ന്യൂദല്‍ഹി : പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവ് അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടയും കേരളം പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 25-ാം തീയതി കേസന്വേഷണം സിബിഐയ്‌ക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ചും ശരിവച്ചതാണ്. അതിനു പിന്നാലെയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ അപ്പീലില്‍ ഇടക്കാല ഉത്തരവ് ഇറക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റേയും മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയേക്കും.
അതേസമയം കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതിനോട് സംസ്ഥാന പോലീസ് പൂര്‍ണ്ണമായും നിസ്സഹകരിക്കുകയാണ്. അന്വേഷണത്തിന്റെ വിവരങ്ങളൊന്നും സിബിഐക്ക് കൈമാറാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സിബിഐ അന്വേഷണത്തിന് വിടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ചും അംഗീകരിച്ചതിന് ശേഷം നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പോലീസിന് കത്ത് നല്‍കി. എന്നിട്ടും മറുപടി കിട്ടിയില്ല. കേസില്‍ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാല്‍, ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ക്രൈം ബ്രാഞ്ച് കേസിലെ ഗൂഢാലോചന ഉള്‍പ്പടെ ഉള്ള വിഷയങ്ങള്‍ അന്വേഷിച്ചിരുന്നു എന്നാണ് സര്‍ക്കാരിന്റെ നിലപാട്. സംസ്ഥാന പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ല എന്നും കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. എന്നാല്‍ അപ്പീലുമായി ബന്ധപ്പെട്ട് നാല് പിഴവുകള്‍ സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടി. ഈ പിഴവുകള്‍ തിരുത്തി നല്‍കുന്നതോടെ പ്രത്യേക അനുമതി ഹര്‍ജിക്ക് നമ്പര്‍ ലഭിക്കും. അടുത്ത ആഴ്ച കേസ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയേക്കും.
2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. ബൈക്കില്‍ ശരത്‌ലാലിന്റെ വീട്ടിലേക്കു പോകുമ്പോള്‍ അക്രമികള്‍ തടഞ്ഞുനിറുത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്‌ലാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്. സിപിഎം. മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് ഒന്നാംപ്രതി. ആകെ 14 പ്രതികളാണുള്ളത്.
അന്വേഷണത്തില്‍ രാഷ്‌ട്രീയ ചായ്‌വുള്ളതായി സംശയിക്കുന്നതായി കേസ് സിബിഐക്ക് കൈമാറുമ്പോള്‍ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കൂടാതെ ക്രൈംബ്രാഞ്ച് അന്വേഷണം അപൂര്‍ണവും, വസ്തുതാപരമല്ലാത്തതുമാണെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവിലും പറയുന്നുണ്ട്. ഗൂഢാലോചന സംബന്ധിച്ച പല നിര്‍ണായക വിവരങ്ങളും വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. പല കണ്ടെത്തലുകളിലും ആഴത്തിലുള്ള അന്വേഷണം നടത്തേണ്ടതായിരുന്നു. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ പല സാക്ഷികളെയും വേണ്ട രീതിയില്‍ ചോദ്യം ചെയ്തില്ല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ച ഉണ്ടായി. സംശയാസ്പദമായ പല കാര്യങ്ങളിലും വേണ്ട രീതിയില്‍ അന്വേഷണം നടന്നിട്ടില്ല. ഇത് കേസിന്റെ നിലനില്‍പിനെ തന്നെ ബാധിക്കാവുന്ന വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: