില്ക്കാന് സാക്ഷാല്‍ ഇഎംഎസ് മാതൃകയാണ്. 1969 ല്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നയിച്ച ഇടതുപക്ഷ സര്‍ക്കാരില്‍ ഈര്ക്കില്പ്പാര്ട്ടി നേതാവായിരുന്ന ബി. വെല്ലിങ്ടണിന് എതിരെ അഴിമതിയാരോപണം വന്നു.
സിപിഐ ഉള്‍പ്പെടെ മുഴുവന്‍ സഖ്യകക്ഷികളും ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇഎംഎസ് വെല്ലിങ്ടണെ സംരക്ഷിച്ചു. ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ പുറത്താക്കുകയും ചെയ്തു.
തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ ഇഎംഎസ് മുഖ്യമന്ത്രിയായില്ല. സിപിഎം അധികാരത്തിലെത്തിയില്ല. പിന്നീട് 1987 വരെ സിപിഎമ്മിന് പ്രതിപക്ഷത്തുനില്ക്കേണ്ടിവന്നു; 18 വര്‍ഷം. ഇഎംഎസിന്റെ പാതയില്‍ പോകുന്ന പിണറായി സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകാനാണ് ജലീലിന് കാവല്‍ നില്‍ക്കുന്നതെന്നാണ് രാഷ്ട്രീയ വിശകലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: