തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദിച്ചത് എന്താണെന്ന് വെളിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എന്‍ഫോഴ്മെന്റ് എന്തൊക്കെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്തൊക്കെ വിശദാശങ്ങളാണ് തേടിയത്. മന്ത്രിസഭയിലെ അംഗം കൂടി ആയതിനാല്‍ ഇത് വിശദീകരിക്കാനുള്ള ബാധ്യത കെ.ടി. ജലീലിന് ഉണ്ടെന്നും കെ. സുരേന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യം വിജയിക്കുമെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ടാണ് ഇതിപ്പോള്‍ പുറത്തുപറയാന്‍ മടിക്കുന്നത്. താങ്കള്‍ സത്യവാനാണെങ്കില്‍ സത്യമാണ് ഏറ്റവും വലിയ കാര്യമെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടാല്‍ പോര. എന്തിനാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനവും സുരക്ഷ സംവിധാനങ്ങളും ഒരു കള്ളക്കടത്ത് വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട്, അവിടുന്ന് അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ പോയത്. ചോദ്യം ചെയ്യലിനു ശേഷവും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്നെ ആരും ചോദ്യം ചെയ്യിട്ടില്ലെന്ന് കള്ളം പറഞ്ഞത് എന്തിനാണെന്നും വ്യക്തമാക്കണം.
ഖുറാന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തി എന്നുള്ളതാണ് ജലീലിനെതിരെ ഉയര്‍ന്നുവന്ന പ്രധാന ആരോപണമെന്നും സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട നിരവധി സാമ്പത്തിക ക്രമക്കേടുകളില്‍ ജലീല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മന്ത്രിയായതിനു ശേഷം ജലീല്‍ നടത്തിയിട്ടുള്ള അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള വിശദാംശങ്ങളും ഇഡി അന്വേഷിച്ചു. അതിനാലാണ് ഒന്നും തുറന്നുപറയാന്‍ ജലീല്‍ തയ്യാറാകാത്തതെന്നും സുരേന്ദ്രന് പറഞ്ഞു. ജലീലിനെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
നിസാരമായ ഒരു കേസില്‍ ഇ.പി. ജയരാജനെ മന്ത്രിസഭയില്‍നിന്ന് മുഖ്യമന്ത്രി പുറത്താക്കി. ബന്ധുനിയമനത്തിന്റെ പേരില്‍ ജയരാജന്റെ മന്ത്രിസ്ഥാനം കളഞ്ഞ പിണറായി വിജയന് അതീവ ഗൗരവമേറിയ സ്വര്‍ണക്കടത്ത് കേസില്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിട്ടും ജലീലിനെ മുഖ്യമന്ത്രി പുറത്താക്കാത്തതിലുള്ള ചേതോവികാരം എന്താണ്. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിനു കാരണം കെ.ടി. ജലീലുമായുള്ള പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും പങ്കാളിത്തം ഉണ്ടെന്നതു കൊണ്ടാണ്. മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കും കെ.ടി. ജലീല്‍ ഇവയെല്ലാം ചെയ്തിട്ടുള്ളതെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: