കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വിഷയത്തില്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് വിധേയനായിട്ടും എന്തുകൊണ്ടാണ് പാര്‍ട്ടി ദേശീയ നേതൃത്വം മൗനം പാലിക്കുന്നത്. ഈ വിഷയത്തില്‍ കോടിയേരി മറുപടി പറയണം. പാര്‍ട്ടി ഒളിച്ചുകളി അവസാനിപ്പിക്കണം. ബിനീഷ് വ്യാജ കമ്പനിയുണ്ടാക്കി അതുവഴി പണമിടപാടുകള്‍ക്ക് കൂട്ടുനിന്നെന്നാണ് ആരോപണം. ദേശവിരുദ്ധമായ പ്രവൃത്തിയാണിത്. സിപിഎം പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളുടെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് പാര്‍ട്ടി സമ്മേളനങ്ങളിലും പ്ലീനത്തിലും പാസ്സാക്കിയ പ്രമേയങ്ങള്‍ തള്ളിക്കളയുകയാണ് സീതാറാം യെച്ചൂരി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്നുള്ള സര്‍വകക്ഷിയോഗ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കേരളത്തിലെ ഇടതുവലതു മുന്നണികള്‍ക്ക് മടിയുള്ളതുകൊണ്ടാണ് കൊവിഡിന്റെ മറപിടിച്ച് തെരഞ്ഞെടുപ്പില്‍ നിന്ന് ഒളിച്ചോടുന്നത്.
മുന്‍ധാരണയുണ്ടാക്കിയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സര്‍വകക്ഷിയോഗത്തിന് എത്തിയത്. തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുന്നതുകൊണ്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ രാജിലേക്ക് നീങ്ങും. വികസന പ്രവര്‍ത്തനത്തെ പിന്നോട്ടടിപ്പിക്കും. ഇക്കാര്യത്തില്‍ പുനഃപരിശോധന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: