ന്യൂദല്‍ഹി : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കര്‍ശ്ശന നിയന്ത്രണങ്ങളുമായി പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിക്കുമെങ്കിലും സോണിയയും രാഹുലും പങ്കെടുക്കില്ല. വിദേശത്ത് ആയതിനാലാണ് ഇരുവരും പങ്കെടുക്കാത്തത്.
നേതൃത്വത്തിനെതിരെ കത്തെഴുതിയ ഗുലാംനബി ആസാദ് ഉള്‍പ്പടെയുള്ള നേതാക്കളെ ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്നും ഒഴിവാക്കി പുതിയ സമിതി രൂപീകരിച്ചശേഷമാണ് രാഹുലും സോണിയയും വിദേത്തേയ്ക്ക് പോയിരിക്കുന്നത്. സോണിയയ്ക്കും രാഹുലിനും അടുത്ത ആളുകളാണ് ഇപ്പോള്‍ പാര്‍ട്ടി പദവികള്‍ വഹിക്കുന്നത്.
വര്‍ഷത്തില്‍ ഒരിക്കലുള്ള മെഡിക്കല്‍ പരിശോധനയുടെ ഭാഗമായാണ് യാത്രയെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ ഇന്ത്യയിലേക്ക് മടങ്ങി പ്രിയങ്ക ഗാന്ധി സോണിയയുടെ അടുത്തേയ്ക്ക് പോകുമെന്നാണ് വിവരം.
അതേസമയം യാത്രയ്ക്ക് മുന്നോടിയായി സോണിയ ഗാന്ധി തന്റെ പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭ, രാജ്യസഭ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും ഏകോപനത്തെ സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ വന്‍സുരക്ഷാ ക്രമീകരണങ്ങളോടെയാണ് തിങ്കളാഴ്ച മുതലുള്ള പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിക്കുന്നത്. ഫെയ്സ് മാസ്ക് നിര്‍ബന്ധം. എംപിമാര്‍ സാമൂഹിക അകലം പാലിക്കണം. ഇതിനായി ഇരുസഭകളുടേയും ചേംബറുകളും ഗാലറികളും ഉപയോഗപ്പെടുത്തും. ഒരു ദിവസം ഇരു സഭകളും നാല് മണിക്കൂര്‍ വീതമായിരിക്കും ചേരുക. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമുണ്ടാകും. സാമൂഹിക അകലം പാലിക്കാന്‍ അംഗങ്ങള്‍ക്ക് ഇരുസഭകളിലുമായി ഇരിക്കാം. വീഡിയോ സ്ക്രീന്‍ വഴിയായിരിക്കും നടപടിക്രമങ്ങള്‍ നടക്കുക. കടലാസ് ഉപയോഗം പരമാവധി കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: