കണ്ണൂര്‍: ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിയോജക മണ്ഡലത്തില്‍ ചികിത്സ കിട്ടാതെ നവജാതശിശു മരിച്ച സംഭവത്തില്‍ പാനൂര്‍ സിഎച്ച്സി അധികൃതരുടെ ഭാഗത്ത് കടുത്ത അനാസ്ഥ. വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ പരിശോധിക്കുന്നതിനായി സിഎച്ച്സി ഡോക്ടറോട് തൊട്ടടുത്ത വീട് വരെ വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ അതിന് തയാറായില്ല. നഴ്സിനെ പോലും പറഞ്ഞ് വിട്ടില്ല.
പാനൂര്‍ പോലീസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സമീറയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും വീട്ടില്‍ വെച്ച് തന്നെ പ്രസവം നടക്കുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ പാനൂര്‍ സിഎച്ച്സിയില് എത്തി ഡോക്ടറോട് വരാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കായില്ല. തുടര്‍ന്ന് വാക്കുതര്‍ക്കവും ബഹളവുമായി. പോലീസ് ഇടപെട്ടിട്ടും കൊവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍ പോകാന്‍ തയാറായില്ല. പിന്നീട് സമീപത്തെ ക്ലിനിക്കില്‍ നിന്നു നഴ്സുമാര്‍ എത്തി പൊക്കിള്‍കൊടി മുറിച്ചുമാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. യുവതി തലശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആരോപണ വിധേയനായ ഡോക്ടറെ സ്ഥലംമാറ്റി ആരോഗ്യ വകുപ്പ് മുഖം രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ആരോഗ്യ മന്ത്രിയുടെ മണ്ഡലമായ കൂത്തുപറമ്പിലെ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മഹിളാമോര്‍ച്ച അടക്കമുള്ള സംഘടനകള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആരോഗ്യ മേഖലയില്‍ വമ്പിച്ച മുന്നേറ്റമാണ് നടക്കുന്നതെന്നും മികച്ച സേവനമാണ് ആശുപത്രികളില്‍ ലഭ്യമാക്കുന്നതെന്നും അവകാശപ്പെടുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: