ന്യൂദല്‍ഹി: ഫോറിന് ഏജന്റസ് രജിസ്ട്രേഷന് ആക്ട് (ഫറ) പ്രകാരം അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി. അമേരിക്കയില്‍ ഇപ്പോള്‍ നിലവിലുള്ള ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി (ഒഫ്ബിജെപി) കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതില്‍ ഫോറിന് പ്രിന്‍സിപ്പിള്‍ എന്ന പേരിലാണ് ബിജെപിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1938 ലെ ഫോറിന് ഏജന്റസ് രജിസ്ട്രേഷന് നിയമ പ്രകാരം യുഎസ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസിലാണ് ഒഫ്ബിജെപിയുടെ രജിസ്ട്രേഷന്. ഫറ നിയമപ്രകാരം യുഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ സംഘടനയ്ക്ക് ഇനിമുതല്‍ ബിജെപിയെ ഔദ്യോഗികമായി യുഎസില്‍ പ്രതിനിധീകരിക്കാന്‍ സാധിക്കും. ഇക്കാര്യം ബിജെപിയുടെ വിദേശകാര്യ വിഭാഗത്തിന്റെ ചുമതലയുള്ള വിജയ് ചൗത്തിവാലെയെയാണ് അമേരിക്കയിലെ പ്രതിനിധിയായി കാണിച്ചിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് തെര.: പാര്‍ട്ടിയുടെ പേര് ഉപയോഗിക്കരുതെന്ന് ബിജെപി
ന്യൂദല്‍ഹി: അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പേര് ഉപയോഗിക്കരുതെന്ന് അംഗങ്ങള്‍ക്ക് ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം. യുഎസിലെ ബിജെപി അംഗങ്ങള്‍ക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏതു സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കുകയോ പ്രചാരണത്തില്‍ പങ്കെടുക്കുകയോ ചെയ്യാം.
എന്നാല്‍ പാര്‍ട്ടിയുടെ പേര് എവിടെയും പരാമര്‍ശിക്കരുത്. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപിക്ക് റിപ്പബ്ലിക് പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പിന്തുണയുണ്ടെന്നും വിദേശരാജ്യങ്ങളില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള വിജയ് ചൗത്തിവാലെ പറഞ്ഞു.ഹൗഡി മോദിയുടെയും നമസ്തേ ട്രംപിന്റെയും ദൃശ്യങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചാരണത്തിന് ഉപയോഗിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വിജയ് ചൗത്തിവാലെ പറഞ്ഞു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യയില്‍ വേരുകളുള്ള കമല ഹാരിസിനെ നിര്‍ദേശിച്ചതില്‍ സന്തോഷവുമുണ്ട്. എന്നാല്‍ ഏതു തെരഞ്ഞെടുപ്പും ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും ബിജെപിക്ക് അതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: