കൊച്ചി: ബെംഗളുരു മയക്കു മരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനൊരുങ്ങി നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി). കേസില്‍ അറസ്റ്റിലായ പ്രതികളുമായി ബന്ധമുള്ള യുവനടന്മാര് ഉള്‍പ്പെടെയുള്ള മലയാള സിനിമാ പ്രവര്‍ത്തകരെയും ഉടന്‍ ചോദ്യം ചെയ്യും. ഇരുപതിലധികം പേരുടെ പട്ടികയാണ് എന്‍സിബി തയാറാക്കിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും സിനിമാ ലോകത്തുള്ളവരാണ്. നടിമാരും സംവിധായകനും നിര്‍മാതാക്കളും ഉള്‍പ്പെടും.
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ്് മുഹമ്മദുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ബിനീഷ് നേരത്തെ തുറന്നു സമ്മതിച്ചിരുന്നു. പണം കടമായി നല്‍കിയതാണെന്ന ബിനീഷിന്റെ വിശദീകരണം എന്‍സിബി മുഖവിലയ്ക്കെടുത്തിട്ടില്ല. ബിനീഷുമായി ബന്ധമുള്ള സിനിമയ്ക്ക് പുറത്തുള്ളവരെയും എന്‍സിബി ചോദ്യം ചെയ്യും. പല മലയാള സിനിമകള്‍ക്കും’ നിഴല്‍ നിര്‍മാതാക്കളെ’ ബിനീഷ് ലഭ്യമാക്കിയിരുന്നു. യഥാര്‍ത്ഥ നിര്‍മാതാക്കള്‍ ആരെന്നത് പരിശോധിക്കും. ലഹരി മാഫിയയുമായി ബന്ധമുള്ളവര്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള മേഖലയായി സിനിമാ നിര്‍മാണത്തെ ഉപയോഗിച്ചുവെന്നാണ് സംശയം. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത എന്‍ഫോഴ്സ്മെന്റും ബിനീഷില്‍നിന്ന് ഈ വിവരങ്ങള്‍ തേടിയിരുന്നു.
അറസ്റ്റിലായ മറ്റൊരു പ്രതി നിയാസിന് മലയാള സിനിമാ പ്രവര്‍ത്തകരുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. ടൊവിനോ തോമസ് നായകനായ കല്‍ക്കി എന്ന സിനിമയില്‍ ഇയാള്‍ വില്ലന്‍ വേഷം ചെയ്തിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തി കൊച്ചിയില്‍ ലഹരി മരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായി എന്‍സിബിക്ക് വിവരം ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതിന് ശേഷമാണ് നിയാസ് ബെംഗളുരുവിലെത്തിയതും. കേരളത്തില്‍ നിന്നാണ് മയക്കുമരുന്ന് കന്നഡ സിനിമകളുടെ സെറ്റുകളിലും ലഹരി പാര്‍ട്ടികളിലും എത്തിച്ചതെന്ന ഇയാള്‍ നല്കിയ മൊഴി ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്.
മലയാള സിനിമയുടെ ലഹരി ബന്ധം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പുറത്തുവന്നതാണ്. 2015ല്‍ നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ നാല് പേര് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ പുതുമുഖ നടീനടന്മാര്ക്കെതിരെ ആരോപണം ഉയര്‍ന്നു. ഒരു വ്യവസായിക്കും സിപി
എമ്മുമായി ബന്ധമുള്ള ഒരു സംവിധായകനുമെതിരെ മൊഴിയുമുണ്ടായെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടു. അടുത്തിടെ ഷെയ്ന് നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ സിനിമയിലെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയായി. ലൊക്കേഷനുകല്‍ പരിശോധന നടത്തണമെന്ന് മാക്ട ആവശ്യപ്പെട്ടെങ്കിലും മറ്റ് സംഘടകള്‍ എതിര്‍ത്തു. ഇക്കാര്യങ്ങളെല്ലാം എന്‍സിബി കണക്കിലെടുത്തിട്ടുണ്ട്. ബെംഗളൂരു കേസിലെ പ്രധാന പ്രതിയായ രാഗിണി ദ്വിവേദി മലയാളത്തില്‍ ചില സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. സംവിധായകന് ഖാലിദ് റഹ്മാന് അനൂപ് മുഹമ്മദിനെ നിരവധി തവണ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: